വിശുദ്ധ മക്കയിൽ തീർഥാടകർക്കായി നൂതന പാദസംരക്ഷണ സംവിധാനം
text_fieldsമക്ക: വിശുദ്ധ മക്കയിലെത്തുന്ന തീർത്ഥാടകരുടെ പാദസംരക്ഷണത്തിനായി മസ്ജിദുൽ ഹറാമിൽ നൂതന സംവിധാനം ഏർപ്പെടുത്തി. കാൽപ്പാദങ്ങളിൽ അഴുക്കുകൾ പുരളാതിരിക്കാനും പള്ളിക്കകത്തെ ശുചിത്വം ഉറപ്പാക്കാനും സഹായിക്കുന്ന ഓട്ടോമാറ്റിക് പ്ലാസ്റ്റിക് ഷൂ കവർ ഡിസ്പെൻസറുകളാണ് ഹറമിൽ പുതുതായി സ്ഥാപിച്ചിട്ടുള്ളത്.
ഈ മെഷീന് ഉള്ളിലേക്ക് കാൽ വെക്കുമ്പോൾ ഏതാനും സെക്കന്റുകൾക്കകം ഇലാസ്റ്റിക് ഉള്ള നീല പ്ലാസ്റ്റിക് കവർ കാൽപ്പാദങ്ങളെ തനിയെ ആവരണം ചെയ്യും. പൊടിപടലങ്ങൾ മൂലമുണ്ടാകുന്ന അലർജികളിൽ നിന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളിൽ നിന്നും തീർത്ഥാടകർക്ക് സംരക്ഷണം നൽകാൻ ഇത് ഏറെ സഹായകമാണ്.
നിലവിൽ കഅബ പ്രദിക്ഷണം (ത്വവാഫ്) കഴിഞ്ഞ് സഫാ-മർവയിലേക്ക് (സഅ്യ്) പോകുന്ന വഴിയിലാണ് ഈ സ്മാർട്ട് ഡിസ്പെൻസറുകൾ പരീക്ഷണാർത്ഥം സ്ഥാപിച്ചിരിക്കുന്നത്. തീർത്ഥാടകരിൽ നിന്നുള്ള പ്രതികരണം വിലയിരുത്തി വരുംദിവസങ്ങളിൽ ഹറമിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

