മോദിയുടെ ദ്വിദിന സൗദി സന്ദർശനം നാളെ മുതൽ; കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തും
text_fieldsജിദ്ദ: ഔദ്യോഗിക ദ്വിദിന സന്ദർശന പരിപാടിയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ജിദ്ദയിലെത്തും. ഉച്ചക്ക് 12.40ന് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി നേരെ റിറ്റ്സ് കാൾട്ടൺ ഹോട്ടലിലേക്ക് പുറപ്പെടും. ഉച്ചക്ക് രണ്ട് മുതൽ 2.30 വരെ ക്ഷണിക്കപ്പെട്ട ഇന്ത്യൻ സാമൂഹികപ്രതിനിധികളുടെ യോഗത്തെ അഭിസംബോധന ചെയ്യും.
3.30 മുതൽ 6.30 വരെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി ജിദ്ദയിലെ അൽസലാം പാലസിൽ കൂടിക്കാഴ്ച്ച നടത്തും. 2016ലും 2019ലും സൗദി സന്ദർശിച്ച പ്രധാനമന്ത്രിയുടെ ആറു വർഷത്തിനുശേഷമുള്ള മൂന്നാമത്തെ സൗദി സന്ദർശനമാണിത്.
സൗദി കിരീടാവകാശി സൽമാന്‍റെ ക്ഷണമനുസരിച്ചാണ് ദ്വിദിന സന്ദർശനം നടത്തുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി നേരത്തേ അറിയിച്ചിരുന്നു. സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്‌ച തന്നെയാണ് പര്യടനത്തിലെ പ്രധാന പരിപാടി. ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്‍റെ രണ്ടാം യോഗത്തിൽ ഇരു രാഷ്ട്രനേതാക്കളും സംബന്ധിക്കും. ബിസിനസ് പ്രമുഖരുമായുള്ള കൂടിക്കാഴ്ചയിൽ മോദി പങ്കെടുക്കും.
ജിദ്ദയിലെ ഏതെങ്കിലുമൊരു ഫാക്ടറിയിലെ ഇന്ത്യൻ തൊഴിലാളികളുമായി മോദി സംവദിക്കുമെന്നും പ്രതീക്ഷിക്കുന്നു. ‘നിയോം’ അടക്കമുള്ള ചിലയിടങ്ങളിൽ പ്രധാനമന്ത്രി സന്ദർശിക്കാനും സാധ്യതയുള്ളതായി അറിയുന്നു. ഇന്ത്യയും സൗദിയും സാമൂഹിക സാംസ്കാരിക, വ്യാപാര ബന്ധങ്ങളുടെ നീണ്ട ചരിത്രമുള്ളതുകൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ സൗദി സന്ദർശനവും ഇന്ത്യ-സൗദി സൗഹൃദത്തിൽ പുതിയ നാഴികക്കല്ല് തീർക്കുമെന്ന് വിലയിരുത്തുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ഈ സന്ദർശനം സഹായിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.