ഏഴുവർഷത്തെ തടവുശിക്ഷയ്ക്കിടെ രോഗബാധ: കൊല്ലം സ്വദേശി റിയാദിൽ മരിച്ചു
text_fieldsറിയാദ്: വാഹനത്തിൽ നിരോധിത വസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് സൗദി അറേബ്യയിൽ ഏഴുവർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന മലയാളി പ്രവാസി രോഗബാധയെത്തുടർന്ന് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സജീദ് ജമാലുദ്ധീൻ (42) ആണ് റിയാദിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
എട്ടുവർഷത്തോളമായി സൗദി അറേബ്യയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന സജീദ്, 2024 ഒക്ടോബറിലാണ് റിയാദിൽ വെച്ച് വാഹനപരിശോധനയ്ക്കിടെ നിരോധിത വസ്തുക്കൾ കൈവശം വച്ചെന്ന ആരോപണത്തിൽ അറസ്റ്റിലായത്. തുടർന്ന് കേസിൽ നിരപരാധിത്വം തെളിയിക്കാൻ സാധിക്കാതെ വന്നതോടെ കോടതി ഇദ്ദേഹത്തിന് ഏഴുവർഷത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു.
ശിക്ഷാകാലയളവിൽ ഒരു വർഷം പിന്നിട്ടതോടെ ജയിലിൽ വെച്ച് രക്തം ഛർദിച്ച സജീദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കരൾ അർബുദമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് റിയാദ് കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് അവസാന രണ്ടു മാസത്തോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
അമ്മയും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സജീദിന് പ്രവാസത്തിനിടെ അപ്രതീക്ഷിതമായി നേരിട്ട തടവുശിക്ഷയും മാരകരോഗവും ജീവിതത്തിൽ വലിയ തിരിച്ചടിയാകുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം വൈസ് ചെയർമാൻ നാസർ പൊന്നാനിയുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. ഇതിനാവശ്യമായ സാമ്പത്തിക സഹായം റിയാദിലെ ഇന്ത്യൻ എംബസി ലഭ്യമാക്കി. നടപടികൾ പൂർത്തിയായ മൃതദേഹം ദമ്മാം വഴി നാട്ടിലേക്ക് അയക്കും.

