സൗദിയിൽ കുടുങ്ങിയ ഉംറ തീർത്ഥാടകരെ നാട്ടിലെത്തിക്കാൻ ഊർജ്ജിതമായ ഇടപെടലുകളുമായി ഇന്ത്യൻ എംബസിയും കോൺസുലേറ്റും
text_fieldsറിയാദ്: സൗദി അറേബ്യയിൽ വിവിധ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങാനാവാതെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ ഉംറ തീർത്ഥാടകരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമവുമായി റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും. ഇതിനായി ബന്ധപ്പെട്ട വിമാനക്കമ്പനികളുമായും ടൂർ ഓപ്പറേറ്റർമാരുമായും അധികൃതർ നിരന്തരം ചർച്ചകൾ നടത്തിവരികയാണ്.
കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ മാത്രം, കുടുങ്ങിക്കിടന്ന 3,000-ത്തോളം ഉംറ തീർത്ഥാടകരെ ലഭ്യമായ വിമാനങ്ങൾ വഴി സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് സുരക്ഷിതമായി അയക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത് കൂടാതെ, മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞ ആഴ്ചകളിൽ മാത്രം 10,000-ത്തിലധികം വരുന്ന സാധാരണ ഉംറ തീർത്ഥാടകരും നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ബാക്കിയുള്ള എല്ലാ തീർത്ഥാടകരുടെയും മടക്കയാത്ര എത്രയും പെട്ടെന്ന് സാധ്യമാക്കാനുള്ളക്കണക്കൂട്ടലിലാണ് അധികൃതർ.
നാട്ടിലേക്ക് മടങ്ങാൻ പ്രയാസപ്പെടുന്ന തീർത്ഥാടകർക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കാൻ സന്നദ്ധപ്രവർത്തകരുടെ പിന്തുണയോടെ എംബസിയും കോൺസുലേറ്റും രംഗത്തുണ്ട്. ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ ഇതിനോടകം സജ്ജീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളും ജാഗ്രതാ നിർദ്ദേശങ്ങളും കൃത്യമായ ഇടവേളകളിൽ അധികൃതർ പുറത്തിറക്കുന്നുമുണ്ട്.
സൗദിയിലെ ഇന്ത്യൻ എംബസിയെയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിനെയും 24 മണിക്കൂറും ബന്ധപ്പെടാനുള്ള നമ്പറുകൾ:
റിയാദിലെ ഇന്ത്യൻ എംബസി:
ഫോൺ നമ്പറുകൾ: +966-554412016, +966-542126784
ടോൾ ഫ്രീ നമ്പർ: 8002471234 (സൗദി അറേബ്യയിൽ ഉള്ളവർക്ക് മാത്രം വിളിക്കാം)
വാട്സ്ആപ്പ് നമ്പർ: +966-536216082 (സന്ദേശങ്ങൾ അയക്കാൻ മാത്രം)
ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ:
ഫോൺ നമ്പറുകൾ: +966-12-2614093, +966-556122301
വാട്സ്ആപ്പ് നമ്പർ: +966-536209704 (സന്ദേശങ്ങൾ അയക്കാൻ മാത്രം)

