പഹൽഗാം: അനുശോചിച്ച് സംഘടനകൾ
text_fieldsദമ്മാം: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ദമ്മാം ഒ.ഐ.സി.സി അനുശോചനം രേഖപ്പെടുത്തി. ഭീകരാക്രമണത്തിൽ വിദേശ വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ളവർ മരിച്ചത് അത്യന്തം വേദനാജനകമാണ്.
ഇതിന് പിന്നിൽ ഭരണകൂടവീഴ്ച മുതൽ ഭീകരവാദികളുടെ രാജ്യവിരുദ്ധ അജണ്ടകൾ വരെയാണ്. ഈ അക്രമണം നാടിന്റെ സ്വസ്ഥജീവിതം തകർക്കാനുള്ള ശ്രമങ്ങൾ കൂടിയാണ്. ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാനുള്ള സുവർണാവസരമായി ഇതിനെ ദുരുപയോഗം ചെയ്യാനും ശ്രമങ്ങൾ ഉണ്ടാകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കശ്മീരിലേക്ക് വരുന്ന വിനോദസഞ്ചാരികളെ തടയുകയും സമാധാനാന്തരീക്ഷം തകർത്ത് പ്രക്ഷുബ്ധമായ ജീവിതത്തിലേക്ക് കശ്മീരികളെ തള്ളിവിടുകയുമാണ് ഈ ആസൂത്രിതമായ ആക്രമണത്തിന്റെ ലക്ഷ്യം.
ഇത്തരം ദാരുണസംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് ജനങ്ങളുടെ സ്വസ്ഥമായ ജീവിതത്തിനുതന്നെ വെല്ലുവിളിയാണ്. പഹൽഗാമിൽനിന്നും വരുന്ന വാർത്തകളിൽ പ്രകാരം പരിക്കേറ്റവരെ രക്ഷിക്കാനും സുരക്ഷിതസ്ഥാനങ്ങളിൽ എത്തിക്കാനും അവർക്ക് മുഴുവൻ സമയം സഹായം നൽകാനും സൈന്യത്തിനൊപ്പം പ്രാദേശിക സമൂഹവും ഉണ്ടായിരുന്നു എന്നാണ്. പട്ടാപ്പകൽ നടന്ന ഈ ആക്രമണം കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ്. തീവ്രവാദികൾക്കും ഭീകരവാദികൾക്കും വളക്കൂറുള്ളതും ആൾക്കൂട്ട കൊലപാതകങ്ങളും ആരാധനാലയങ്ങൾ തകർക്കുന്നതുമായ ആക്രമണ പ്രവർത്തനങ്ങൾക്കും പാകമായ മണ്ണായി ഇന്ത്യ മാറിയിരിക്കുന്നു.
ഭരണകൂടം പഴുതടച്ച അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതാണ്. ഉറ്റവരുടെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഭീകരതക്ക് ഇന്ത്യയെ തോൽപ്പിക്കാൻ കഴിയില്ല. ഇത്തരം പ്രവണതകൾക്ക് മുമ്പിൽ രാജ്യം എന്നും മുട്ടു മടക്കിയിട്ടില്ല. അക്രമികളെ പിടികൂടി ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം കശ്മീരികളുടെ ജീവിതം പൂർവസ്ഥിതിയിലേക്ക് എളുപ്പം തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുമുണ്ടാകണം.
ജമ്മു-കശ്മീർ സാധാരണ ജനങ്ങളുടെ വിഷയത്തെ മാനുഷിക പരിഗണനയോടെ സമീപിച്ച് അവധാനതയോടെ കൈകാര്യം ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് ദമ്മാം ഒ.ഐ.സി.സിക്ക് വേണ്ടി നാഷനൽ പ്രസിഡന്റ് ബിജു കല്ലുമല, ഈസ്റ്റേൺ പ്രോവിൻസ് പ്രസിഡന്റ് ഇ.കെ. സലിം, ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, ട്രഷറർ പ്രമോദ് പൂപ്പാല എന്നിവർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.