അൽഷൈമേഴ്സിനുള്ള സൗദിയിലെ ആദ്യ അംഗീകൃത മരുന്നായി ‘ലെക്കനെമാബ്’
text_fieldsഅൽഖോബാർ: സൗദി അറേബ്യയിൽ അൽഷൈമേഴ്സ് രോഗത്തിനുള്ള ചികിത്സക്ക് ആദ്യമായി അംഗീകാരം. രോഗബാധയുടെ പ്രാരംഭ ഘട്ടത്തിലുള്ള ചികിത്സക്ക് ‘ലെക്കനെമാബ്’ (lecanemab) എന്ന പുതിയ ആന്റിബയോട്ടിക് മരുന്ന് ഉപയോഗിക്കാൻ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ) ഔദ്യോഗിക അംഗീകാരം നൽകി. രാജ്യത്ത് അൽഷൈമേഴ്സ് രോഗത്തിന് അങ്ങനെ ആദ്യത്തെ അംഗീകൃത ചികിത്സാമാര്ഗമാണിത്.
നേരിയ വൈജ്ഞാനിക വൈകല്യങ്ങൾ, ഡിമെൻഷ്യ ലക്ഷണങ്ങൾ, അൽഷൈമേഴ്സുമായി ബന്ധപ്പെട്ട ജീനുകൾ കാണപ്പെടുക തുടങ്ങിയ പ്രാരംഭഘട്ടത്തിലുള്ളവർക്കാണ് ഈ ചികിത്സ ഉപയോഗിക്കാൻ അനുമതിയുള്ളത്. എസ്.എഫ്.ഡി.എ പുറത്തുവിട്ട വിശദീകരണം അനുസരിച്ച് ‘ലെക്കനെമാബ്’ എന്നത് മോണോക്ലോണൽ ആന്റിബോഡി സാങ്കേതികതയെ അടിസ്ഥാനമാക്കിയുള്ള ബയോളജിക് തെറാപ്പിയാണ്. ഇതിന്റെ പ്രവർത്തനം തലച്ചോറിൽ അൽഷൈമേഴ്സ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളായ അമിലോയിഡ്-ബീറ്റാ പ്രോട്ടീൻ പ്ലാക്കുകൾ ലക്ഷ്യമാക്കി അതിനെ കുറക്കുകകയാണ് ചെയ്യുന്നത്. ഇതുവഴി രോഗലക്ഷണ പുരോഗതിയെ മന്ദഗതിയിലാക്കാൻ സാധിക്കുന്നു. രോഗിക്ക് ഓരോ രണ്ട് ആഴ്ചകൊണ്ടും ഇൻട്രാവനസ് ഇൻഫ്യൂഷൻ വഴിയാണ് മരുന്ന് നൽകുന്നത്.
മരുന്നിന്റെ ഫലപ്രാപ്തി, സുരക്ഷിതത്വം, ഗുണനിലവാരം തുടങ്ങിയവയുടെ സുദീർഘമായ ക്ലിനിക്കൽ പരിശോധനകൾക്കൊടുവിലാണ് അംഗീകാരം ലഭിച്ചത്. പ്ലാസിബോയുമായി താരതമ്യപ്പെടുത്തുമ്പോൾ, ലെക്കനെമാബ് രോഗലക്ഷണങ്ങളുടെ പുരോഗതി തൽക്കാലത്തേക്ക് നിർത്തുന്നത് പ്രാമാണികമായി തെളിയിച്ചിട്ടുണ്ട്. തലവേദന, ഇൻഫ്യൂഷനുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ, അമിലോയിഡ്-അസോസിയേറ്റഡ് ഇമേജിങ് അബ്നോർമാലിറ്റികൾ, തലച്ചോറിലെ വീക്കം മൈക്രോബ്ലീഡുകൾ എന്നിവയാണ് ചികിത്സക്ക് അനുഭവപ്പെടാവുന്ന പാർശ്വഫലങ്ങൾ.
ഈ പാർശ്വഫലങ്ങൾ പ്രധാനമായും കണ്ടുവരുന്നത് കൊണ്ടാണ് എസ്.എഫ്.ഡി.എ തുടർച്ചയായ നിരീക്ഷണത്തിന്റെ ആവശ്യകത ഉറപ്പുവരുത്തുന്നത്. ഉയർന്ന അപകടസാധ്യതയുള്ളവരിൽ ചികിത്സ ആരംഭിക്കുന്നതിനുമുമ്പ് ജനിതക പരിശോധന നിർബന്ധമായും നടത്തണമെന്ന് അതോറിറ്റി ഓർമിപ്പിക്കുന്നു. ചികിത്സയുടെ സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗം ഉറപ്പാക്കാൻ റിസ്ക് മാനേജ്മെൻറ് പ്ലാനും നടപ്പാക്കണമെന്നും തുടർന്നുള്ള പോസ്റ്റ്-മാർക്കറ്റിങ് റിപ്പോർട്ടുകൾ മരുന്ന് ഉദ്പാദകർ ഇടക്കിടെ സമർപ്പിക്കേണ്ടതാണെന്നും എസ്.എഫ്.ഡി.എ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.