സൗദിയിൽ ജി.സി.സി വാഹനങ്ങൾക്ക് പുതിയ നിയമം ബുധനാഴ്ച മുതൽ
text_fieldsറിയാദ്: സൗദി അറേബ്യയിൽ പ്രവേശിക്കുന്ന മറ്റ് ജി.സി.സി അംഗരാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ ഉപയോഗം കൂടുതൽ സുതാര്യമാക്കുന്നതിനും അവയുടെ പദവി നിയമവിധേയമാക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയവും സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയും ചേർന്ന് പുതിയ നിർവഹണ ചട്ടങ്ങൾ പുറപ്പെടുവിച്ചു. പുതിയ നിയമാവലി ഈ മാസം 26 (ബുധനാഴ്ച) മുതൽ പ്രാബല്യത്തിൽ വരും.
ഇതിനകം സൗദിയിലുള്ള ഇത്തരം വാഹനങ്ങളുടെ പദവി ശരിയാക്കുന്നതിനായി നവംബർ 23 വരെ 90 ദിവസത്തെ സാവകാശം അധികൃതർ അനുവദിച്ചിട്ടുണ്ട്. സൗദി പൗരന്മാർ, പ്രവാസികൾ (പ്രീമിയം റെസിഡൻസി ഉടമകൾ ഉൾപ്പെടെ), അല്ലെങ്കിൽ ഇവർ വാഹനം ഓടിക്കാൻ നിയമപരമായി ചുമതലപ്പെടുത്തിയവർ ഉപയോഗിക്കുന്ന ജി.സി.സി രജിസ്ട്രേഷനുള്ള സ്വകാര്യ വാഹനങ്ങൾക്കാണ് ഈ ചട്ടങ്ങൾ ബാധകമാകുന്നത്.
കസ്റ്റംസ് അതിർത്തി വഴി പ്രവേശിക്കുന്ന തീയതി മുതൽ ഒരു വർഷ കാലയളവിനുള്ളിൽ (365 ദിവസം), തുടർച്ചയായതോ അല്ലാത്തതോ ആയ രീതിയിൽ പരമാവധി 90 ദിവസം വരെ മാത്രമേ ഇനി ഇത്തരം വാഹനങ്ങൾക്ക് സൗദിയിൽ തുടരാൻ അനുമതിയുണ്ടാകൂ. സൗദി പൗരന്മാരല്ലാത്തവരും ജി.സി.സി ഇതര രാജ്യക്കാരുമായ വാഹന ഉടമകളും ഡ്രൈവർമാരും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയും ട്രാഫിക് ജനറൽ ഡയറക്ടറേറ്റും വ്യക്തമാക്കി.
വാഹനം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുകയോ, അല്ലെങ്കിൽ സൗദി നമ്പർ പ്ലേറ്റിലേക്ക് മാറ്റി രജിസ്റ്റർ ചെയ്യുകയോ ചെയ്യാം. സൗദി രജിസ്ട്രേഷനായി അടുത്തുള്ള അതിർത്തി പോർട്ടിൽ കസ്റ്റംസ് ബ്രോക്കർ മുഖേന ഡിക്ലറേഷൻ സമർപ്പിച്ച് നിശ്ചിത കസ്റ്റംസ് തീരുവയും നികുതിയും അടച്ചാൽ മതിയാകും. വാഹനം ആദ്യം പ്രവേശിച്ച അതേ അതിർത്തി പോർട്ടിൽ തന്നെ പോകേണ്ടതില്ല. വാഹനങ്ങൾ അതിർത്തി പോർട്ടുകൾ വഴി പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും ആവശ്യമായ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതായിരിക്കും.
നിശ്ചിത 90 ദിവസത്തെ പ്രാഥമിക കാലാവധി തീരുന്നതിന് മുൻപായി വാഹനം സൗദിയിൽ തുടരുന്ന സമയം പരമാവധി 30 ദിവസം വരെ നീട്ടിനൽകാൻ അപേക്ഷിക്കാവുന്നതാണ്. അബ്ഷിർ പ്ലാറ്റ്ഫോം വഴി ഡിജിറ്റലായി നൽകുന്ന ഈ അപേക്ഷ പരിഗണിക്കുന്നതിന് വാഹനത്തിെൻറ രജിസ്ട്രേഷനും ഇൻഷുറൻസും സാധുതയുള്ളതായിരിക്കണം. നിശ്ചിത കാലാവധി അവസാനിച്ച ശേഷമുള്ള അപേക്ഷകൾ നിരാകരിക്കും.
അനുവദിച്ച സമയം കഴിഞ്ഞിട്ടും വാഹനം രാജ്യത്ത് തുടരുന്നപക്ഷം 1,000 റിയാൽ മുതൽ 2,000 റിയാൽ വരെ പിഴ ചുമത്തുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും. വാഹനം ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനുള്ള ചെലവ് ഉൾപ്പെടെയുള്ള മറ്റ് തുകകളും നിയമലംഘകൻ തന്നെ വഹിക്കേണ്ടിവരും. ഇത്തരം നിയമനടപടികൾ ഒഴിവാക്കാൻ വാഹനം സൗദിയിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുകയോ, അല്ലെങ്കിൽ പിഴയടച്ച ശേഷം വാഹനം പ്രവേശന പോർട്ട് വഴി രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് സത്യവാങ്മൂലം നൽകുകയോ വേണം. രാജ്യത്തെ നിലവിലുള്ള മറ്റ് ട്രാഫിക് നിയമങ്ങൾക്കോ വ്യവസ്ഥകൾക്കോ മാറ്റമില്ലാതെയാണ് പുതിയ രീതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

