സൽമാൻ രാജാവിന്റെ ദർശനം പൂർണമായും നടപ്പാക്കും -ഗൾഫ് ഉച്ചകോടി
text_fieldsബഹ്റൈനിൽ നടന്ന ഗൾഫ് ഉച്ചകോടിയിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
റിയാദ്: ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യണമെന്ന സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ കാഴ്ചപ്പാടിന് അനുസൃതമായി നീങ്ങാൻ ബഹ്റൈനിൽ ചേർന്ന 46-ാമത് ജി.സി.സി ഉച്ചകോടിയിൽ തീരുമാനം. 2015 ഡിസംബറിൽ നടന്ന 36ാമത് ഉച്ചകോടിയിൽ ജി.സി.സി സുപ്രീം കൗൺസിൽ അംഗീകരിച്ച സംയുക്ത ഗൾഫ് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സൽമാൻ രാജാവ് മുന്നോട്ടുവെച്ച ദർശനം പൂർണമായും നടപ്പാക്കുമെന്ന് മനാമയിലെ ഉച്ചകോടിക്ക് സമാപനം കുറിച്ചുകൊണ്ട് സുപ്രീം കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
സുഡാനിലെ ആഭ്യന്തരസംഘർഷം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ നടക്കുന്ന ശ്രമങ്ങളിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തുന്ന ശ്രമങ്ങളെ കൗൺസിൽ പ്രശംസിച്ചു. കഴിഞ്ഞ നവംബറിൽ വാഷിംഗ്ടൺ സന്ദർശനത്തിനിടെ സുഡാനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ശാശ്വത സ്ഥിരത കൈവരിക്കുന്നതിനും നിലവിലുള്ള സംഘർഷം പരിഹരിക്കുന്നതിനും അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയമാണ്. ഇക്കാര്യത്തിൽ സൗദി, യു.എ.ഇ, ഈജിപ്ത്, മധ്യപൗരസ്ത്യ മേഖലയിലെ മറ്റ് രാജ്യങ്ങൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യപ്പെടുന്നതായി യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തെയും സുപ്രീം കൗൺസിൽ സ്വാഗതം ചെയ്തു.
ജി.സി.സി രാജ്യങ്ങളിലെ പൗരന്മാരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും ജി.സി.സി രാജ്യങ്ങൾക്കെതിരായ ഏതൊരു ഭീഷണിയെയും നേരിടുന്നതിനും സഹകരണ കൗൺസിലിന്റെ ശക്തിക്കും ഐക്യത്തിനും അംഗങ്ങളുടെ ഐക്യത്തിനും എല്ലാ മേഖലകളിലും കൂടുതൽ ഏകോപനം, സംയോജനം, പരസ്പരാശ്രിതത്വം എന്നിവ കൈവരിക്കുന്നതിനുമുള്ള പ്രതിബദ്ധത സുപ്രീം കൗൺസിൽ ആവർത്തിച്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

