കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിന് തുടക്കം
text_fieldsമത്സരത്തിൽ നിന്ന്
മക്ക: 45ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിന് തുടക്കം. മക്ക മസ്ജിദുൽ ഹറാമിൽ ഒരുക്കിയ വേദിയിൽ മത്സരത്തിന്റെ ഉദ്ഘാടനം മതകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് നിർവഹിച്ചു.
ഖുർആനെ സേവിക്കുന്നതിനും അതിന്റെ വാഹകരെ ബഹുമാനിക്കുന്നതിനും സൗദിക്ക് ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മതകാര്യ മന്ത്രി പറഞ്ഞു. അബ്ദുൽ അസീസ് രാജാവിന്റെ കാലം മുതൽ സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും കാലം വരെ അത് തുടരുന്നു.
ഭൂമിയിലെ ഏറ്റവും പുണ്യസ്ഥലത്ത് ഖുർആൻ മനഃപാഠം, പാരായണം, വ്യാഖ്യാനം എന്നിവയിൽ വൈദഗ്ദ്യം നേടുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന ഈ അഭിമാനകരമായ മത്സരം സംഘടിപ്പിക്കുന്നതിൽ മതകാര്യ മന്ത്രാലയം അഭിമാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തവരെയും പങ്കാളികളെയും അദ്ദേഹം സ്വാഗതം ചെയ്തു. മത്സരത്തിൽ 128 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 179 പേരാണ് പങ്കെടുക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് മത്സരം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന എണ്ണമാണ് ഇത്തവണത്തേത്. യോഗ്യത മത്സരങ്ങൾ ആറു ദിവസം രാവിലെയും വൈകുന്നേരവുമായി രണ്ടു സെഷനുകളായാണ് നടക്കുന്നത്. ആദ്യ ദിവസം 14 മത്സരാർഥികളുടെ പാരായണമാണ് നടന്നത്. അന്താരാഷ്ട്ര ജഡ്ജിമാരുടെ ഒരു സംഘമാണ് മത്സരം വിലയിരുത്തുന്നത്.
അഞ്ച് വ്യത്യസ്ത ശാഖകളിലായി നടക്കുന്ന മത്സരത്തിന്റെ മൊത്തം സമ്മാന തുക 40 ലക്ഷത്തിലധികം റിയാൽ വരും. ഒന്നാം വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്നയാൾക്ക് അഞ്ചു ലക്ഷം റിയാൽ ലഭിക്കും. ശേഷിക്കുന്ന സമ്മാനങ്ങൾ കൃത്യമായ വിധിനിർണയ മാനദണ്ഡങ്ങൾക്കനുസരിച്ച് മറ്റു വിജയികൾക്കിടയിൽ വിതരണം ചെയ്യും. സൗദി മതകാര്യ വകുപ്പാണ് മത്സരത്തിന് നേതൃത്വം നൽകുന്നത്.
ഖുർആൻ മനഃപാഠമാക്കിയും ചിന്തിച്ചും മനസ്സിലാക്കിയും അത് സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുക, ഖുർആൻ മനഃപാഠമാക്കുന്നവർക്കിടയിൽ ന്യായമായ മത്സര മനോഭാവം വളർത്തുക, ഖുർആനിനോടുള്ള തുടർച്ചയായ സൗദി അറേബ്യ പ്രതിബദ്ധത എടുത്തുകാണിക്കുക എന്നതാണ് അന്താരാഷ്ട്ര തലത്തിൽ അറിയപ്പെട്ട ഏറ്റവും വലിയ ഖുർആൻ പാരായാണ മത്സരത്തിലൂടെ സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.