സൽമാൻ രാജാവിന്‍റെ ‘ഖാദിമുൽ ഹറമൈൻ റമദാൻ പദ്ധതി’ക്ക് തുടക്കം
text_fieldsസൽമാൻ രാജാവിെൻറ ‘ഖാദിമുൽ ഹറമൈൻ റമദാൻ പദ്ധതി’യുടെ ഔപചാരികമായ ഉദ്ഘാടനം സൗദി ഇസ്ലാമിക് അഫയേഴ്സ്, ദഅ്വ ആൻഡ് ഗൈഡൻസ് മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് അൽ ആലുശൈഖ് നിർവഹിക്കുന്നു
റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ നിർദേശപ്രകാരം 102 രാജ്യങ്ങളിലേക്ക് ഈത്തപ്പഴവും 45 രാജ്യങ്ങളിലേക്ക് വിശുദ്ധ ഖുർആനും അയക്കുന്നതും 61 രാജ്യങ്ങളിൽ നോമ്പുതുറ ഒരുക്കുന്നതുമായ വിപുലമായ ‘ഖാദിമുൽ ഹറമൈൻ റമദാൻ പദ്ധതി’ക്ക് തുടക്കം. റിയാദിൽ സംഘടിപ്പിച്ച ചടങ്ങിൽ സൗദി ഇസ്ലാമിക് അഫയേഴ്സ്, ദഅ്വ ആൻഡ് ഗൈഡൻസ് മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് അൽ ആലുശൈഖ് ഉദ്ഘാടനം നിർവഹിച്ചു.
ഭരണനേതൃത്വത്തിെൻറ നിർദേശപ്രകാരം ആഗോളതലത്തിൽ മുസ്‌ലിംകളെ പിന്തുണയ്ക്കാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയാണ് ഈ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് ഉദ്ഘാടനചടങ്ങിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി ആലുശൈഖ് പറഞ്ഞു. ഇസ്‌ലാമിക ഐക്യദാർഢ്യം ശക്തിപ്പെടുത്തുന്നതിലും മതപരമായ അവബോധം പ്രോത്സാഹിപ്പിക്കുന്നതിലും ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്ക് അനുഗ്രഹീത മാസത്തിൽ ആത്മീയവും ഭൗതികവുമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും ഈ പരിപാടികൾക്കുള്ള പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
വിവിധപ്രദേശങ്ങളിലുള്ള മുസ്ലീങ്ങൾക്ക് വിശുദ്ധ ഗ്രന്ഥപാരായണം സാധ്യമാക്കാൻ 45 രാജ്യങ്ങളിലേക്ക് വിശുദ്ധ ഖുർആെൻറ 12 ലക്ഷം കോപ്പികൾ അയക്കും. അതിനിടയിൽ ഈത്തപ്പഴം അയക്കുന്നത് ഈ വർഷം 102 രാജ്യങ്ങളിലായി 700 ടണ്ണായി ഉയർത്തും. മുൻവർഷം 200 ടണ്ണാണ് അയച്ചിരുന്നത്. കൂടാതെ 61 രാജ്യങ്ങളിൽ റമദാനിലെ മുഴുവൻ ദിവസവും നോമ്പുതുറ (ഇഫ്താർ) പരിപാടികളൊരുക്കും. ഇത്രയും രാജ്യങ്ങളിൽ 10 ലക്ഷത്തിലേറെ ആളുകൾക്കാണ് നോമ്പുതുറ ഒരുക്കുക. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ അതാതിടങ്ങളിലെ ഭരണകൂടങ്ങളുടെ സഹകരണത്തോടെ സൗദി എംബസികളാണ് പദ്ധതികൾ നടപ്പാക്കുക.
വിവിധ രാജ്യങ്ങളിലെ വ്രതകാല ആരാധനകളുടെ അനുഭവം സമ്പന്നമാക്കാൻ മന്ത്രാലയം 46 ഇമാമുമാരെ 22 രാജ്യങ്ങളിലേക്ക് അയക്കും. അവിടങ്ങളിൽ അവർ തറാവീഹിനും റമദാൻ പ്രാർത്ഥനക്കും നേതൃത്വം നൽകും. കൂടാതെ, 16 പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ വിശുദ്ധ ഖുർആൻ മനഃപാഠവും ഹദീസ് പഠനവും സംബന്ധിച്ചുള്ള മത്സരങ്ങൾ സംഘടിപ്പിക്കും. ഖുർആൻ മനഃപാഠത്തിലൂടെയും പാരായണത്തിലൂടെയും തങ്ങളുടെ വിശ്വാസവുമായി കൂടുതൽ അടുക്കാൻ യുവ മുസ്ലീങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാവും ഇത്. ഇസ്‌ലാമിക അധ്യാപനങ്ങളും അവബോധവും പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രാലയം 2,26,937 വ്യക്തിഗത പ്രബോധന പ്രവർത്തനങ്ങളും 238 ഓൺലൈൻ പ്രബോധന പരിപാടികളും സംഘടിപ്പിച്ചെന്നും മന്ത്രി ആലുശൈഖ് വ്യക്തമാക്കി. 30 വീഡിയോ പരിപാടികളും 30 മോഷൻ ഗ്രാഫിക് ഫിലിമുകളും 120 ഡിജിറ്റൽ കണ്ടൻറുകളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, റമദാൻ മാസത്തിൽ വ്രതാനുഷ്ടാനവും മതപരമായ മറ്റ് വിഷയങ്ങളും ഉൾപ്പെടുത്തിയുള്ള 28 വെർച്വൽ പ്രഭാഷണങ്ങൾ സംഘടിപ്പിക്കും.
ഹജ്ജ്, ഉംറ, മദീന സന്ദർശനം എന്നിവയ്‌ക്കായുള്ള ഇസ്‌ലാമിക അവബോധന സേവനങ്ങളും റമദാനിൽ നടത്തും. 70 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് ഇങ്ങനെ 23.4 ദശലക്ഷം സേവനങ്ങൾ ലഭിക്കും. അതേസമയം, 30 ദശലക്ഷം ഗൈഡൻസ് സ്ലൈഡുകൾ, റമദാൻ കലണ്ടറിെൻറ 70,000 ഡിജിറ്റൽ കോപ്പികൾ, ഓൺലൈനിൽ ലഭ്യമായ 80,000 ഡിജിറ്റൽ പുസ്തകങ്ങൾ എന്നിവ ഉപയോഗിച്ച് ഡിജിറ്റൽ സംരംഭങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. വിവിധ പശ്ചാത്തലങ്ങളിൽനിന്നുള്ള തീർത്ഥാടകരെ സേവിക്കുന്നതിനായി ഒമ്പത് ഭാഷകളിലേക്ക് വിവർത്തനം ചെയ്ത പുസ്തകങ്ങളും ബ്രോഷറുകളും ഉൾപ്പെടെ 25 ലക്ഷം അച്ചടിച്ച സാമഗ്രികളും മന്ത്രാലയം ഉംറ സന്ദർശകർക്കായി പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സൽമാൻ രാജാവിന്‍റെ റമദാൻ സമ്മാനം
റിയാദ്: റമദാനിൽ ‘ഹദിയത്തു ഖാദിമുൽ ഹറമൈൻ പ്രോഗ്രാമി’ന് കീഴിൽ 45 രാജ്യങ്ങളിൽ 12 ലക്ഷം മുസ്ഹഫുകൾ വിതരണം ചെയ്യും. ഇതിനുള്ള അനുതി സൽമാൻ രാജാവ് നൽകി. ഖുർആന്റെ 79 ഭാഷകളിലുള്ള പരിഭാഷകളും വിതരണം ചെയ്യും. സൗദി ഇസ്‌ലാമിക കാര്യവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
വിവിധ രാജ്യങ്ങളിലെ ഇസ്‌ലാമിക, സാംസ്കാരിക കേന്ദ്രങ്ങളും സൗദി എംബസികളിലെ മതകാര്യ വകുപ്പുകളും വഴി മുസ്ഹഫുകൾ വിതരണം ചെയ്യും. ലോകത്തിലെ ഏറ്റവും മികവുറ്റ രീതിയിൽ അച്ചടിച്ച മുസ്ഹഫുകളാണ് വിതരണം ചെയ്യുകയെന്ന് മതകാര്യവകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് പറഞ്ഞു.
ലോകമെമ്പാടുമുള്ള മുസ്‌ലിംകളെ ഖുർആൻ പ്രയോജനപ്പെടുത്താനും അതിന്റെ പ്രചരണത്തിനും പ്രാപ്തരാക്കുന്ന സൗദി ഭരണകൂട താൽപര്യത്തിന്റെ ഭാഗമാണ് ഈ പ്രോഗ്രാമെന്ന് മതകാര്യ മന്ത്രി പറഞ്ഞു. വിവിധ രാജ്യങ്ങളിലെ മുസ്ലിംകളോടു കാണിക്കുന്ന താൽപര്യത്തിനും ഉദാരതക്കും സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മതകാര്യ മന്ത്രി നന്ദിയും അഭിനന്ദനവും അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.