ഇന്ത്യൻ സാംസ്കാരിക വൈവിധ്യം അനാവരണം ചെയ്ത് ‘പ്രവാസി പരിചയ്’ റിയാദിൽ അരങ്ങേറി
text_fieldsഇന്ത്യൻ എംബസി റിയാദിൽ സംഘടിപ്പിച്ച 'പ്രവാസി പരിചയ്' സാംസ്കാരിക മേളയിൽനിന്ന്
റിയാദ്: ഇന്ത്യൻ സാംസ്കാരിക വൈവിധ്യം അനാവരണം ചെയ്ത് ഇന്ത്യൻ എംബസി റിയാദിൽ സംഘടിപ്പിച്ച സാംസ്കാരിക മേളയായ ‘പ്രവാസി പരിചയ്’ തിങ്കളാഴ്ച അവസാനിക്കും. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം പ്രമേയമാക്കി വർണാഭമായ പരിപാടികളാണ് ഒക്ടോബർ 28ന് ആരംഭിച്ച ഏഴ് ദിവസത്തെ മേളയിൽ അരങ്ങേറിയത്.
സൗദിയിലെ ഇന്ത്യൻ പ്രവാസി സംഘടനകളുടെ പങ്കാളിത്തത്തോടെയായിരുന്നു വിവിധ പരിപാടികൾ. എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാൻ മേള ഉദ്ഘാടനം ചെയ്തു. തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗോവ, ജമ്മു ആൻഡ് കശ്മീർ സംസ്ഥാനങ്ങളുടെ പരിപാടികൾ നടന്നു.
തമിഴ്നാട്ടിൽ നിന്നും ഡൈനാമിക് ക്ലാസിക്കൽ ഡ്രം പ്രകടനവും, കുട്ടികളുടെ നാടോടി നൃത്തവും, ഭരതനാട്യവും, ആയോധന കലയായ ചിലമ്പവും അവതരിപ്പിക്കപ്പെട്ടു. ഗുജറാത്തിൽ നിന്ന് ഗർഭ നൃത്തവും മഹാരാഷ്ട്രയിൽ നിന്നുള്ള കലാകാരന്മാർ ഗണേഷ് ആരാധന, ഛത്രപതി ശിവാജി ഗാനം, ദഹി ഹാൻഡി, ലാവണി, നാടോടി നൃത്തം എന്നിവയിലൂടെ ഉത്സവത്തിന് ആവേശം പകർന്നു.
ഗോവയുടെ ഊർജ്ജസ്വലത വിളിച്ചോതി ഗോവൻ കുംബി ഫോക്ക് ഡാൻസും വേദിയിലെത്തി. തെലങ്കാന സംസ്ഥാനത്തിൻ്റെ പൈതൃകം മാഥുരി ഫോക്ക് ഡാൻസ്, ഗുസ്സാഡി ഡാൻസ്, ബൊണാലു ഫെസ്റ്റിവൽ, ബത്തുകമ്മ, ഹൈദരാബാദി മർഫ ബാരാത്ത്, ഖവാലി എന്നിവയിലൂടെ പ്രദർശിപ്പിച്ചു. ജമ്മു ആൻഡ് കാശ്മീരിന്റെ മനോഹാരിത റൗഫ് നൃത്തത്തിലൂടെയും, ആന്ധ്രാപ്രദേശിന്റെ കലാപാരമ്പര്യം ഗംഗമ്മ, അർദ്ധനാരീശ്വർ, വരാഹ തുടങ്ങിയ വിഷയങ്ങളിലെ ശാസ്ത്രീയ നൃത്തങ്ങളിലൂടെയും കാഴ്ചക്കാർക്ക് മുന്നിൽ അനാവരണം ചെയ്യപ്പെട്ടു.
ഇന്ത്യൻ സംസ്കാരത്തിൻ്റെ സമ്പന്നമായ പൈതൃകം ശക്തിപ്പെടുത്തിയ ഈ പരിപാടികൾക്ക് റിയാദിലെ ഇന്ത്യൻ സമൂഹത്തിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിവിധ പ്രവാസി സംഘടനകൾ പരിപാടികളുടെ വിജയകരമായ നടത്തിപ്പിൽ നിർണ്ണായക പങ്ക് വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

