ഗോദയിലേക്ക് കൂടുതൽ യാംബു പ്രവാസികൾ
text_fieldsയാസിർ കോലേഴത്ത്, എസ്.കുഞ്ഞുമോൻ, ആൻസമ്മ ജോസഫ് തെക്കേൻ
യാംബു: തദ്ദേശ തെരഞ്ഞെടുപ്പിൽ അങ്കത്തിനിറങ്ങി യാംബുവിൽനിന്ന് കൂടുതൽ പ്രവാസികൾ. ഒരു ഗ്രാമപഞ്ചായത്തിൽ ഒരേ വാർഡിൽ രണ്ടു യാംബു പ്രവാസികൾ പരസ്പരം കൊമ്പുകോർക്കുന്ന കൗതുകം കൂടിയുണ്ട്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ വെൽഫെയർ പാർട്ടി സ്ഥാനാർഥി മുഹമ്മദ് യാസിർ കോലേഴവും എൽ.ഡി.എഫ് സ്ഥാനാർഥി എസ്. കുഞ്ഞുമോനും യാംബുവിലെ മുൻ പ്രവാസികളാണ്.
യാംബുവിലെ ക്ലിയർ വിഷൻ കോൺട്രാക്ടിങ് കമ്പനിയിലും ദമ്മാമിലെ സൗദി അമാന കമ്പനിയിലുമായി 10 വർഷത്തോളം ജോലി ചെയ്തിട്ടാണ് മുഹമ്മദ് യാസിർ നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇതേ വാർഡിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥിയായി റസീസ കോലേഴമായിരുന്നു. ആറു വോട്ടിനാണ് പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ മുഹമ്മദ് യാസിറിന് വിജയ പ്രതീക്ഷ തന്നെയാണുള്ളത്.
റിയാദിലെ അൽ സാഫി കമ്പനിയിലും യാംബുവിലെ ജെ.ജി.ബി കമ്പനിയിലും അൽ ഷമാസി കോൺട്രാക്ടിങ് കമ്പനിയിലുമായി ഒരു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം മതിയാക്കിയാണ് എസ്. കുഞ്ഞുമോൻ നാടണഞ്ഞത്. കോട്ടയം ജില്ലയിലെ മുത്തോലി ഗ്രാമപഞ്ചായത്തിലെ കടപ്പാട്ടൂർ ആറാം വാർഡിൽ മത്സരിക്കുന്ന ആൻസമ്മ ജോസഫ് തെക്കേൻ എന്ന അനു യാംബുവിന്റെ പെൺസാന്നിധ്യമാണ്. രണ്ടു പതിറ്റാണ്ടിലേറെ കുടുംബത്തോടൊപ്പം യാംബുവിലുണ്ടായിരുന്ന അനു 2019ലാണ് നാട്ടിലേക്ക് മടങ്ങിയത്. യു.ഡി.എഫ് സ്ഥാനാർഥിയാണ്. ഒ.ഐ.സി.സി യാംബു ഏരിയ വൈസ് പ്രസിഡന്റായിരുന്ന വർഗീസ് ജോർജിന്റെ ഭാര്യയാണ് ആൻസമ്മ.
മലപ്പുറം നഗരസഭ 33ാം വാർഡായ മുതുവത്തുപറമ്പിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായ ഷിറീൻ ഇർഫാൻ, മലപ്പുറം കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ 19ാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി പി. അബ്ദുൽ വാഹിദ്, തൃശൂർ കൈപ്പറമ്പ് ബ്ലോക്ക് ഡിവിഷൻ ബി.ജെ.പി സ്ഥാനാർഥി രാജൻ നമ്പ്യാർ എന്നിവരടക്കം ആറുപേരുണ്ട് യാംബുവിലെ മുൻ പ്രവാസികളായി തെരഞ്ഞെടുപ്പ് ഗോദയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

