മുസ്ലിം വേൾഡ് ലീഗിന്റെ വിവിധ ഖുർആൻ പദ്ധതികൾക്ക് തുടക്കം
text_fieldsമുസ്ലിം വേൾഡ് ലീഗ് വിവിധ ഖുർആൻ പദ്ധതികൾ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽഈസ ഉദ്ഘാടനം ചെയ്യുന്നു
മക്ക: മുസ്ലിം വേൾഡ് ലീഗ് വിവിധ ഖുർആൻ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. മക്കയിലെ മുസ്ലിം വേൾഡ് ലീഗ് ആസ്ഥാനത്ത് ഒരുക്കിയ ചടങ്ങിലാണ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ ഈസ ഖുർആനുമായി ബന്ധപ്പെട്ട പദ്ധതികൾ ഉദ്ഘാടനം ചെയ്തത്. ഗ്ലോബൽ ഡിജിറ്റൽ ഖുർആൻ റീഡിങ് പ്ലാറ്റ്ഫോം, ഗ്ലോബൽ ഡിജിറ്റൽ ഖുർആൻ റീഡിങ് പോർട്ടൽ, ഡിജിറ്റൽ ഖുർആൻ റീഡിങ് അസോസിയേഷൻ എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.
മുസ്ലിം സമൂഹത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനും ഖുർആനെ പരിപാലിക്കുന്നതിനുമുള്ള മുസ്ലിം വേൾഡ് ലീഗിന്റെ ദൗത്യവുമായി ഈ സംരംഭങ്ങൾ യോജിക്കുന്നുവെന്ന് സെക്രട്ടറി ജനറൽ പറഞ്ഞു. ഇസ്ലാമിക ലോകത്തിന് സൗദി നൽകിയ സമ്മാനമാണ് മുസ്ലിം വേൾഡ് ലീഗ് എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇസ്ലാമിക ലക്ഷ്യങ്ങൾക്ക് തുടർച്ചയായി പിന്തുണ നൽകുന്നതിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും സെക്രട്ടറി ജനറൽ നന്ദി പറഞ്ഞു.
ചടങ്ങിൽ ഖുർആൻ പാരായണ-വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ പണ്ഡിതർ, ഗവേഷകർ, പ്രാക്ടീഷണർമാർ, 50 ആഗോള ഡിജിറ്റൽ ഖുർആൻ വായനാ വേദികളിൽനിന്നുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ആധുനിക ആശയവിനിമയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വിദൂരമായി ഖുർആൻ പഠിപ്പിക്കുന്നതിനും പാരായണം ചെയ്യുന്നതിനുമുള്ള വിപുലമായ ശ്രമങ്ങളെ അവർ എടുത്തുകാണിച്ചു.
ലോകത്തെ ഖുർആനുമായി ബന്ധിപ്പിക്കുന്നതിലും സ്ഥാപിത തത്വങ്ങൾക്കനുസൃതമായി അതിന്റെ പഠനവും വൈദഗ്ധ്യവും സാധ്യമാക്കുന്നതിലും മുസ്ലിം വേൾഡ് ലീഗിന്റെ ശാസ്ത്രീയവും സാങ്കേതികവുമായ കാഴ്ചപ്പാടിനെ പങ്കെടുത്തവർ പ്രശംസിച്ചു. ഖുർആന് നൽകുന്ന അചഞ്ചലമായ പിന്തുണക്കും ഖുർആൻ വിദ്യാഭ്യാസത്തിന്റെ ആഗോള ഏകോപനത്തിന് നേതൃത്വം നൽകിയതിനും സൗദി അറേബ്യക്കും മുസ്ലിം വേൾഡ് ലീഗിനും പങ്കെടുത്തവർ നന്ദി രേഖപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.