വാഹന വർക്ക്ഷോപ്പുകൾക്ക് പുതിയ വ്യവസ്ഥകൾ; അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചു
text_fieldsജിദ്ദ: സൗദിയിൽ വാഹന വർക്ക്ഷോപ്പുകൾക്ക് നഗരസഭ, ഭവനകാര്യ മന്ത്രാലയം പുതിയ വ്യവസ്ഥകൾ നടപ്പിലാക്കി. നിലവിലുള്ള വർക്ഷോപ്പുകളെ അഞ്ചു വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് സിസ്റ്റങ്ങൾ, ബോഡി വർക്ക്, തുരുമ്പിനുള്ള പരിഹാരം എന്നിവ ഉൾപ്പെടെ അറ്റകുറ്റപ്പണികൾ നടത്തുന്ന ഷോപ്പുകൾ കാറ്റഗറി എ വിഭാഗത്തിൽ ഉൾപ്പെടുന്നു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ സിസ്റ്റങ്ങൾ, എയർ കണ്ടീഷനിംഗ് എന്നിവയുടെ ചെറിയ അറ്റകുറ്റപ്പണികൾ നടത്തുന്ന ഷോപ്പുകൾ കാറ്റഗറി ബിയിൽ വരും. ബോഡി റിപ്പയർ, റീപെയിന്റിംഗ്, പോളിഷിംഗ് എന്നിവ ചെയ്യുന്ന ഷോപ്പുകൾ കാറ്റഗറി സിയിലും റേഡിയേറ്റർ, എക്സ്ഹോസ്റ്റ് സിസ്റ്റം, എയർ സസ്പെൻഷൻ, ബ്രേക്കുകൾ, ഗ്ലാസ്, സീറ്റ് അപ്ഹോൾസ്റ്ററി തുടങ്ങിയവയുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന ഷോപ്പുകൾ കാറ്റഗറി ഡിയിലും ബാറ്ററി, അലങ്കാര ഫിറ്റിംഗുകൾ എന്നിവയുടെ പരിശോധനയും മാറ്റിസ്ഥാപിക്കലും നടത്തുന്ന ഷോപ്പുകൾ കാറ്റഗറി ഇ യിലുമാണ് ഉൾപ്പെടുകയെന്ന് മന്ത്രാലയം അറിയിച്ചു.വാഹന വർക്ഷോപ് മേഖലയെ വ്യവസ്ഥാപിതമാക്കുക, ഈ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, തൊഴിൽ സുരക്ഷയും സേവന നിലവാരവും മെച്ചപ്പെടുത്തുക എന്നിവയാണ് പുതിയ വ്യവസ്ഥകൾ കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
വിവിധ കാറ്റഗറികളായി തിരിച്ച ഷോപ്പുകൾക്ക് ഓരോന്നിനും അവയുടെ പ്രവർത്തന സ്വഭാവത്തിനനുസരിച്ചുള്ള പ്രത്യേക വ്യവസ്ഥകളും മന്ത്രാലയം നിഷ്കർഷിച്ചിട്ടുണ്ട്. കാറ്റഗറി എ യിലുള്ള സ്ഥാപനങ്ങൾക്ക് വ്യാവസായിക മേഖലകൾക്കുള്ളിൽ മാത്രമേ പ്രവർത്തനാനുമതി നൽകൂ. കാറ്റഗറി ബി, ഡി വിഭാഗങ്ങളിൽ വരുന്ന സ്ഥാപനങ്ങൾക്ക് വ്യാവസായിക മേഖലകളോടൊപ്പം പ്രത്യേക അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ, പെട്രോൾ ബങ്കുകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കാം. കാറ്റഗറി സി സ്ഥാപനങ്ങൾ വ്യാവസായിക മേഖലകൾ, പ്രത്യേക അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാത്രമേ പ്രവർത്തിക്കാവൂ.കാറ്റഗറി ഇ സ്ഥാപനങ്ങൾക്ക് വ്യാവസായിക മേഖലകൾ, വാണിജ്യ തെരുവുകൾ, പെട്രോൾ ബങ്കുകൾ, പ്രത്യേക അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം പ്രവർത്തിക്കാം.
എല്ലാ വർക്ഷോപ്പുകളും തൊഴിൽപരമായ ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ, സാങ്കേതിക പ്രവർത്തന ആവശ്യകതകൾ, കെട്ടിട നിർമാണ ചട്ടങ്ങൾ, അനുവദനീയ ഉയരം, 30 ശതമാനം ഇടനാഴി വിസ്തീർണ പരിധി, ലാൻഡ്സ്കേപ്പിംഗ് മാനദണ്ഡങ്ങൾ തുടങ്ങിയവ പാലിച്ചിരിക്കണം. കാറ്റഗറി എ വിഭാഗത്തിൽപ്പെട്ട വാണിജ്യ തെരുവുകളിലോ പെട്രോൾ ബങ്കുകളിലോ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഓരോ യൂനിറ്റിനും കുറഞ്ഞത് 100 ച.മീ വിസ്തീർണവും, വ്യാവസായിക മേഖലകളിൽ 2,000 ച.മീ വരെ വിസ്തീർണവും നിർബന്ധമാണ്.
ബോഡി വർക്കിനും പെയിന്റിംഗിനും പാരിസ്ഥിതിക, ദൃശ്യ, ശബ്ദ ശല്യങ്ങൾ ഒഴിവാക്കാൻ പ്രത്യേക വ്യവസ്ഥകൾ നിഷ്കർഷിച്ചിട്ടുണ്ട്. ഗുണഭോക്താക്കൾക്കായി എയർ കണ്ടീഷൻ ഉള്ള കാത്തിരിപ്പ് മുറി, ഗ്ലാസ് ജനാലകളോ നിരീക്ഷണ ക്യാമറകളോ ലഭ്യമാക്കണം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ബോഡി വർക്ക്, പെയിന്റിംഗ്, ടയർ സർവീസ് എന്നിവക്ക് പ്രത്യേക സ്ഥലം വേർതിരിക്കണം. വർക്ഷോപ്പിന്റെ മുൻഭാഗം സൗദി വാസ്തുവിദ്യ മാർഗനിർദേശങ്ങൾക്ക് അനുസൃതമായിരിക്കണം. ക്ലോസ്ഡ് വ്യാവസായിക മേഖലകൾ ഒഴികെ, മുൻഭാഗം പൂർണമായും അടച്ചിട്ടിരിക്കണം. പ്രാണികൾ, എലികൾ എന്നിവ തടയാൻ അഗ്നി പ്രതിരോധശേഷിയുള്ള, ഈർപ്പം ബാധിക്കാത്ത സീലിംഗ് ഉപയോഗിക്കണം. ഓയിൽ മലിനജല പൈപ്പ്ലൈനിലേക്ക് ഒഴുകാതിരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. പഴയ ഓയിലുകൾ പ്രത്യേക ടാങ്കുകളിൽ ശേഖരിക്കണം, മൂന്നു മാസത്തിലൊരിക്കൽ പരിശോധിക്കണം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.