മീഡിയവൺ സൂപ്പർ സ്മാഷ്; ബാഡ്മിന്റൺ ടൂർണമെന്റിന് തുടക്കമായി
text_fieldsമീഡിയ വൺ സൂപ്പർ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് മത്സരങ്ങൾ ‘റാഇദ് പ്രൊ കോർട്ടി’ൽ അരങ്ങേറുന്നു
റിയാദ്: ഇദം പ്രഥമമായി റിയാദിലെ ബാഡ്മിന്റൺ പ്രേമികൾക്കായി മീഡിയ വൺ ചാനൽ ഒരുക്കുന്ന സൂപ്പർ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റിന് തുടക്കമായി. 13 രാജ്യങ്ങളിൽനിന്നുള്ള ദേശീയ പ്രാദേശിക തലങ്ങളിൽ പ്രാവീണ്യമുള്ള 500 പേരാണ് ഈ മെഗാ ഇവന്റിൽ പങ്കാളികളാകുന്നത്.
സൗദി ഇന്ത്യൻ താരങ്ങളടക്കം ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള കളിക്കാരാണ് സൂപ്പർ സ്മാഷിൽ മാറ്റുരക്കുക. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് മത്സരങ്ങളെങ്കിലും ബുധനാഴ്ച തന്നെ അനൗപചാരിക തുടക്കം കുറിച്ചതായി സംഘാടകർ പറഞ്ഞു. കളിക്കാരുടെ എണ്ണത്തിലെ വർധനയാണ് ഒരു ദിവസം നേരത്തെ തന്നെ തുടങ്ങാൻ ഇടയാക്കിയത്. സിംഗിൾസ്, ഡബിൾസ്, മിക്സ്ഡ് ഡബിൾസ്, ഫാമിലി ഡബിൾസ് തുടങ്ങി പുരുഷന്മാർക്കും വനിതകൾക്കും കുട്ടികൾക്കുമെല്ലാം 30 ലധികം കാറ്റഗറികളിലാണ് മത്സരങ്ങൾ നടക്കുന്നത്. റിയാദിലെ എക്സിറ്റ് 17ലെ പാണ്ട ഹൈപ്പർ മാർക്കറ്റിനോട് ചേർന്ന ‘റാഇദ് പ്രൊ കോർട്ടി’ലാണ് ഈ ജനകീയ ബാഡ്മിൻറൺ ടൂർണമെന്റ് അരങ്ങേറിയത്. ആദ്യ ദിവസങ്ങളിൽ വൈകീട്ട് ആറു മുതൽ 12 വരെയും വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ രാത്രി 12 വരെയുമാണ് മത്സരങ്ങൾ നടന്നത്. ഒമ്പത് കോർട്ടുകളിൽ ഒരേ സമയം കളികൾ നടത്താനുള്ള സൗകര്യവും അത് കേന്ദ്രീകരിച്ചുള്ള ഫിക്സ്ചറുമാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മാർക്കറ്റിങ് ടീമംഗവും ചീഫ് കോഓഡിനേറ്ററുമായ അമൽ മഖ്ബൂൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
റാഇദ് പ്രൊ കോർട്ടിലെ സ്ഥിരം കളിക്കാരും ഒഫീഷ്യൽസുമടങ്ങുന്ന വലിയൊരു സന്നാഹത്തിന്റെ സഹകരണത്തോടെ മീഡിയ വൺ റിയാദ് ബ്യൂറോയും കോഓഡിനേഷൻ കമ്മിറ്റിയുമാണ് ടൂർണമെന്റിന് ചുക്കാൻ പിടിക്കുന്നതെന്ന് അവർ പറഞ്ഞു. റിയാദിൽ നിന്നുമാത്രമല്ല, ജി സി സി രാജ്യങ്ങളിൽ നിന്നടക്കം കളിക്കാർ പങ്കെടുക്കുന്നുണ്ട്. പ്രവാസികൾക്കിടയിൽ വളരെ പ്രചാരത്തിലുള്ള ഒരു ഗെയിമാണിത്. മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും ഉല്ലാസത്തിനും വേണ്ടി കൂടുതൽ പേർ ഈ മേഖലയിൽ ഇപ്പോൾ കളത്തിലുണ്ട്. ഒരു മീഡിയ സംരംഭത്തിന്റെ പിന്തുണയോടെ ആദ്യമായാണ് ഒരു മെഗാ ഷട്ടിൽ ടൂർണമെന്റ് ഇവിടെ സംഘടിപ്പിക്കുന്നത്. കാഷ് പ്രൈസുകളും നൂറിലധികം ട്രോഫികളും വിജയികൾക്കായി കാത്തിരിക്കുന്നുണ്ട്. സൗദി ബാഡ്മിന്റൺ ഫെഡറേഷൻ കോച്ച് അമ്മാർ അവാദ് സൂപ്പർ സ്മാഷിലെ മുഖ്യാതിഥിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

