കൈമുട്ടിപ്പാട്ടിന്റെ വൈബുമായി മെഹ്ഫിൽ കലാകാരന്മാർ
text_fieldsറിയാദിലെ ‘മെഹ്ഫിൽ’ കൈമുട്ടിപ്പാട്ട് സംഘം
റിയാദ്: കേരളീയ കലാസാംസ്കാരിക പൈതൃകങ്ങളുടെ താളമേളങ്ങളുമായി ഒരു സംഘം മലയാളി കൈമുട്ടിപ്പാട്ടുകാർ റിയാദിലെ പ്രവാസ സാംസ്കാരിക സദസ്സുകൾ കീഴടക്കുന്നു. ഒരേ വേഷം ധരിച്ച് അർധവൃത്താകൃതിയിലിരുന്ന്, ട്രിപ്പ്ൾ ഡ്രമ്മിന് താളംപിടിച്ചും ചിലങ്കയ്യടിച്ചും കൈമുട്ടിയും അനുവാചകരെ അവാച്യമായ അനുഭൂതിയിലേക്ക് നയിക്കുകയാണ് ഈ സംഘം.
റിയാദിൽ ആദ്യമായി കൈമുട്ടിപ്പാട്ട് എന്ന കലാരൂപത്തെ അവതരിപ്പിക്കുകയാണ് ‘മെഹ്ഫിൽ’ എന്ന പേരിലുള്ള ഈ കൈമുട്ടിപ്പാട്ട് സംഘം.
പാരമ്പര്യത്തിന്റെ സുഗന്ധവും അവതരണത്തിൽ തനിമയും സൂക്ഷിക്കുന്ന ഈ കലാരൂപത്തെ ആദ്യമായി റിയാദിൽ അവതരിപ്പിക്കുന്നത് കാസർകോട് സ്വദേശിയായ സമദ് കാസർകോടാണ്. ഒന്നര വർഷമായി റിയാദിലെ 20ഓളം വേദികളിൽ മുട്ടിപ്പാട്ട് സംഘം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. സംഗീതം പാഷനായുള്ള റിയാദിലെ ഒരു ഡസനിലധികം വരുന്ന ഗായകരാണ് ഈ സംഘത്തിലുള്ളത്.
മുട്ടിപ്പാട്ട് എന്ന കലാരൂപത്തിന്റെ കാലപ്പഴക്കം കൃത്യമായി നിർണയിക്കാൻ കഴിയില്ലെങ്കിലും മലബാറിൽ പ്രചുരമായ വട്ടപ്പാട്ട് എന്ന കലയോടാണ് ഇതിന് സാദൃശ്യമുള്ളത്. പണ്ടുകാലത്ത് മുസ്ലിം വിവാഹവേദിയിൽ മണവാളനെയും തോഴരേയും ആനയിച്ചിരുത്തി കൈയ്യടിച്ചുപാടുന്ന രീതിയുണ്ടായിരുന്നു. ആണൊപ്പന, മുഖത്തളപ്പാട്ട് എന്നൊക്കെ അറിയപ്പെട്ടിരുന്നു മംഗലം (മാംഗല്യം) ഇതിവൃത്തമായ ഈ പരിപാടി, സ്കൂൾ യുവജനോത്സവത്തിലെ ഒരു മത്സരയിനം കൂടിയാണ്.
വായ്പ്പാട്ടും കൈമുട്ടും ഇഴചേർന്ന ഈ സംഗീതത്തിലേക്ക് ട്രിപ്പ്ൾ ഡ്രമ്മിന്റെയും ചിലങ്കയുടെയും മേളനം പുതിയൊരു ആസ്വാദന മുഖം തുറക്കുകയായിരുന്നു. വടക്കൻ മലബാറിലെ കാസർകോട്, കണ്ണൂർ പ്രദേശങ്ങളിലാണ് ഡ്രമ്മും ചിലങ്കയും ഉപയോഗിച്ച് വട്ടപ്പാട്ടിനെ മുട്ടിപ്പാട്ടായി നവീകരിച്ചത്. കല്യാണപ്പാട്ടുകളും മദ്ഹ് ഗാനങ്ങളും മണവാളന്റെ വർണനകളും കൂടാതെ അപ്പപ്പാട്ടുമെല്ലാം ഇതിലുണ്ടാകും.
മാന്ത്രികവിരലുകൾ കൊണ്ടുള്ള ഡ്രമ്മിന്റെ ഇടത്താളങ്ങളും മുറുക്കലും ഒപ്പം കൈമുട്ടും ചിലങ്കയും കാണികളെ ഹരം കൊള്ളിക്കുകയും ആഹ്ലാദത്തിന്റെ ഏതോ ഒരു ലോകത്തേക്ക് ആനയിക്കുകയും ചെയ്യും. ഇന്ന് ധാരാളം ടീമുകൾ കേരളത്തിലുണ്ട്. മത്സരങ്ങൾ വലിയ തോതിൽതന്നെ നടക്കുന്നതിനാൽ ശാസ്ത്രീയമായൊരു നിയമാവലി രൂപപ്പെടുത്തുന്ന തിരക്കിലാണ് പിന്നണി പ്രവർത്തകർ.
പ്രവാസലോകത്തും ഈ കലാരൂപത്തിന് വലിയൊരു വിഭാഗം ജനങ്ങൾ ആസ്വാദകരായിട്ടുണ്ട്. ഒന്നിച്ച് താളംപിടിച്ച് പാടുമ്പോൾ ലഭിക്കുന്ന വൈബ് ആണ് ഇതിന്റെ മുഖ്യ ആകർഷണം. റിയാദിലെ മെഹ്ഫിൽ പാട്ടുകൂട്ടത്തെ നയിക്കുന്നത് ദിൽഷാദ് കൊല്ലം, അമീർ പാലത്തിങ്ങൽ, അനസ് മാണിയൂർ, അൻവർഷാ പൊന്നാനി, ഷിജു കോട്ടെങ്ങൽ, കബീർ എടപ്പാൾ, കാസർകോട് സ്വദേശികളായ സമദ്, റഫീഖ്, ഹാരിസ്, സിദ്ദീഖ്, വഹാബ്, റസു, ഉമർ നവാസ്, മുബൈസ് (റിഥം പാഡ്), സഹിൻഷാ കണ്ണൂർ, അനസ് കണ്ണൂർ എന്നിവരാണ്.
പ്രവാസത്തിലെ ഒഴിവുസമയത്തിന് സാംസ്കാരിക ഊർജം പകർന്നും കലാപ്രവർത്തനങ്ങൾക്ക് പോയകാലത്തിന്റെ കൈയൊപ്പ് ചാർത്തിയും പ്രവാസചരിത്രത്തിന് പുതിയ ഊടുംപാവും നെയ്യാൻ കൈകൊട്ടിപ്പാടി മുന്നേറുകയാണ് ഈ പാട്ടുകൂട്ടം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.