വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്ന് ‘മീഡിയ സ്കോളർഷിപ്പ്’പദ്ധതി ആരംഭിക്കും - വാർത്ത വിനിമയ മന്ത്രി
text_fieldsവാർത്ത വിനിമയ മന്ത്രി സൽമാൻ അൽദോസരി
റിയാദ്: സൗദി വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ‘മീഡിയ സ്കോളർഷിപ്പ് പ്രോഗ്രാം’ ആരംഭിക്കുമെന്ന് സൗദി വാർത്ത വിനിമയ മന്ത്രി സൽമാൻ അൽദോസരി വ്യക്തമാക്കി. സൗദിയുടെ ഏറ്റവും പ്രധാനപ്പെട്ട വികസനങ്ങളെയും നേട്ടങ്ങളെയും കുറിച്ച് പത്രസമ്മേളനത്തിൽ സംസാരിച്ചപ്പോഴാണ്അൽ-ദോസരി ഇക്കാര്യം പറഞ്ഞത്. മികച്ച അന്താരാഷ്ട്ര സർവകലാശാലകളിലേക്കും മാധ്യമ മേഖലയിൽ വൈദഗ്ധ്യം നേടിയ സ്ഥാപനങ്ങളിലേക്കും സ്കോളർഷിപ്പോടെ വിദ്യാർഥികളെ അയച്ച് മികച്ച മാധ്യമ പ്രവർത്തകരുടെ തലമുറയെ സജ്ജമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പുതിയ വിദ്യാഭ്യാസ പരിപാടിയുടെ വിശദാംശങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ലാഭേച്ഛയില്ലാത്ത മേഖല ഏകദേശം 252 ശതമാനം വളർച്ച കൈവരിച്ചതായും ഈ വർഷം ജൂലൈ അവസാനത്തോടെ ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളുടെ എണ്ണം 6,400 ൽ കൂടുതലായതായും അൽദോസരി പറഞ്ഞു. സ്റ്റാർട്ടപ്പുകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും നിക്ഷേപ ആകർഷണം വർധിപ്പിക്കുന്നതിനും സൗദി പിന്തുണ നൽകുന്നു. ഈ വർഷം ആദ്യ പകുതി അവസാനത്തോടെ വാണിജ്യ രജിസ്ട്രേഷനുകളുടെ എണ്ണം 1.7 ദശലക്ഷത്തിലധികമായി. ഇത് 13 ശതമാനം വാർഷിക വർധനയാണ്. അന്താരാഷ്ട്ര കമ്പനികൾക്കായി പ്രാദേശിക ആസ്ഥാനങ്ങൾ ആകർഷിക്കുന്നതിനുള്ള സൗദി പരിപാടി 2025ന്റെ ആദ്യ പാദത്തിൽ 616 ലധികം അന്താരാഷ്ട്ര കമ്പനികളെ സൗദിയിലേക്ക് ആകർഷിക്കുന്നതിൽ വിജയിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.
വ്യാവസായിക മേഖലയിൽ വിഷന് മുമ്പുള്ള കാലയളവിൽ നിന്ന് 2025 ന്റെ ആദ്യ പകുതിയുടെ അവസാനം വരെ ഫാക്ടറികളുടെ എണ്ണം ഏകദേശം 7200 ഫാക്ടറികളിൽ നിന്ന് 12500 ഫാക്ടറികളായി വർധിച്ചു. സൗദി ഉൽപന്നങ്ങൾ ഇപ്പോൾ ലോകമെമ്പാടുമുള്ള 180-ലധികം രാജ്യങ്ങളിൽ എത്തി. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ച് മിഡിലീസ്റ്റിലെ പത്തു ലക്ഷം ജനസംഖ്യയുള്ള ആദ്യത്തെ ആരോഗ്യകരമായ നഗരമായി ജിദ്ദ മാറിയത് ഉൾപ്പെടെ നിരവധി നേട്ടങ്ങളും വിജയങ്ങളും ആരോഗ്യ മേഖലയിൽ കൈവരിച്ചതായും മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.