കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ കോഴിക്കോട്ട് പ്രഖ്യാപിച്ചു; അഹമദ് പാളയാട്ട് പ്രസിഡൻറ്
text_fieldsജിദ്ദ: ഒടുവിൽ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. സംഘടന തെരെഞ്ഞെടുപ്പ് പൂർത്തിയാക്കാനാകാതെ, ഭാരവാഹി പ്രഖ്യാപനം അനിശ്ചിതമായ നീണ്ടുപോകുന്നതിനിടെയാണ് സംസ്ഥാന കമ്മിറ്റിയുടെ ഇടപെടൽ. അഹമ്മദ് പാളയാട്ടാണ് പ്രസിഡൻറ്. അബൂബക്കർ അരിമ്പ്ര ജനറൽ സെക്രട്ടറി. ട്രഷററായി അൻവർ ചേരങ്കൈയെയും ചെയർമാനായി നിസാം മമ്പാടിനെയും തെരഞ്ഞെടുത്തു. പ്രമുഖരിൽ പലരും സ്ഥാനമുറപ്പിച്ചെങ്കിലും ഇരുപക്ഷത്തും അതൃപ്തി ബാക്കിയാണ്. പുതിയ കമ്മിറ്റി രൂപവത്കരിക്കാനായി കഴിഞ്ഞ മേയ് 12 ന് ചേർന്ന സെൻട്രൽ കമ്മിറ്റി കൗൺസിൽ യോഗം അലസിപ്പിരിഞ്ഞതിനെ തുടർന്നാണ് സംസ്ഥാന ഘടകത്തിെൻറ ഇടപെടൽ ആവശ്യമായി വന്നത്.
അന്നത്തെ യോഗത്തിൽ ഇരുവിഭാഗങ്ങളായി അംഗങ്ങളെ കമ്മിറ്റിയിൽ തിരുകി കയറ്റാൻ മുതിർന്നത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സമവായത്തിലൂടെ കമ്മിറ്റി രൂപവത്കരിക്കുന്നതിെൻറ ഭാഗമായി ജംബോ കമ്മിറ്റി ഉണ്ടാക്കാൻ നടത്തിയ ശ്രമമാണ് തെറിവിളിയിലും അടിപിടിയിലും എത്തിയത്. തുടർന്ന് നിലവിലെ കമ്മിറ്റിയോട് തുടരാനും റമദാന് ശേഷം കൗൺസിൽ വീണ്ടും വിളിച്ചുചേർക്കാനും മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി നിർദേശിച്ചു. പ്രശ്നം പരിഹരിക്കാൻ നാലംഗ സമിതിയെ ചുമലതപ്പെടുത്തുകയും ചെയ്തു. നാഷണൽ കമ്മിറ്റി ഭാരവാഹികളായ അശ്റഫ് വേങ്ങാട്ട്, ഇബ്രാഹീം മുഹമ്മദ്, കുഞ്ഞിമോൻ കാക്കിയ, അടുത്തിടെ നിര്യാതനായ ഹാഷിം എൻജിനീയർ എന്നിവർക്കായിരുന്നു ദൗത്യം. ഇവർ ഇരുപക്ഷമായും ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ നീണ്ടുപോയി.
അതിനിടെയാണ് ഇരു വിഭാഗങ്ങളുടെയും ആവശ്യങ്ങൾ കേട്ട് സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചത്. പുതിയ കമ്മിറ്റിയിൽ സി.കെ റസാഖ്, ഇസ്മായിൽ മുണ്ടക്കുളം, വി.പി മുസ്തഫ, അബ്്ദുറഹ്മാൻ വെള്ളിമാട്കുന്ന്, പി.സി.എ റഹ്‌മാൻ, എ.കെ മുഹമ്മദ്, അബ്്ദുല്ല പാലേരി എന്നിവർ വൈസ് പ്രസിഡൻറുമാരും സി.സി കരീം, ലത്തീഫ് മുസ്ലിയാരങ്ങാടി, നാസർ മച്ചിങ്ങൽ, അസീസ് കോട്ടോപ്പാടം, ശിഹാബ് താമരക്കുളം, ഇസ്ഹാഖ് പൂണ്ടോളി , ഷൗക്കത് ഒഴുകൂർ സെക്രട്ടറിമാരുമാണ്. സംസ്ഥാന നേതാക്കളെ സ്വാധീനിച്ച് അനർഹരായ, പഞ്ചായത്തിൽ പോലും പ്രമുഖസ്ഥാനം വഹിക്കാത്ത വരെ പുതിയ കമ്മിറ്റിയിൽ കയറ്റിയതായി മുതിർന്ന അംഗം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ജിദ്ദയിൽ വരുന്ന നേതാക്കളെ സ്വാധീനിച്ചാണ് ഇവർ കയറിക്കൂടിയത്. ഇത് നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ അംഗങ്ങളുടെ മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ പ്രമുഖ നേതാക്കളെ ഉൾപ്പെടുത്താത്തതും അമർഷം സൃഷ്ടിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ഇൗതരത്തിൽ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.