ദോഹയിൽനിന്ന് നേരിട്ട് റെഡ് സീയിലേക്ക് ഖത്തർ; എയർവേസ് വിമാനസർവിസ് ഒക്ടോബർ 21 മുതൽ
text_fieldsജിദ്ദ: ദോഹ ഹമദ് ഇന്റർനാഷനൽ വിമാനത്താവളത്തിൽ നിന്നും തബൂക്കിനടുത്ത് റെഡ് സീ ഇന്റർനാഷനൽ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള ഖത്തർ എയർവേസ് വിമാനസർവിസ് ഒക്ടോബർ 21 മുതൽ ആരംഭിക്കും. ഇത് ലോകമെമ്പാടുമുള്ള 90 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏറെ പ്രയോജനം ചെയ്യും.
വിനോദസഞ്ചാരികൾക്കും സൗദിയിലെ സ്വദേശികൾക്കും വിദേശികൾക്കും നിക്ഷേപകർക്കും സന്ദർശകർക്കുമെല്ലാം ചെങ്കടൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് തടസ്സമില്ലാത്ത പ്രവേശനം ഉറപ്പാക്കിക്കൊണ്ട് ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേസ് ആഴ്ചയിൽ മൂന്ന് സർവിസുകൾ നടത്തും.
ഖത്തർ എയർവേസുമായുള്ള ഈ പങ്കാളിത്തം ആഡംബരത്തിനും സുസ്ഥിരതക്കുമുള്ള ഒരു ആഗോള കേന്ദ്രമായി റെഡ് സീയെ സ്ഥാപിക്കുന്നതിൽ ഒരു നിർണായക ചുവടുവപ്പായിരിക്കുമെന്ന് ദി റെഡ് സീ ഇന്റർനാഷനൽ സി.ഇ.ഒ ജോൺ പഗാനോ അഭിപ്രായപ്പെട്ടു. കൂടുതൽ ഹോട്ടലുകൾ, റിസോർട്ടുകൾ, മറ്റു സൗകര്യങ്ങൾ എന്നിവ സംവിധാനിക്കുന്നതോടെ റെഡ് സീയിലേക്കുള്ള യാത്രകൾ ലോകത്തെ നമ്മുടെ പ്രകൃതിദത്തവും സാംസ്കാരികവുമായ നിധികളുമായി ബന്ധിപ്പിക്കുന്ന ഒരു പാലമായും, നമ്മുടെ അതിഥികൾക്ക് ആഡംബരത്തിന്റെയും സുസ്ഥിര ടൂറിസത്തിന്റെയും അതുല്യമായ മാതൃകയിലേക്ക് പരിചയപ്പെടുത്താനുള്ള അവസരമായും വർത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ സർവിസിലൂടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്രക്കാർക്ക് സവിശേഷ അനുഭവങ്ങൾ ആക്സസ് ചെയ്യാൻ കഴിയുമെന്ന് ഖത്തർ എയർവേസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എൻജിനീയർ ബദർ മുഹമ്മദ് അൽമീർ വിശദീകരിച്ചു.
2023 ലാണ് റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തിച്ചു തുടങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ ഊർജ സംഭരണ സൗകര്യങ്ങളിലൊന്നിന്റെ പിന്തുണയോടെ 7,60,000ത്തിലധികം സോളാർ പാനലുകൾ ഉൾക്കൊള്ളുന്ന റെഡ് സീ വിമാനത്താവളത്തിന്റെ ആദ്യഘട്ടം ഈ വർഷം അവസാനം പൂർത്തിയാകുമ്പോൾ റെഡ് സീ ഇന്റർനാഷനൽ വിമാനത്താവളം (ആർ.എസ്.ഐ) പൂർണമായും പുനരുപയോഗ ഊർജത്താൽ പ്രവർത്തിക്കും. രാജ്യത്തിന്റെ വിഷൻ 2030 ന്റെ ഒരു സ്തംഭമാണ് റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.