കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റ് കലാശപ്പോര് വെള്ളിയാഴ്ച
text_fieldsകെ.എം.സി.സി റിയാദ് ഫുട്ബാൾ സംഘാടകർ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
റിയാദ്: ദിറാബ് ദുറത്ത് അൽ മലാബ് സ്റ്റേഡിയത്തിൽ കഴിഞ്ഞ രണ്ട് മാസക്കാലമായി നടന്നു വരുന്ന കെ.എം.സി.സി ഗ്രാന്റ് ഹൈപ്പർ, അൽറയാൻ പോളിക്ലിനിക്ക് സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ കലാശപോരാട്ടം വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ആറ് മണിക്ക് മത്സരങ്ങളും ചടങ്ങുകളും ആരംഭിക്കും. ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കറും അറബ് ഡ്രീമ്സ് ബ്ലാക് ആൻഡ് വൈറ്റ് സഫ മക്ക റെയിൻബോ ടീമും തമ്മിലാണ് സൂപ്പർ കപ്പ് ഫൈനലിൽ മാറ്റുരക്കുക. അതോടൊപ്പം കെ.എം.സി.സി കപ്പ് ഫൈനലിൽ പാരജോൺ കോഴിക്കോട് ജില്ല കെ.എം.സി.സി ടീം പാലക്കാട് ജില്ല കെ.എം.സി.സി ടീമിനെ നേരിടും.
സംഘാടനം കൊണ്ടും ജനബാഹുല്യം കൊണ്ടും ശ്രദ്ധേയമായ ടൂർണമെന്റിനാണ് കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നേതൃത്വം നൽകിയത്. വാശിയേറിയ രണ്ട് ടൂർണമെന്റുകളാണ് സൂപ്പർ കപ്പിൽ നടന്നത്. റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനിൽ ഫസ്റ്റ് ഡിവിഷൻ വിഭാഗത്തിൽ കളിക്കുന്ന എട്ട് ക്‌ളബ്ബുകൾ മാറ്റുരച്ച ടൂർണമെന്റിനോടൊപ്പം കെ.എം.സി.സിയുടെ എട്ട് ജില്ലാ കമ്മിറ്റികൾ പങ്കെടുത്ത ടൂർണമെന്റുമാണ് വലിയ ആവേശത്തോടെ നടന്നത്. ഇന്ത്യൻ ദേശീയ താരങ്ങൾ ഉൾപ്പടെ ഐ ലീഗ്, സന്തോഷ് ട്രോഫി തുടങ്ങിയ ടൂർണമെന്റുകളിൽ ഇന്ത്യയിലെ വിവിധ ക്‌ളബ്ബുകൾക്ക് വേണ്ടി ജഴ്സിയണിഞ്ഞ രണ്ട് ഡസനിലധികം താരങ്ങളാണ് വിവിധ ടീമുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞത്. ഖത്തർ, യു.എ.ഇ, ബഹ്‌റൈൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി കളിക്കാർ ഉൾപ്പടെ നാനൂറിലധികം കളിക്കാരാണ് കഴിഞ്ഞ രണ്ട് മാസം നീണ്ടുനിന്ന ടൂർണമെന്റിൽ വിവിധ ടീമുകൾക്ക് വേണ്ടി കളത്തിലിറങ്ങിയത്.
മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, രാജ്യസഭാ അംഗവും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. ഹാരിസ് ബീരാൻ എം.പി, ചന്ദ്രിക പത്രാധിപരും ഇന്റർനാഷനൽ സ്‌പോർട്സ്
ജേർണലിസ്റ്റുമായ കമാൽ വരദൂർ, ദളിത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി ബാബു, കെ.എം.സി.സി ദുബൈ പ്രസിഡന്റും ഗ്രാന്റ് ഹൈപ്പർ മാർക്കറ്റ് മാനേജിംഗ് ഡയറക്ടറുമായ ഡോ. അൻവർ അമീൻ, അൽറയാൻ പോളിക്ലിനിക് മാനേജിംഗ് ഡയറക്ടർ വി.പി മുഹമ്മദലി, കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ചെയർമാൻ ഖാദർ ചെങ്കള, റിയാദിലെ വിവിധ സാമൂഹ്യ,
സാംസ്കാരിക, ബിസിനസ് രംഗത്തെ പ്രമുഖർ എന്നിവർ ഫൈനൽ മത്സരത്തിൽ സംബന്ധിക്കും. വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും ഉൾപ്പടെ കലാശപ്പോരാട്ടത്തിനുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്നും ശീതീകരിച്ച പവലിയൻ ഉൾപ്പടെ ആയിരങ്ങൾക്ക് കളി കാണുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. ഫുട്ബാൾ സംഘാടകസമിതി ജനറൽ കൺവീനർ ശുഐബ് പനങ്ങാങ്ങര, ചീഫ് കോഓർഡിനേറ്റർ മുജീബ് ഉപ്പട, ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, വൈസ് പ്രസിഡന്റ് അഡ്വ. അനീർ ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.