നിയമലംഘനം: 67 റിക്രൂട്ട്മെന്റ് ഓഫീസുകളുടെ പ്രവർത്തനം നിർത്തലാക്കി, ഒരു ഓഫീസിന്റെ ലൈസൻസ് റദ്ദാക്കി
text_fieldsറിയാദ്: റിക്രൂട്ട്മെന്റ് നയങ്ങളും തൊഴിലാളി സേവന വ്യവസ്ഥകളും ലംഘിച്ചതിന് 66 റിക്രൂട്ട്മെന്റ് ഓഫീസുകളുടെ പ്രവർത്തനം ഉടനടി നിർത്തിവെക്കുകയും മറ്റൊരു ഓഫീസിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തതായി സൗദി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. 2026ന്റെ മൂന്നാം പാദത്തിൽ റിക്രൂട്ട്മെന്റ് ഓഫീസുകളിലും കമ്പനികളിലും നടത്തിയ പരിശോധനകൾക്ക് ശേഷമാണിത്. നിയമലംഘനങ്ങൾ തടയുക, മേഖലയുടെ പ്രവർത്തനം ക്രമീകരിക്കുക, ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നടപടി.
റിക്രൂട്ട്മെന്റ് സേവനങ്ങളും തൊഴിലാളി സേവനങ്ങളും നൽകുന്നതിലെ നിയമലംഘനങ്ങൾ, ഉപഭോക്താക്കൾക്ക് തിരികെ നൽകാനുള്ള തുക വൈകിപ്പിക്കൽ, ലഭിച്ച പരാതികൾ പരിഹരിക്കാതിരിക്കൽ തുടങ്ങിയ കാരണങ്ങളാൽ 67 റിക്രൂട്ട്മെന്റ് ഓഫീസുകൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി.റിക്രൂട്ട്മെന്റ് ഓഫീസുകളുടെയും കമ്പനികളുടെയും പ്രവർത്തനങ്ങളിൽ തുടർച്ചയായ പരിശോധനകൾ ഉറപ്പുവരുത്തുമെന്നും നിയമങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം പറഞ്ഞു. അംഗീകൃത റിക്രൂട്ട്മെന്റ് ഓഫീസുകളുമായും കമ്പനികളുമായും ഡിജിറ്റൽ മാർഗത്തിലൂടെ കരാറുകളിൽ ഏർപ്പെടാനും, അവയുടെ സേവനങ്ങൾ വിലയിരുത്താനും അപേക്ഷകൾ പിന്തുടരാനും സഹായിക്കുന്ന ‘മുസാനിദ്’പ്ലാറ്റ്ഫോം വഴി ലഭ്യമാകുന്ന വിശ്വസനീയമായ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യർഥിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 920002866 എന്ന ഏകീകൃത നമ്പറിലൂടെയോ സ്മാർട്ട്ഫോണുകളിൽ ലഭ്യമായ ‘മുസാനിദ്’ ആപ്പ് വഴിയോ പരാതിപ്പെടാവുന്നതാണ്.

