പാസ്പോർട്ട് ടു ദ വേൾഡ്; മെഗാ ഇന്ത്യൻ ഫെസ്റ്റിനൊരുങ്ങി ജിദ്ദ
text_fieldsനീരജ് മാധവ്, ശ്വേതാ അശോക്, കൗശിക് വിനോദ്, ആകാംക്ഷ ശർമ,
ജാൻ കുമാർ സാനു, ജുബിൻ നൗട്ടിയാൽ
ജിദ്ദ: സൗദി ജനറൽ എന്റർടെയ്മെന്റ് അതോറിറ്റി (ജി.ഇ.എ) രാജ്യത്തെ പ്രവാസികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ‘പാസ്പോർട്ട് ടു ദ വേൾഡ്’ മെഗാ ഇവന്റിന്റെ ഭാഗമായി അടുത്തയാഴ്ച് നടക്കുന്ന ഇന്ത്യൻ ഫെസ്റ്റിനെ വരവേൽക്കാനൊരുങ്ങി ജിദ്ദയിലെ പ്രവാസി സമൂഹം.
ജിദ്ദ ശറഫിയ്യക്കടുത്ത് അൽവുറൂദ് ഡിസ്ട്രിക്ടിലെ വിശാലമായ മൈതാനത്താണ് മെഗാ ഉത്സവം അരങ്ങേറുന്നത്. ഈ മാസം 14 (ബുധൻ) മുതൽ 17 (ശനി) വരെ നാല് ദിവസങ്ങളിലാണ് ഇന്ത്യൻ ഫെസ്റ്റ്. ഇന്ത്യൻ സംസ്കാരത്തിന്റെ വിവിധ മോഡലുകൾ ഫെസ്റ്റിൽ ഒരുക്കുന്നുണ്ട്. ബോളിവുഡ് ഡാൻസ്, ഭാൻഗ്ര നൃത്തം, ഒപ്പന, കോൽക്കളി തുടങ്ങിയ കലാരൂപങ്ങൾ ഉൾക്കൊള്ളിച്ചുള്ള വർണശബളമായ ഘോഷയാത്ര നാല് ദിനങ്ങളിലും നടക്കും. പരമ്പരാഗത കലാരൂപങ്ങളുടെ അവതരണത്തോടൊപ്പം നാല് ദിനങ്ങളിലും ഇന്ത്യയിൽനിന്നെത്തുന്ന അറിയപ്പെടുന്ന ഗായകർ മെഗാ സ്റ്റേജിൽ സംഗീത പെരുമഴ പെയ്യിക്കും. സിനിമ നടീനടന്മാരും പരിപാടിക്കായി എത്തുന്നുണ്ട്.
ഹിന്ദി നടിയും മോഡലുമായ കിശ്വർ മെർച്ചന്ദ്, കന്നഡ നടിയും മോഡലുമായ ആകൻക്ഷ ശർമ, പ്രസിദ്ധ ഹിന്ദി പിന്നണി ഗായകൻ കുമാർ സാനുവിന്റെ മകൻ ജാൻ കുമാർ സാനു, ഗായകനും ഇന്ത്യൻ ഐഡൊൾ ഫെയിമുമായ മുഹമ്മദ് ഡാനിഷ്, മലയാള നടനും ഡാൻസറും റാപ്പറുമായ നീരജ് മാധവ്, ഹിന്ദി ഗാനരചയിതാവും ഗായികയുമായ പ്രിയൻഷി ശ്രീവാസ്തവ, ഹിന്ദി ഗായകരായ ജുബിൻ നൗട്ടിയാൽ, സുകൃതി കാകർ, വിഭൂതി ശർമ, പ്രകൃതി, ഡിജെ പെർഫോർമർ കർമ, മലയാളി ഗായകരായ കൗശിക് വിനോദ്, ഷിയ മജീദ്, ശ്വേത അശോക്, മലയാള, ഹിന്ദി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ സൗദി ഗായകൻ അഹമ്മദ് സുൽത്താൻ എന്നിവർ വിവിധ ദിവസങ്ങളിലായി വേദിയിൽ പ്രത്യക്ഷപ്പെടും.
ഇന്ത്യൻ ഉൽപന്നങ്ങളുടെ ചന്തകൾ, സംവേദനാത്മക പ്രദർശനങ്ങൾ, ഇന്ത്യൻ ഫുഡ് കോർണറുകൾ എന്നിവയുമുണ്ടാകും. ‘വിഷൻ 2030’ ന്റെ ഭാഗമായി സൗദിയിലെ പ്രവാസി സമൂഹങ്ങൾക്കായി ജി.ഇ.എ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിൽ ഒന്നാണ് ‘പാസ്പോർട്ട് ടു ദ വേൾഡ്’. ഓരോ രാജ്യത്തിന്റെയും പ്രത്യേക സംസ്കാരങ്ങൾ സ്വദേശികൾക്ക് പരിചയപ്പെടുത്തുക എന്നത് കൂടിയാണ് ഈ പരിപാടിയുടെ ലക്ഷ്യം. അതത് രാജ്യങ്ങളുടെ നാടോടി കലാരൂപങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ, അനുബന്ധ ഉപകരണങ്ങൾ, വൈവിധ്യമാർന്ന ഭക്ഷണങ്ങൾ, വാസ്തുവിദ്യ, കരകൗശല വസ്തുക്കൾ തുടങ്ങിയവ ഉത്സവ നഗരിയിൽ ഒരുക്കുന്നുണ്ട്. ബുധൻ, ശനി ദിവസങ്ങളിൽ വൈകീട്ട് ആറ് മുതൽ രാത്രി 12 വരെയും വ്യാഴം വൈകീട്ട് ആറ് മുതൽ പുലർച്ചെ ഒരു മണി വരെയും വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുതൽ പുലർച്ചെ ഒരു മണി വരെയുമാണ് പരിപാടികൾ.
കുട്ടികൾക്ക് മാത്രമായി വിവിധ പരിപാടികളുമുണ്ട്. പ്രവേശനം പൂർണമായും സൗജന്യമാണെങ്കിലും സൗജന്യ പാസിന് webook എന്ന ആപ്പ് / webook.com വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. ഏപ്രിൽ 30 മുതൽ ആരംഭിച്ച മെഗാ ഇവന്റിൽ ആദ്യ നാല് ദിനങ്ങൾ ഫിലിപ്പീൻസ് ഫെസ്റ്റായിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ച ആരംഭിച്ച ബംഗ്ലാദേശി ഫെസ്റ്റ് ശനിയാഴ്ച വരെ തുടരും. മെയ് 21 മുതൽ 24 വരെ സുഡാനി ഫെസ്റ്റും നടക്കും.
‘പാസ്പോർട്ട് ടു ദ വേൾഡ്’ മെഗാ ഇവന്റിന്റെ ആദ്യ ഘട്ടം കഴിഞ്ഞ ഒരു മാസമായി ദമ്മാം അൽ ഖോബാറിലായിരുന്നു. ഈ പരിപാടിയിലേക്ക് വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. ജിദ്ദയിലെ ഉത്സവ നഗരിയും ജനസാഗരത്തെകൊണ്ട് നിറഞ്ഞുകവിയും എന്നാണ് അധികൃതരുടെ പ്രതീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.