ചരിത്രത്തിലേക്ക് പറന്നിറങ്ങി മോദി
text_fields1982ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ജിദ്ദയിലെത്തിയപ്പോൾ
ജിദ്ദ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിദ്ദയിൽ പറന്നിറങ്ങിയത് അപൂർവമായൊരു ചരിത്രത്തിലേക്ക്. അദ്ദേഹത്തിന്റെ ആദ്യ ജിദ്ദ സന്ദർശനമാണിത്. അതിനപ്പുറം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ 43 വർഷത്തിനുശേഷമുള്ള ജിദ്ദ സന്ദർശനം. സൗദിയുടെ പൗരാണിക കാലം മുതലേയുള്ള സുപ്രധാന വാണിജ്യകേന്ദ്രമാണ് ജിദ്ദ. ചെങ്കടൽ തീരത്തെ ഈ പഴയ ഭരണസിരാകേന്ദ്ര നഗരത്തിൽ ഇതിന് മുമ്പൊരു ഇന്ത്യൻ പ്രധാനമന്ത്രി വരുന്നത് 1982 ഏപ്രിലിൽ ഇന്ദിര ഗാന്ധിയാണ്.
അതിനുശേഷം പ്രധാനമന്ത്രിമാരെന്ന നിലയിൽ ഡോ. മൻമോഹൻ സിങ് 2010ലും മോദി 2016ലും 2019ലും സൗദി സന്ദർശനം നടത്തിയിട്ടുണ്ടെങ്കിലും അതെല്ലാം തലസ്ഥാനമായ റിയാദിലായിരുന്നു. അതുകൊണ്ടുതന്നെയാണ് മോദി ജിദ്ദയിൽ ഇന്നലെ പറന്നിറങ്ങിയത് പുതിയൊരു ചരിത്രത്തിലേക്ക് കൂടിയാണെന്ന് വിലയിരുത്തപ്പെടുന്നത്. നിരവധി ഇന്ത്യൻ പ്രവാസികൾ ഉപജീവനം തേടുന്ന ഒരു പ്രദേശമെന്ന നിലയിൽ ജിദ്ദയുടെ സ്നേഹം അദ്ദേഹത്തെ ആശ്ലേഷിക്കും.
ജിദ്ദയിൽ പ്രധാനമന്ത്രി മോദി വിമാനത്തിൽനിന്ന് ഇറങ്ങിവരുേമ്പാൾ വരവേൽക്കാൻ ഇന്ത്യ, സൗദി ദേശീയ പതാകകളും ഉയർത്തി കാത്തുനിൽക്കുന്ന സൗദി സുരക്ഷാഭടന്മാർ
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ വളർന്നുവരുന്ന സാഹചര്യത്തിലാണ് ഈ ഉന്നത സന്ദർശനമെന്നത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്. സൗദി അറേബ്യയിലെ ഇന്ത്യൻ നിക്ഷേപം സമീപ വർഷങ്ങളിൽ ഗണ്യമായി വർധിച്ചു. 2023 ആഗസ്റ്റ് വരെ ഏകദേശം 300 കോടി ബില്യൺ യു.എസ് ഡോളറിലെത്തി. മാനേജ്മെന്റ്, കൺസൾട്ടൻസി സേവനങ്ങൾ, നിർമാണ പദ്ധതികൾ, ടെലി കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി, സാമ്പത്തിക സേവനങ്ങൾ, സോഫ്റ്റ്വെയർ വികസനം, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഈ നിക്ഷേപങ്ങൾ വ്യാപിച്ചുകിടക്കുന്നു.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ സന്ദർശനത്തിൽ, സൗദി അറേബ്യയുടെ സ്വപ്നപദ്ധതിയായ നിയോമും ഉൾപ്പെട്ടിട്ടുണ്ട്. ഈ പദ്ധതിയിലേക്ക് കൂടുതൽ ഇന്ത്യൻ നിക്ഷേപകരെ ആകർഷിക്കാൻ ഇത് ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.