സൗദിയിലേക്ക് മള്‍ട്ടിപ്ള്‍ എന്‍ട്രി വിസകൾ താൽക്കാലികമായി നിര്‍ത്തി; സിംഗിള്‍ എന്‍ട്രി വിസകൾക്ക് നിയന്ത്രണമില്ല
text_fieldsജിദ്ദ: സൗദിയിലേക്കു ഒരേ സന്ദർശന വിസയിൽ ഒന്നിലധികം തവണ പ്രവേശിക്കാൻ സാധിക്കുന്ന മള്‍ട്ടിപ്ള്‍ എന്‍ട്രി വിസിറ്റ് വിസകൾ താൽക്കാലികമായി നിര്‍ത്തി. എന്നാൽ ഒരു തവണ ഇഷ്യൂ ചെയ്തു ഒറ്റത്തവണ മാത്രം രാജ്യത്തേക്ക് പ്രവേശിച്ചാൽ കാലാവധി തീരുന്ന സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസകൾക്ക് നിലവിൽ നിയന്ത്രണമില്ല. ദീർഘകാല സന്ദർശന വിസകൾ വഴി രാജ്യത്ത് പ്രവേശിക്കുന്ന അനധികൃത ഹജ്ജ് തീർഥാടകരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം എന്നാണ് അനൗദ്യോഗികമായി അറിയുന്നത്.
ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ജോര്‍ദാന്‍, സുഡാന്‍, അൾജീരിയ, എത്യോപ്യ, ഇന്തോനേഷ്യ, ഇറാഖ്, മൊറോക്കോ, നൈജീരിയ, ടുണീഷ്യ, യെമൻ എന്നീ 14 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് നിയന്ത്രണം. സന്ദർശക വിസയ്ക്ക് പുറമെ മള്‍ട്ടിപ്ള്‍ എന്‍ട്രി ടൂറിസം, ബിസിനസ്സ് വിസകളും നിർത്തിവെച്ചിട്ടുണ്ട്. മൂന്ന് മാസത്തേക്ക് ഒന്നിച്ചു സൗദിയില്‍ താമസിക്കാവുന്ന ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്ള്‍ എന്‍ട്രി വിസകൾക്കാണ് നിയന്ത്രണം. ഈ മാസം ഒന്നാം തീയതി മുതൽ നിബന്ധന ബാധകമാക്കിയിട്ടുണ്ട്.
പുതിയ നിയന്ത്രണ പ്രകാരം മേൽ പറയപ്പെട്ട 14 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് നിലവിൽ സിംഗിൾ എൻട്രി വിസകൾക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. സിംഗിൾ എൻട്രി വിസകളെടുക്കുന്നവര്‍ക്ക് ഒരോ 30 ദിവസവും 100 റിയാല്‍ ഫീ അടച്ച് പുതുക്കേണ്ടിവരും. ഇങ്ങനെ രണ്ടു പ്രാവശ്യം പുതുക്കി പരമാവധി 90 ദിവസം മാത്രമേ സൗദിയില്‍ താമസിക്കാനാവൂ. സിംഗിള്‍ എന്‍ട്രി വിസയിലെത്തിയ ശേഷം കാലാവധിക്ക് മുമ്പ് സൗദിക്ക് പുറത്തുപോയാലും നിലവിലെ വിസ റദ്ദാകും. എന്നാൽ നിലവില്‍ സൗദിയില്‍ തുടരുന്ന മള്‍ട്ടിപ്ള്‍ എന്‍ട്രി വിസക്കാര്‍ക്ക് അത് പുതുക്കുന്നതിന് തടസ്സമില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
പുതിയ നിയന്ത്രണം ഹജ്ജ്, ഉംറ, നയതന്ത്ര, തൊഴിൽ വിസകളെ ബാധിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. മൾട്ടിപ്പിൾ എൻട്രി വിസകൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ചില സന്ദർശകർ ദീർഘകാല വിസകളിൽ സൗദിയിൽ പ്രവേശിച്ച ശേഷം നിയമവിരുദ്ധമായി ജോലി ചെയ്യാനും അംഗീകാരമില്ലാതെ ഹജ്ജ് നിർവഹിക്കാനും ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. സൗദി അറേബ്യ സന്ദർശിക്കാൻ പദ്ധതിയിടുന്ന യാത്രക്കാർ മുൻകൂട്ടി സിംഗിൾ എൻട്രി വിസകൾക്ക് അപേക്ഷിക്കണം. പിഴകൾ ഒഴിവാക്കാൻ വിസ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം സന്ദർശകരോട് അഭ്യർത്ഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.