നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയത്തിൽ ഭീമമായ വർധനവ്: പ്രവാസികളോടുള്ള പകൽകൊള്ള അവസാനിപ്പിക്കണം: പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി
text_fieldsജിദ്ദ: നോർക്ക കെയർ ഇൻഷുറൻസ് പോളിസി പുതുക്കുന്നതിനുള്ള പ്രീമിയം തുകയിൽ പ്രായത്തിന്റെ അടിസ്ഥാനത്തിൽ വരുത്തിയ ഭീമമായ വർധനവ് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഈ ഇരുട്ടടി ഉടൻ പിൻവലിക്കണമെന്നും പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ആവശ്യപ്പെട്ടു. നോർക്ക ഐഡി കാർഡ് ഉടമയുടെ പ്രായം മാത്രം അടിസ്ഥാനമാക്കി മുഴുവൻ അംഗങ്ങളുടെയും പ്രീമിയം കണക്കാക്കുന്ന പുതിയ രീതി തികച്ചും അശാസ്ത്രീയവും മുതിർന്ന പ്രവാസികളോടുള്ള കടുത്ത അനീതിയുമാണ്.
കഴിഞ്ഞ വർഷം കുറഞ്ഞ പ്രീമിയം കണ്ട് നോർക്ക കെയർ എടുത്ത പല പ്രവാസികളും ഇപ്പോൾ പെരുവഴിയിലാണ്. 200 ശതമാനത്തിലധികമുള്ള ഈ കൊള്ളനിരക്ക് താങ്ങാനാവാതെ നോർക്ക പോളിസി പുതുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇവർ. തിരികെ പഴയ സ്വകാര്യ ഇൻഷുറൻസുകളിലേക്ക് തന്നെ പോകാമെന്ന് വെച്ചാൽ, പ്രായക്കൂടുതൽ കാരണം പലർക്കും പുതിയ പോളിസി ലഭിക്കുന്നില്ല. വർഷങ്ങളായി സ്വകാര്യ പോളിസികളിൽ നിലനിർത്തിയിരുന്ന സീനിയോറിറ്റിയും (തുടർച്ചയായ കവറേജ് വഴിയുള്ള ആനുകൂല്യങ്ങൾ) ഇവർക്ക് എന്നെന്നേക്കുമായി നഷ്ടമായി. ചുരുക്കത്തിൽ, സർക്കാരിനെ വിശ്വസിച്ച സാധാരണക്കാരായ പ്രവാസികളെ അക്ഷരാർത്ഥത്തിൽ വഞ്ചിക്കുകയാണ് നോർക്ക ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷം കുടുംബത്തിന് 5 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്ന പോളിസിക്ക് വെറും 13,411 രൂപയായിരുന്നു അടക്കേണ്ടിയിരുന്നത്. എന്നാൽ പുതിയ നിരക്കനുസരിച്ച് 51-60 പ്രായപരിധിയിലുള്ള ഒരു പ്രവാസിക്ക് (ഉദാഹരണത്തിന് 55 വയസ്സുള്ള ഒരാൾക്ക്) ഇതേ ഫാമിലി പോളിസിക്ക് 35,664 രൂപയാണ് നൽകേണ്ടി വരുന്നത്. ഇതേ പോളിസിയിൽ മാതാപിതാക്കളെക്കൂടി ഉൾപ്പെടുത്തിയാൽ 51-60 വയസ്സുകാരുടെ പ്രീമിയം 76,425 രൂപയായി കുതിച്ചുയരും. 61 മുതൽ 70 വയസ്സുവരെ പ്രായമുള്ള പ്രവാസികൾക്ക് 5 ലക്ഷത്തിന്റെ ഫാമിലി പോളിസിക്ക് 44,718 രൂപയും, മാതാപിതാക്കളെ ഉൾപ്പെടുത്തിയാൽ 95,271 രൂപയുമാണ് നൽകേണ്ടത്. ഏറ്റവും കുറഞ്ഞ 3 ലക്ഷം രൂപയുടെ ഫാമിലി പോളിസിക്ക് പോലും 51-60 പ്രായപരിധിയിലുള്ളവർ 24,386 രൂപ നൽകണം. സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ച് ഇത് താങ്ങാവുന്നതി ലുമപ്പുറമാണ്.
നിലവിൽ പ്രമുഖ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ ഈടാക്കുന്ന തുകക്ക് തുല്യമോ അതിനേക്കാൾ കൂടുതലോ ആണ് നോർക്ക ഇപ്പോൾ ആവശ്യപ്പെടുന്നത്. പല സ്വകാര്യ കമ്പനികളും ഇതിലും കുറഞ്ഞ നിരക്കിൽ മികച്ച പരിരക്ഷ നൽകുന്നുണ്ടെന്നിരിക്കെ, പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ട നോർക്കയുടെ ഈ നടപടി അംഗീകരിക്കാനാവില്ല. പ്രവാസികൾക്ക് ആശ്വാസമാകേണ്ട പദ്ധതികൾ അവർക്ക് തന്നെ ബാധ്യതയാകുന്ന അവസ്ഥയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന പ്രവാസികൾക്ക് താങ്ങാനാവാത്ത ഈ ഭീമമായ പ്രീമിയം വർദ്ധനവ് ഉടൻ പിൻവലിക്കണമെന്നും, പഴയ നിരക്കിൽ തന്നെ ഇൻഷുറൻസ് പുതുക്കാൻ അവസരമൊരുക്കണമെന്നും പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ, ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു

