സൗദി കമ്പനിയിലെ തൊഴിലാളികൾക്ക് നിയമ സഹായം നൽകണം - ഇന്ത്യൻ എംബസിയോട് കേരള ഹൈക്കോടതി
text_fieldsറിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ കമ്പനിയിൽ നിന്നും 2020-21 കാലഘട്ടത്തിൽ സൗദി തൊഴിൽ നിയമ മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്താക്കപ്പെട്ട ഇന്ത്യൻ തൊഴിലാളികൾക്ക് തങ്ങളുടെ സേവന ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ട നിയമസഹായം നൽകണമെന്ന് ഇന്ത്യൻ എംബസിയോട് കേരള ഹൈക്കോടതി ആവശ്യപ്പെട്ടു. പിരിച്ചുവിടപ്പെട്ട അഞ്ച് തൊഴിലാളികൾ ചേർന്ന് പ്രവാസി ലീഗൽ സെല്ലിന്റെ സഹായത്തോടെ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്.
കേരളത്തിൽ നിന്നുള്ള 140 ഓളം തൊഴിലാളികളാണ് കോവിഡ് കാലത്ത് നിയമം ലംഘിച്ച് പിരിച്ചുവിടപ്പെട്ടത്. രണ്ടു മാസത്തിനകം സർവീസ് ആനുകൂല്യങ്ങൾ നൽകാമെന്ന് കമ്പനി ഉറപ്പ് നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. തുടർന്ന് തൊഴിലാളികൾ എൻ.ആർ.ഐ കമ്മിഷൻ (കേരളം) സമീപിച്ചെങ്കിലും എംബസിയിൽ നിന്നും സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയൽ രേഖകൾ ഇല്ലെന്ന കാരണം പറഞ്ഞു കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് തൊഴിലാളികൾ കേരള ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്.
2025 ആഗസ്റ്റ് 21 നു വന്ന വിധിയിൽ തൊഴിലാളികളുടെ ദുരവസ്ഥ കോടതി അംഗീകരിക്കുകയും, അവരുടെ പരാതികൾ ഇന്ത്യൻ എംബസി, സൗദി വിദേശകാര്യ മന്ത്രാലയത്തിലേക്ക് കൈമാറിയിട്ടുണ്ടെന്ന് രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ, തൊഴിലുടമ സൗദി കമ്പനിയായതിനാൽ തുടർന്നുള്ള നടപടി സൗദി സർക്കാരിന്റെയും തൊഴിൽ അധികാരികളുടെയും പരിധിയിലാണ് വരുന്നതെന്ന് കോടതി വ്യക്തമാക്കി. എന്നാൽ തടയപ്പെട്ട സേവന ആനുകൂല്യങ്ങൾക്കായി തൊഴിലാളികൾ സൗദി തൊഴിൽ മന്ത്രാലയത്തെ സമീപിക്കുന്ന പക്ഷം സൗദിയിലെ ഇന്ത്യൻ എംബസി ആവശ്യമായ എല്ലാ സഹായവും നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
വിദേശ രാജ്യങ്ങളിൽ ആ നാട്ടിലെ തൊഴിൽ നിയമലംഘനത്തിന് വിധേയരാകുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് വേണ്ട നിയമസഹായം ദീർഘകാലമായി കൊടുത്തുകൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനയാണ് പ്രവാസി ലീഗൽ സെൽ. ഈ വിഷയത്തെ ആസ്പദമാക്കി 2025 ജൂൺ 28-ന് തിരുവനന്തപുരത്ത് വിശിഷ്ടാതിഥികൾ പങ്കെടുത്ത ഒരു പാനൽ ചർച്ചയും ഓപ്പൺ ഫോറവും പ്രവാസി ലീഗൽ സെൽ സംഘടിപ്പിച്ചിരുന്നു. 'ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ വേതന മോഷണം: നിയമപരവും ഭരണപരവും നയതന്ത്രപരവുമായ വെല്ലുവിളികൾ' എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ തിരുവനന്തപുരം പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്‌സ് ശശാങ്ക് ത്രിവേദി, മുൻ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ പി മോഹനദാസ്, കുടിയേറ്റ പഠന വിദഗ്ദ്ധൻ പ്രൊഫ. ഇരുദയരാജൻ, ലീഗൽ സർവ്വീസസ് അതോറിറ്റി അംഗം സെക്രട്ടറി എസ് ഷംനാദ്, സുപ്രീം കോടതി അഭിഭാഷകൻ ജോസ് അബ്രഹാം എന്നിവർ പങ്കെടുത്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.