ഗസ്സയിൽ മാധ്യമപ്രവർത്തകരുടെ കൊല; ശക്തമായി അപലപിച്ച് ഒ.ഐ.സി
text_fields
റിയാദ്: ഗസ്സയിൽ മാധ്യമപ്രവർത്തകരെ ആക്രമിച്ച് കൊലപ്പെടുത്തിയ ഇസ്രായേൽ നടപടിയെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി) ശക്തമായി അപലപിച്ചു. കഴിഞ്ഞ ഞായറാഴ്ച ഗസ്സ സിറ്റിയിൽ മാധ്യമപ്രവർത്തകരുടെ കൂടാരം ആക്രമിച്ചതിനെത്തുടർന്ന് അൽജസീറ മാധ്യമപ്രവർത്തകരായ അനസ് അൽശരീഫ്, മുഹമ്മദ് ഖുറൈഖിയ അടക്കം ആറു മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയതിനെയാണ് ഒ.ഐ.സി അപലപിച്ചത്. ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും മാധ്യമപ്രവർത്തന സ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണെന്നും ഒ.ഐ.സി പ്രസ്താവനയിൽ പറഞ്ഞു. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ മാധ്യമങ്ങൾക്കും അതിന്റെ തൊഴിലാളികൾക്കും എതിരെ ഇസ്രായേൽ നടത്തുന്ന ആസൂത്രിതമായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കുറ്റകൃത്യം നടക്കുന്നത്. സത്യം മറച്ചുവെക്കാനും അത് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ എത്തുന്നത് തടയാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി 2023 ഒക്ടോബർ ഏഴു മുതൽ രക്തസാക്ഷികളായ മാധ്യമപ്രവർത്തകരുടെ എണ്ണം 242 ആയി ഉയർന്നുവെന്ന് ഒ.ഐ.സി ചൂണ്ടിക്കാട്ടി.
ഒരു അധിനിവേശ ശക്തി എന്ന നിലയിൽ ഇസ്രായേലാണ് ഈ കുറ്റകൃത്യത്തിന് പൂർണ ഉത്തരവാദിയെന്ന് ഒ.ഐ.സി ആരോപിച്ചു. അന്താരാഷ്ട്ര അന്വേഷണത്തിനും കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ആഹ്വാനം ചെയ്യുന്നു, മാധ്യമപ്രവർത്തകരെയും മാധ്യമ പ്രഫഷനലുകളെയും മനഃപൂർവം ലക്ഷ്യമിടുന്നത് അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര മാനുഷിക നിയമത്തിനും കരാറുകൾക്കും കീഴിൽ അവർക്ക് സംരക്ഷണം നൽകുന്നതിനും ബന്ധപ്പെട്ട അന്താരാഷ്ട്ര സ്ഥാപനങ്ങൾ ഇടപെടുകയും അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഒ.ഐ.സി ഊന്നിപ്പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.