ഭൂപ്രകൃതിയുടെ മനോഹര ചിത്രമായി ‘റഫ’യിലെ ലിന ഗ്രാമം
text_fieldsറഫ ഗവർണറേറ്റിലെ ലിന ഗ്രാമത്തിന്റെ കാഴ്ചകൾ
യാംബു: ഭൂപ്രകൃതിയുടെ മനോഹാരിതയാൽ സമ്പന്നമായ സൗദിയിലെ ഒരു പൈതൃക ഗ്രാമമാണ് ‘ലിന’. റഫ ഗവർണറേറ്റിന് തെക്കുഭാഗത്തായി ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവിനുള്ളിലാണ് ചരിത്രപ്രസിദ്ധമായ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
മണൽ പരപ്പായ സമതലങ്ങളും കുന്നിൻ ചെരുവുകളും മേച്ചിൽപ്പുറങ്ങളുമായ പ്രകൃതി സൗന്ദര്യമാണ് ഗ്രാമത്തിന്റെ ആകർഷണീയത. മനോഹരമായ ശാദ്വല ഗ്രാമപ്രദേശങ്ങളും മണൽക്കുന്നുകളും മേടുകളും നിറഞ്ഞ ഭൂപ്രദേശങ്ങളാണ് നീണ്ടുനിവർന്നുകിടക്കുന്നത്. പ്രത്യേക കാലങ്ങളിൽ മാത്രം വളരുന്ന വിവിധ നിറങ്ങളിലുള്ള പുല്ലുകൾ, ഔഷധസസ്യങ്ങൾ, കുറ്റിച്ചെടികൾ എന്നിവയാൽ പ്രദേശം ഹരിത ശോഭയിൽ വിളങ്ങുകയാണ്. ഈ സീസണിൽ പ്രകൃതിയുടെ സൗന്ദര്യത്തെയും വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്ന അസാധാരണമായ ഒരു പാരിസ്ഥിതിക ദൃശ്യമാണ് രൂപപ്പെടുന്നത്. ഗ്രാമത്തിലെ സമതലങ്ങൾ വന്യജീവികളുടെയും ഒട്ടകങ്ങളുടെയും കന്നുകാലികളുടെയും ആവാസകേന്ദ്രമാണ്.
ജൈവവൈവിധ്യത്തെ പിന്തുണക്കുകയും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്ന പ്രകൃതിദത്ത ആവാസവ്യവസ്ഥകളായ സുഗന്ധമുള്ള ഔഷധസസ്യങ്ങളും തദ്ദേശീയ മരങ്ങളും ഉൾപ്പെടുന്ന സമ്പന്നമായ സസ്യവൈവിധ്യം ഈ പ്രദേശത്തിന്റെ വേറിട്ട പ്രത്യേകതയാണ്.
സൂര്യാസ്തമയ വേളകൾ പ്രകൃതിസ്നേഹികളെയും ഫോട്ടോഗ്രാഫർമാരെയും ആകർഷിക്കുന്ന മനോഹര ദൃശ്യങ്ങൾ സൃഷ്ടിക്കുന്നു. നിയന്ത്രിത ആവാസവ്യവസ്ഥക്കുള്ളിൽനിന്ന് സമതലങ്ങളിൽ ഒട്ടകങ്ങളുടെയും മറ്റു മരുഭൂജീവികളുടെയും സഞ്ചാരം ചാരുതയാർന്ന കാഴ്ചഭംഗി ഒരുക്കുന്നു. ജനുവരി 31വരെ സൗദി വന്യജീവി അതോറിറ്റി സീസണൽ കന്നുകാലി മേച്ചിൽ പരിപാടിയുടെ രണ്ടാം പതിപ്പ് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുകയാണ്.
പ്രദേശത്തെ മികവുറ്റ മേച്ചിൽപ്പുറങ്ങളെ രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിതിക ലക്ഷ്യസ്ഥാനങ്ങളിലൊന്നാക്കി മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. മേച്ചിൽപ്പുറങ്ങളുടെ സുസ്ഥിരതയും അവയിലെ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും ലക്ഷ്യമാക്കി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും വിവിധ പദ്ധതികൾ പ്രദേശത്ത് നടപ്പാക്കി വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

