റഹീം മോചനം: ദിയ ധനം കൈമാറാൻ തയാർ; ഗവർണറേറ്റിന്റെ നിർദേശത്തിന് കാത്തിരിക്കുന്നുവെന്ന് ഇന്ത്യൻ എംബസി
text_fieldsഅബ്ദുറഹീം
റിയാദ് : സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായുള്ള ദിയ ധനം (ബ്ലഡ് മണി) ഏത് സമയവും നൽകാൻ തയാറാണെന്ന് ഇന്ത്യൻ എംബസി റിയാദ് ഗവർണറേറ്റിനെ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും റഹീം നിയമസഹായ സമിതി അംഗങ്ങളും റിയാദ് ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പണം എങ്ങനെ കുടുംബത്തിനു കൈമാറണമെന്നത് സംബന്ധിച്ച മാർഗനിർദേശം നൽകണമെന്ന് ഗവർണറേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പണം സർട്ടിഫൈഡ് ചെക്കായി കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് നേരിട്ടു കൈമാറണോ അതോ കോടതിയുടെ അക്കൗണ്ടിലേക്ക് മാറ്റണോയെന്ന് ഗവർണറേറ്റ് രേഖാമൂലം ഇന്ത്യൻ എംബസിയെ അറിയിക്കും. പണം നൽകാനുള്ള ഗവർണറേറ്റിന്റെ നിർദേശത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ എംബസിയും സഹായ സമിതിയും. ഇക്കാര്യത്തിൽ ഗവർണറേറ്റിന്റെ അറിയിപ്പുണ്ടായാൽ ഉടൻ ദിയ ധനമായ 1.5 കോടി സൗദി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) പണം സമാഹരിക്കാൻ നേതൃത്വം നൽകിയ ട്രസ്റ്റ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറും. തുടർന്ന് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ എംബസി തുക സർട്ടിഫൈഡ് ചെക്കായി ഗവർണറേറ്റ് നിർദേശിക്കുന്ന അക്കൗണ്ടിലേക്ക് നൽകും.
ഇതോടെ മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പ്രധാനഘട്ടം പൂർത്തിയാകും. പിന്നീട് ഇരു വിഭാഗത്തിന്റെയും വക്കീലുമാർ കോടതിയുടെ സമയം മുൻകൂട്ടിവാങ്ങി ഹാജരാകും. അപ്പോഴേക്കും ഗവർണറേറ്റിൽനിന്ന് രേഖകൾ കോടതിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ കോടതിയുടെ ഉത്തരവും മോചനവുമായി ബന്ധപ്പെട്ട നിർദേശങ്ങളും നൽകുമെന്നാണ് വിദഗ്ധർ അറിയിച്ചത്. റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും റിയാദ് സഹായ സമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

