നിരോധനം നീങ്ങി; സൗദി വനിതകൾ വാഹനവുമായി ഇറങ്ങി
text_fieldsജിദ്ദ: ഒടുവിൽ ആ ദിവസം എത്തി. ജൂൺ 24 െൻറ ആദ്യ മിനിറ്റുകളിൽ അർധരാത്രിയിൽ സൗദിയിലെ നിരത്തുകൾ പൊടുന്നനെ ശബ്ദമുഖരിതമായി. വൻ നഗരങ്ങളിലെ റോഡുകളിൽ വലിയ ആഘോഷത്തോടെ വനിതകൾ വാഹനവുമായി ഇറങ്ങി. ട്രാഫിക് പൊലീസും മറ്റ് സർക്കാർ സംവിധാനങ്ങളും വഴി നീളെ അവർക്ക് ആശംസകളുമായി നിരന്നു. വനിതകൾ ഒാടിച്ചുവരുന്ന ഒാരോ വാഹനവും നിർത്തിച്ച് മംഗളാശംസകൾ നേരുകയും പൂച്ചെണ്ടുകൾ കൈമാറുകയും ചെയ്തു. വനിതകളുടെ ഡ്രൈവിങ്ങിന് ദശകങ്ങൾ തുടർന്ന നിരോധനം അങ്ങനെ സൗദി അറേബ്യയിൽ പഴങ്കഥയായി.
സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും ആധുനികവത്കരണ നയങ്ങളിൽ സുപ്രധാനമായിരുന്നു വനിതകളുടെ ഡ്രൈവിങ്ങിനുള്ള നിയന്ത്രണം ഒഴിവാക്കുകയെന്നത്. മഹത്തായ നേട്ടമാണിതെന്ന് രാജകുടുംബാംഗവും ശതകോടീശ്വരനുമായ അമീർ വലീദ് ബിൻ തലാൽ പ്രതികരിച്ചു. മകൾ റീം ഒാടിക്കുന്ന കാറിൽ പേരക്കുട്ടികൾക്കൊപ്പം റിയാദ് നഗരത്തിൽ യാത്ര ചെയ്യുന്ന വീഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.
അരലക്ഷത്തിലേറെ വനിതകൾ ഇതുവരെ ഡ്രൈവിങ് ലൈസൻസ് സമ്പാദിച്ചുകഴിഞ്ഞതായാണ് വിവരം. 2020 ഒാടെ 30 ലക്ഷം വനിതകൾ വാഹനമോടിക്കുമെന്ന് സർവേ ഏജൻസികൾ പ്രവചിക്കുന്നു. വനിതകൾ വാഹനമോടിച്ച് തുടങ്ങുന്നതോടെ ഹൗസ് ൈഡ്രവർമാരുടെ തൊഴിൽ സാധ്യതകളും കുറയും. മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് വിദേശികളാണ് സൗദി കുടുംബങ്ങളിൽ ഹൗസ് ഡ്രൈവർമാരായി ജോലി ചെയ്യുന്നത്. വിവിധ തൊഴിൽ മേഖലകളിലെ സ്വദേശിവത്കരണത്താൽ പ്രതിസന്ധിയിലായ പ്രവാസരംഗത്തെ ഇതെങ്ങനെ ബാധിക്കുമെന്നത് വരും മാസങ്ങളിൽ കണ്ടറിയാം.
നിലവിൽ 90 ലക്ഷം വനിതകളാണ് സൗദിയിൽ ലൈസൻസ് ലഭിക്കാവുന്ന പ്രായപരിധിക്കുള്ളിലുള്ളത്. 60 ലക്ഷവും ലൈസൻസിനായി ഇപ്പോഴല്ലെങ്കിൽ അധികം വൈകാതെ തന്നെ അപേക്ഷിക്കുമെന്നും കരുതപ്പെടുന്നു. വനിതകളെ ഡ്രൈവ് ചെയ്യാൻ അനുവദിക്കുന്നതുവഴി രാജ്യത്തിെൻറ ധനകാര്യ മേഖലയിൽ 2030 ഒാടെ 90 ശതകോടി ഡോളറിെൻറ അധിക വരവ് ഉണ്ടാകുമെന്ന് ബ്ലൂംബർഗ് പ്രവചിക്കുന്നു.
ഇൗ തീരുമാനം തങ്ങളുടെ ജീവിതം മാറ്റിമറിക്കുമെന്ന് ബഹുഭൂരിപക്ഷം വനിതകളും ചിന്തിക്കുന്നതായി ഇതുസംബന്ധിച്ച് നടത്തിയ സർവേകൾ സൂചിപ്പിക്കുന്നു. ബജറ്റ് മോഡലുകൾ തന്നെയാണ് സൗദി വനിതകൾക്കും പ്രിയം. കാറിനായി 40,000 റിയാൽ വരെ ചെലവാക്കാൻ സന്നദ്ധരാണെന്ന് 44 ശതമാനവും പറയുന്നു. മീഡിയം സൈസ് സെഡാനുകൾക്കും ആവശ്യക്കാരുണ്ട്. ടൊയോട്ട, ബി.എം.ഡബ്ല്യു, ജീപ്പ് ബ്രാൻഡുകളാണ് ഇഷ്ട ബ്രാൻഡുകൾ. 29 ശതമാനം പേരുടെയും ഇഷ്ട നിറം കറുപ്പാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.