മാനവ വിഭവശേഷി മന്ത്രാലയ ഏകീകൃത ആപ്; സേവന ഗുണഭോക്താക്കളുടെ എണ്ണം 50 ലക്ഷം കവിഞ്ഞു
text_fieldshuman resources and social development
അൽഖോബാർ: മനുഷ്യ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഏകീകൃത ആപ് സേവനങ്ങളിൽ നിന്ന് പ്രയോജനം സ്വീകരിച്ചവർ 50 ലക്ഷം കവിഞ്ഞതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പ്രതിദിനം ആപ് ഉപയോഗിക്കുന്നവർ 1,30,000 ത്തിലധികമാണ്. ഏകീകൃത സ്മാർട്ട് ഡിവൈസ് ആപ് വഴിയാണ് മന്ത്രാലയം ഡിജിറ്റൽ പരിവർത്തന യാത്ര ശക്തമാക്കിയത്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും അവരുടെ സംതൃപ്തി വർധിപ്പിക്കാനുമുള്ള പ്രതിബദ്ധതയാണ് വേഗത്തിലും സൗകര്യത്തിലും മികച്ച സേവനങ്ങൾ നൽകുന്ന ഈ ആപ് വഴി തെളിയുന്നത്.
ഇതുവരെ ആപ്ലിക്കേഷൻ മുഖാന്തരം ഏഴു കോടിയിലധികം വൈവിധ്യമാർന്ന ഡിജിറ്റൽ കാർഡുകൾ നൽകി. കൂടാതെ, മന്ത്രാലയത്തിന്റെ വിവിധ മേഖലകളുമായി ബന്ധിപ്പിച്ച 52 സേവനങ്ങളും ഇതിലൂടെ ലഭ്യമാണ്. സമൂഹത്തെയും തൊഴിൽ വിപണിയെയും സർക്കാർ മേഖലയെയും ശക്തിപ്പെടുത്തുന്നതിൽ ഡിജിറ്റൽ പരിഹാരങ്ങൾ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം ഇതിലൂടെ വ്യക്തമാകുന്നു. ആപ് ബിസിനസ് ഉടമകൾക്കും ജീവനക്കാർക്കും വേണ്ടി ഇലക്ട്രോണിക് കരാർ രേഖപ്പെടുത്തൽ, വേതന സംരക്ഷണ ഫയലുകൾ അപ്ലോഡ് ചെയ്യൽ, ഡിജിറ്റൽ വാലറ്റ് മുഖേന ശമ്പളമാറ്റം തുടങ്ങിയ ഏകീകൃത സംവിധാനങ്ങൾ നൽകുന്നു. ഇതോടൊപ്പം, പ്രഫഷനൽ വിസകൾക്കുള്ള തൽക്ഷണ അപേക്ഷ, പ്രവാസി തൊഴിലാളി സേവനങ്ങൾ മാറ്റി നൽകൽ, തൊഴിൽനിയമ ലംഘനങ്ങൾ നിരീക്ഷിക്കൽ, സേവനാവസാന കാൽക്കുലേറ്റർ എന്നിവയും ആപ്പിന്റെ ഭാഗമാണ്.
കൂടാതെ അവകാശങ്ങളും കടമകളും സംബന്ധിച്ച ബോധവത്കരണ ഫയലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആപ് വഴി സാമൂഹിക സുരക്ഷ രജിസ്ട്രേഷൻ, വൈകല്യ നിർണയം, വൈകല്യമുള്ളവർക്ക് ധനസഹായം, സഹകരണസംഘങ്ങൾ രൂപീകരിക്കൽ എന്നിവയും നടത്താം. ഗൃഹപീഡന കേസുകൾ സുരക്ഷിതമായി റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൗകര്യവും ഇതിനുണ്ട്. സ്ത്രീകൾ, യുവാക്കൾ, മുതിർന്നവർ, വിരമിച്ചവർ എന്നിവർക്കായി പ്രത്യേകം സേവന പാതകൾ ഒരുക്കി സമഗ്ര സേവനലഭ്യതയുടെ മാതൃകയായി ആപ് മാറുന്നു.
പൊതു മേഖല ജീവനക്കാർക്ക് തങ്ങളുടെ ജോലി വിവരങ്ങൾ കാണുക, വിരമിക്കൽ സ്റ്റേറ്റ്മെന്റ് എടുക്കുക, സ്റ്റാറ്റസ് അന്വേഷിക്കുക തുടങ്ങിയ സൗകര്യങ്ങളും സർക്കാർ സ്ഥാപനങ്ങൾക്ക് ജോലി വിവരങ്ങൾ ഓഡിറ്റ് ചെയ്യൽ, ആവശ്യങ്ങൾ രേഖപ്പെടുത്തൽ എന്നിവയും ഇലക്ട്രോണിക് രീതിയിൽ ചെയ്യാൻ കഴിയും. ഇതിലൂടെ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിക്കുകയും പേപ്പർ വർക്ക് കുറയുകയും ചെയ്യുന്നു. ജീവിത നിലവാരം ഉയർത്തുകയും സമഗ്ര വികസനം കൈവരിക്കുകയും ചെയ്യാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഏകീകൃത ആപ് പ്രവർത്തിക്കുന്നത്. ഡിജിറ്റൽ പരിവർത്തനത്തിന്റെ ദേശീയ പ്രക്രിയയെ പിന്തുണയ്ക്കുന്ന ഒരു തന്ത്രപ്രധാന പ്ലാറ്റ്ഫോം കൂടിയാണ് ഇത്.
സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് മന്ത്രാലയം തുടർച്ചയായി ആപ്പിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തുകയും നടപടികൾ ലളിതമാക്കുകയും ചെയ്യുന്നു. ആകർഷകമായ തൊഴിൽ വിപണി സൃഷ്ടിക്കൽ, വിവിധ വിഭാഗങ്ങളെ ശക്തിപ്പെടുത്തൽ, ഭരണപരമായ സുതാര്യതയും സ്ഥിരതയും ഉറപ്പാക്കൽ തുടങ്ങിയ മന്ത്രാലയത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ ഈ ആപ് നിർണായക പങ്ക് വഹിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.