സൗദിയില്‍ ഒരേദിവസം മൂന്ന് പുതിയ 'ലോട്ട് സ്റ്റോറുകള്‍' തുറന്ന് ലുലു ഗ്രൂപ്പ്
text_fieldsമക്കയിൽ ആരംഭിച്ച ലുലു ലോട്ട് സ്റ്റോറിന്റെ ഉദ്‌ഘാടനം റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പാർട്ണർഷിപ്പ്‌സ് ജനറൽ മാനേജർ ഡോ. വലീദ് ബാസുലൈമാൻ ഉദ്‌ഘാടനം ചെയ്യുന്നു.
മക്ക: കുറഞ്ഞ വിലയിൽ മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന ലുലുവിന്റെ വാല്യൂ കൺസെപ്റ്റ് സ്റ്റോറായ 'ലോട്ടി'ന്റെ മൂന്ന് പുതിയ ഔട്‍ലെറ്റുകൾ സൗദി അറേബ്യയിൽ തുറന്നു. മക്ക, ഈസ്റ്റേൺ പ്രൊവിൻസിലെ സൈഹാത്, റിയാദ് എന്നിവിടങ്ങളിലാണ് പുതിയ ലോട്ട് സ്റ്റോറുകള്‍ ആരംഭിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പാർട്ണർഷിപ്പ്‌സ് ജനറൽ മാനേജർ ഡോ. വലീദ് ബാസുലൈമാൻ മക്കയിലെ ലോട്ട് സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു.
യു.എ.ഇ കോൺസൽ ജനറൽ നാസർ ഹുവൈദ്ധീൻ തൈബൻ അലി അൽകെത്ബി, മക്ക മുനിസിപ്പാലിറ്റി ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്ലാനിങ്ങ് ഡയറക്ടർ ജനറൽ എഞ്ചിനീയർ യാസർ അത്തർ, വ്യവസായ പ്രമുഖരായ എഞ്ചിനീയർ അബ്ദുൽ അസീസ് അൽ സിന്ദി, ശൈഖ് ഇബ്രാഹിം അൽ റിഫാഇ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. സൗദി അറേബ്യയുടെ വിഷന് 2030ന് പിന്തുണ നൽകുകയാണ് ലുലുവെന്നും ഉപഭോക്താക്കളുടെ വാല്യു ഷോപ്പിങ് ആവശ്യകത കൂടി കണക്കിലെടുത്താണ് ലോട്ട് സ്റ്റോറുകളുടെ സാന്നിധ്യം ലുലു വിപുലമാക്കുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. പുതിയ നാല് ലോട്ട് സ്റ്റോറുകൾ കൂടി സൗദി അറേബ്യയിൽ ഉടൻ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എറ്റവും മികച്ച ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കിലാണ് ലോട്ട് സ്റ്റോറുകളിൽ ലഭ്യമാക്കിയിരിക്കുന്നത്. 22 റിയാലിൽ താഴെ വിലയിലാണ് മിക്ക ഉത്പന്നങ്ങളും ലഭിക്കുക. വീട്ടുപകരണങ്ങൾ, കിച്ചൻവെയർ, ഫാഷൻ ഉത്പന്നങ്ങൾ, സൗന്ദര്യ വർധകവസ്തുക്കൾ അടക്കം വിപുലമായ ശേഖരമാണ് ലോട്ടിൽ ഒരുക്കിയിട്ടുള്ളത്. സൗദി അറേബ്യയിലെ പ്രാദേശിക ഉത്പന്നങ്ങൾക്കൊപ്പം ആഗോള ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവും ലോട്ടിലുണ്ട്.
അല്‍ റുസഫിയയിലെ അബ്ദുള്ള അരീഫ് സ്ട്രീറ്റിലാണ് മക്കയിലെ ലുലു ലോട്ട് സ്റ്റോര്‍. 43,000 ചതുരശ്ര അടിയിലുള്ള സ്റ്റോറില്‍ വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ ശേഖരമാണ് ഉള്ളത്. 600 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ സൗകര്യമുണ്ട്. മക്കക്ക് പുറമെ ഈസ്റ്റേൺ പ്രൊവിൻസിലെ സൈഹാത് അല്‍ മുസബ് റാഫി സ്ട്രീറ്റിലും, റിയാദില്‍ അല്‍ മലാസിലുമാണ് പുതിയ ലോട്ട് സ്റ്റോറുകള്‍. 24,000 ചതുരശ്രയടി വലുപ്പത്തിലാണ് സൈഹാത്തിലെ ലോട്ട് സ്റ്റോര്‍. 18,772 ചതുരശ്രയടി വലുപ്പത്തിലാണ് റിയാദ് അല്‍ മലാസ് ലോട്ട് സ്റ്റോർ ഒരുങ്ങിയിരിക്കുന്നതെന്നും ലുലു മാനേജ്‌മെന്റ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.