മനീഫ: പരിസ്ഥിതി സൗഹൃദ വികസനത്തിന്‍െറ ഉദാത്ത മാതൃക
text_fieldsദമ്മാം: അറേബ്യന്‍ ഗള്‍ഫ് തീരത്തെ സമുദ്രവിഭവങ്ങളില്‍ ഏറ്റവും രുചികരമായതാണ് മനീഫ ചെമ്മീന്‍. മനീഫ ചെമ്മീനുണ്ടെങ്കില്‍ ആ ദിവസം മേഖലയിലെ മത്സ്യച്ചന്തകളില്‍ മറ്റിനങ്ങള്‍ക്ക് ഡിമാന്‍റ് കുറയും. മോഹവില നല്‍കി സ്വദേശികളും വിദേശികളും അത് വീട്ടിലത്തെിക്കും. വെളുത്ത്, ഇടത്തരം വലിപ്പമുള്ള ഈ ഇനത്തെ ഏതു മത്സ്യക്കൂമ്പാരത്തിനിടയില്‍ നിന്നും പെട്ടന്ന് തിരിച്ചറിയാം. ചെമ്മീനുകളില്‍ വെച്ചേറ്റവും വൃത്തിയേറിയ, ആസ്വാദ്യകരമായ ‘മനീഫ’ വളരുന്നത് അറേബ്യന്‍ ഗള്‍ഫിലെ അതിവിശിഷ്ടമായ ആവാസ വ്യവസ്ഥയിലാണ്. സൗദിയുടെ കിഴക്കന്‍ തീരത്ത് ജുബൈലിനും വടക്കാണ് മനീഫ തീരം.
അവിടെ സമുദ്രാന്തര എണ്ണക്കിണര്‍ സ്ഥാപിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചപ്പോഴും വലിയ ആശങ്കയായി നിന്നത് ഈ മേഖലയുടെ ജൈവ, പാരിസ്ഥിതിക പ്രത്യേകതകളാണ്. അനാദികാലം മുതല്‍ മനീഫ ചെമ്മീന്‍ പോലുള്ള അപൂര്‍വയിനം സമുദ്രജീവികളുടെയും പവിഴപ്പുറ്റുകളുടെയും കടലാമകളുടെയും പറുദീസയായിരുന്ന ഈയിടം ഇനിയൊരു തിരിച്ചുവരവില്ലാത്ത വണ്ണം അവസാനിച്ചുപോകുമോ എന്നായിരുന്നു എല്ലാവരുടെയും ഭയം. എണ്ണക്കിണര്‍ പോലെ പരിസ്ഥിതിയെ കാര്യമായി ബാധിക്കുന്ന സംവിധാനം ഏറ്റവും ആഘാതം കുറച്ച് നടപ്പാക്കുകയെന്നത് വെല്ലുവിളി തന്നെയായിരുന്നു. ആ അസാധ്യതയെയാണ് സൗദി അരാംകോ സാധ്യമാക്കിയത്. ലോകത്തെ തന്നെ ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ സമുദ്രാന്തര എണ്ണക്കിണറാണിന്ന് മനീഫ. അതിനൊപ്പം ഒരു എന്‍ജിനീയറിങ് വിസ്മയം കൂടിയാണത്. 27 മനുഷ്യനിര്‍മിത ദ്വീപുകള്‍, 41 കിലോമീറ്റര്‍ കടല്‍പ്പാതകള്‍, ഒമ്പതുലക്ഷം ബാരലിന്‍െറ പ്രതിദിന ഉല്‍പാദന ശേഷി. അങ്ങനെ പോകുന്നു സവിശേഷതകള്‍. ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കുന്നതാകട്ടെ ക്രൂഡ് ഓയിലിലെ ഏറ്റവും മുന്തിയ ഇനമായ അറേബ്യന്‍ ഹെവി ക്രൂഡും. മനീഫയുടെ ഈ ഐതിഹാസിക കഥകള്‍ ലോകത്തിന് മുന്നിലത്തെിക്കുകയാണ് അടുത്തിടെ പുറത്തിറക്കിയ ‘മനീഫ: വെയര്‍ എവരി ഗ്രെയ്ന്‍ ഓഫ് സാന്‍ഡ് ആന്‍ഡ് എവരി ഡ്രോപ് ഓഫ് വാട്ടര്‍ ടെല്‍ എ സ്റ്റോറി’ എന്ന പുസ്തകത്തിലൂടെ സൗദി അരാംകോ.
1957 ലാണ് മനീഫ എണ്ണപ്പാടം കണ്ടത്തെുന്നത്. അരാംകോ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ദഹ്റാനില്‍ നിന്ന് 255 കിലോമീറ്റര്‍ വടക്കുകിഴക്ക് മാറിയാണ് ഈ എണ്ണപ്പാടം. 45 കിലോമീറ്റര്‍ നീളവും 18 കിലോമീറ്റര്‍ വീതിയുമാണ് എണ്ണപ്പാളികള്‍ക്കുള്ളത്. 1964 ല്‍ ഉല്‍പാദനം തുടങ്ങിയെങ്കിലും രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയിലിന് ഡിമാന്‍ഡ് കുറഞ്ഞ സാഹചര്യത്തില്‍ 1984 ഓടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഏതാണ്ട് കാല്‍നൂറ്റാണ്ടോളം ഉറങ്ങിക്കിടന്ന മനീഫക്ക് ജീവന്‍ വെച്ചത് പിന്നെ 2007ലാണ്. പ്രതിദിനം ഒമ്പതുലക്ഷം ബാരല്‍ ശേഷിയുള്ള എണ്ണപ്പാടമായി വികസിപ്പിക്കുകയെന്ന ആലോചന വന്നപ്പോഴാണ് നേരത്തെ പറഞ്ഞ പരിസ്ഥിതി ചിന്തകളും ഉയര്‍ന്നത്.
സാധാരണഗതിയിലുള്ള ഡ്രില്ലിങ്ങ് മനീഫയുടെ ലോലമായ ജൈവവ്യവസ്ഥയെ മാരകമായി ബാധിക്കുമായിരുന്നു. അതിനാല്‍ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടുപിടിക്കേണ്ടിവന്നു. പരിസ്ഥിതിയെ അലോസരപ്പെടുത്താതെ എണ്ണയിലേക്ക് എത്തുകയെന്നതായിരുന്നു വെല്ലുവിളിയെന്ന് ഡ്രില്ലിങ്ങ് ജനറല്‍ സൂപ്പര്‍വൈസര്‍ ഫൈസല്‍ നുഗൈമിശ് പറയുന്നു. സാമ്പ്രദായിക രീതികള്‍ക്കപ്പുറത്തേക്ക് കടന്നുള്ള ചിന്തയിലാണ് അതിനുള്ള വഴിതെളിഞ്ഞത്. ഉള്‍ക്കടലിലെ എണ്ണപ്പാടത്തിന് കരയില്‍ ഡ്രില്‍ സൈറ്റ് സജ്ജീകരിക്കാമെന്ന പദ്ധതി അങ്ങനെ വന്നതാണ്. ഇതിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കായി 27 കൃത്രിമ ദ്വീപുകള്‍ നിര്‍മിച്ചു. ശരാശരി 10 ഫുട്ബാള്‍ മൈതാനങ്ങളുടെ വലിപ്പമാണ് ഓരോ ദ്വീപിനും.
കരയെയും ഈ മനുഷ്യനിര്‍മിത ദ്വീപുകളെയും ബന്ധിപ്പിക്കാന്‍ ആകെ 41 കിലോമീറ്റര്‍ നീളമുള്ള കടല്‍പാത ശൃംഖലയും. മൊത്തം 40 ലക്ഷം മണിക്കൂര്‍ മനുഷ്യധ്വാനമാണ് ഇതിന്‍െറ ഡിസൈനിങ് തലത്തില്‍ മാത്രം വേണ്ടിവന്നത്. മൗലികമായ പദ്ധതികള്‍ കൊണ്ടേ ഈ പദ്ധതി പൂര്‍ത്തിയാക്കാനാകുമായിരുന്നുള്ളുവെന്ന് മനീഫ മെഗാപ്രോജക്ടിന്‍െറ മാനേജറായിരുന്ന മുഹമ്മദ് അബ്ദുല്‍ കരീം പറയുന്നു.
പണി തുടങ്ങും മുമ്പ് തന്നെ പരിസ്ഥിതി സര്‍വേ ആരംഭിച്ചിരുന്നു. ഖാലിദ് അല്‍ അബ്ദുല്‍ ഖാദര്‍ എന്ന എന്‍വയണ്‍മെന്‍റല്‍ എന്‍ജിനീയറുടെ നേതൃത്വത്തിലായിരുന്നു ഇത്. മനീഫ ഉള്‍ക്കടലിലേക്ക് പുറംകടലില്‍ നിന്നുള്ള വെള്ളമൊഴുക്ക് തടസപ്പെടുത്താത്ത രീതിയിലായിരുന്നു കടല്‍പാതകളുടെ നിര്‍മാണം. ഇതിനായി കല്ലിട്ടുയര്‍ത്തിയ കടല്‍പാതകളെ ചിലയിടങ്ങളില്‍ തൂണുകളിലേക്ക് മാറ്റി. 14 പാലങ്ങളാണ് നിര്‍മിക്കേണ്ടി വന്നത്. അങ്ങനെ സുഗമമായ നീരൊഴുക്കും ഉള്‍ക്കടലും പുറംകടലും തമ്മിലുള്ള സമ്പര്‍ക്കവും ഉറപ്പാക്കി.
അപ്പോഴും കടലിനുള്ളിലെ വെല്ലുവിളികള്‍ അങ്ങനെ തന്നെ തുടരുകയായിരുന്നു. 40 കിലോമീറ്റര്‍ നീളമുള്ള ആറു എണ്ണപ്പാളികളാണ് (റിസര്‍വോയര്‍) ഒന്നിനുതാഴെ ഒന്നെന്ന നിലയില്‍ മനീഫക്കടലിനടിയില്‍ സ്ഥിതി ചെയ്യുന്നത്. ഇതിന്‍െറ പരിശോധനകള്‍ക്കായി ന്യൂക്ളിയര്‍ മാഗ്നറ്റിക് റെസോനന്‍സ് ടൂള്‍ എന്ന പ്രത്യേകനിരീക്ഷണ ഉപകരണം വികസിപ്പിച്ചെടുത്തു. ഇതുവഴി കടലാഴങ്ങളിലെ എണ്ണപ്പാളികളുടെ കിടപ്പുവശത്തെ കുറിച്ചുള്ള ത്രിമാന തല്‍സമയ ദൃശ്യങ്ങള്‍ ലഭിക്കും. ഇവിടെ നിര്‍മിച്ച 37,000 അടി ആഴമുള്ള എണ്ണക്കിണര്‍ ലോകത്തെ ഏറ്റവും വലുതാണ്.
മൊത്തം 350 കിണറുകളാണ് മനീഫയിലുള്ളത്. ഈ പ്രവര്‍ത്തനങ്ങളൊക്കെ നടക്കുമ്പോള്‍ ദമ്മാമിലെ കിങ് ഫഹദ് യൂനിവേഴ്സിറ്റിയിലെ വിദഗ്ധ സംഘം കടല്‍ത്തട്ടിലെ ജൈവമാറ്റങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചുവന്നു. എല്ലാആഴ്ചയും വെള്ളത്തിന്‍െറ സാമ്പിള്‍ എടുത്ത് പരിശോധിച്ചു. നിര്‍മാണം പൂര്‍ത്തിയായ ശേഷവും കടല്‍ത്തട്ടിലെ പരിസ്ഥിതിയെ നിരന്തരം നിരീക്ഷിച്ചുവരികയാണ്. കടല്‍ത്തീരത്ത് പലയിടത്തായി പഠനകേന്ദ്രങ്ങള്‍ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്.
പവിഴപ്പുറ്റുകളിലും മറ്റും ആറുമാസത്തിലൊരിക്കല്‍ ശാസ്ത്രജ്ഞര്‍ പരിശോധന നടത്തും. പവിഴപ്പുറ്റുകളുടെ സ്വഭാവത്തിലും വലിപ്പത്തിലും വരുന്ന മാറ്റങ്ങള്‍ സൂക്ഷ്മമായി രേഖപ്പെടുത്തും. മത്സ്യസമ്പത്തിന്‍െറ കാര്യം പ്രത്യേകമായും നിരീക്ഷിക്കുന്നുണ്ട്. ഈ രീതിയില്‍ മനീഫയെ അതിന്‍െറ ആവാസ വ്യവസ്ഥക്ക് ഒരുകോട്ടവും തട്ടാതെ കൊണ്ടുപോകുകയാണ് അരാംകോ.
പദ്ധതി നിലവില്‍ വന്നതിനെ തുടര്‍ന്ന് ഈ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കായി പ്രായശ്ചിത്തവും അരാംകോ നിര്‍വഹിച്ചിട്ടുണ്ട്. ഖത്തീഫ് ഗവര്‍ണറേറ്റിലെ ദാരീന്‍ മത്സ്യബന്ധന തുറമുഖം അരാംകോയുടെ ആഭിമുഖ്യത്തില്‍ നവീകരിക്കുകയാണ്. ആയിരക്കണക്കിന് തൊഴിലാളികളാണ് ഇവിടെ നിന്ന് യന്ത്രവത്കൃത ബോട്ടുകളില്‍ മത്സ്യബന്ധനത്തിനായി പോകുന്നത്. വര്‍ണശബളമായ ഈ മനീഫ ഗാഥകള്‍ വിവരിക്കുന്നതാണ് അരാംകോയുടെ പുതിയ പുസ്തകം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.