‘പാസ്പോർട്ട് ടു ദി വേൾഡ്’ പ്രവാസികൾക്കായി ‘ആഘോഷ മേള’ അൽ ഖോബാറിലും ജിദ്ദയിലും
text_fieldsറിയാദ്: ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളിൽനിന്നുള്ള പ്രവാസികൾക്കായി സൗദി പൊതുവിനോദ അതോറിറ്റി ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷ മേള സംഘടിപ്പിക്കുന്നു. ‘പാസ്പോർട്ട് ടു ദി വേൾഡ്’ എന്ന ശീർഷകത്തിൽ ഒരുക്കുന്ന പരിപാടി സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിലും പടിഞ്ഞാറൻ പ്രവിശ്യയിലെ ജിദ്ദയിലുമായി അരങ്ങേറും. ഇതിനുള്ള ഒരുക്കം പുരോഗമിക്കുന്നതായി അതോറിറ്റി അറിയിച്ചു. സൗദിയിൽ ജീവിക്കുന്ന വിവിധ സമൂഹങ്ങൾക്കായി സമർപ്പിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഇവന്റുകളിൽ ഒന്നായിരിക്കും ഇതെന്നും അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇന്ത്യ, സുഡാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവർക്ക് അവരുടെ സ്വത്വത്തോട് ചേർന്ന് തനത് ആഘോഷങ്ങളിൽ അഭിരമിക്കാനുള്ള അവസരമൊരുക്കും. കലാപരിപാടികൾ, പാചകമേള, പരമ്പരാഗത കരകൗശലവസ്തുക്കളുടെ പ്രദർശനമേള, സർഗാത്മക ശിൽപശാലകൾ എന്നിവയിലൂടെ സാംസ്കാരിക വൈവിധ്യങ്ങളുടെ ഹൃദ്യമായ അനുഭവങ്ങൾ സന്ദർശകർക്ക് പകർന്നുനൽകുകയാണ് ലക്ഷ്യം.
മേളയുടെ തുടക്കം അൽ ഖോബാറിലാണ്. ഏപ്രിൽ മാസത്തിലുടനീളം ഓരോ രാജ്യക്കാർക്കും നാലു ദിവസം വീതം അനുവദിക്കും. ഈ മാസം 16 (ബുധനാഴ്ച) മുതൽ 12 (ശനിയാഴ്ച) വരെ സുഡാനി സമൂഹത്തിന്റെ ആഘോഷമാണ്. ഏപ്രിൽ 16 മുതൽ 19 വരെ ഇന്ത്യക്കാരുടെയും ഏപ്രിൽ 23 മുതൽ 26 വരെ ഫിലിപ്പിനോ സമൂഹത്തിന്റെയും ഏപ്രിൽ 30 മുതൽ മെയ് മൂന്നു വരെ ബംഗ്ലാദേശ് പൗരന്മാരുടെയുമായിരിക്കും ആഘോഷം.
ശേഷമുള്ള പരിപാടി ജിദ്ദയിലാണ്. നാടോടി കലാരൂപങ്ങളുടെ അവതരണം, വസ്ത്ര വൈവിധ്യത്തിന്റെ പ്രദർശനമേള, ഓരോ രാജ്യത്തിന്റെയും തനതായ പ്രകൃതിദത്ത, വാസ്തുവിദ്യാഘടകങ്ങൾ ഇണക്കിച്ചേർത്ത് രൂപവത്കരിച്ച പവിലിയനുകളും കലാസാംസ്കാരിക പരിപാടികളുമാണ് ഒരുക്കുക. ഓപൺ മാർക്കറ്റുകൾ, തിയേറ്ററുകൾ, ഇൻട്രാക്ടീവ് മോഡലുകൾ എന്നിവക്ക് പുറമെ പരമ്പരാഗത വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും നൃത്ത പ്രകടനങ്ങളും വിവിധതരം ഭക്ഷണങ്ങളും കരകൗശല വസ്തുക്കളും ഉൾപ്പെടെയുള്ള സംസ്കാരത്തിന്റെ ഘടകങ്ങൾ പ്രദർശിപ്പിക്കാൻ ഓരോ പവിലിയനും ഏരിയകൾ അനുവദിച്ചിട്ടുണ്ട്.
ഇവന്റിന് ഒന്നിലധികം ലക്ഷ്യങ്ങളുണ്ട്. സാംസ്കാരിക വൈവിധ്യം സമ്പുഷ്ടമാക്കുക, പങ്കെടുക്കുന്ന രാജ്യങ്ങളുടെ പാരമ്പര്യത്തിന്റെ സൗന്ദര്യം ഉയർത്തിക്കാട്ടുക, സ്വദേശികളും വിദേശികളും തമ്മിൽ സാംസ്കാരിക ആശയവിനിമയത്തിനുള്ള പാലങ്ങൾ നിർമിക്കുക, എല്ലാ കുടുംബാംഗങ്ങൾക്കും സമഗ്രവും ആസ്വാദ്യകരവും വിദ്യാഭ്യാസപരവുമായ അനുഭവം പകർന്നുനൽകുക, കലയിലൂടെയും ഭക്ഷണത്തിലൂടെയും സാംസ്കാരിക പൈതൃകത്തെ ഉയർത്തിക്കാട്ടുക എന്നിവയാണ് അവയിൽ ഏറ്റവും പ്രധാനം.
‘വിഷൻ 2030’ന്റെ കാഴ്ചപ്പാടിന്റെ ചട്ടക്കൂടിനുള്ളിലാണ് പരിപാടികൾ ഒരുക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.