‘റിസ’ അന്താരാഷ്ട്ര പ്രസംഗ മത്സരം; വിജയികളെ പ്രഖ്യാപിച്ചു
text_fieldsജ്ഞാനശ്രീ പ്രഭു, ഐഷ ഇബ്രാഹിം, ഐമ അറഫാത്ത്, റിദ അബ്ദുൽ റഹ്മാൻ, അസ ഷാജിദ്, റയാൻ ടോം ബോബി, ഗുണിക കൗൾ, റന ഐഷ, സോന ഹന്ന സഞ്ജു
റിയാദ്: സുബൈർകുഞ്ഞ് ഫൗണ്ടേഷെൻറ ലഹരിവിരുദ്ധ കൂട്ടായ്മയായ ‘റിസ’, ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ‘നൂതന വിപണന തന്ത്രങ്ങളെ ചെറുക്കുക! നിക്കോട്ടിൻ/പുകയില ആസക്തി തടയുക!’ എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന് ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
സുബൈർകുഞ്ഞിെൻറ ഓർമദിനമായ ജൂൺ 17-ന് ഫൗണ്ടേഷൻ ചെയർമാെൻറ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിലായിരുന്നു പ്രഖ്യാപനം. കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ.എ.എസ് പരിപാടി ഉദ്ഘാടനം ചെയ്യുകയും സംസ്ഥാന സർക്കാരിെൻറ 'തുഫാൻ' പദ്ധതിയുമായി റിസ സഹകരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.
മുൻ കേരള ഡി.ജി.പി ഋഷിരാജ് സിങ് ഐ.പി.എസ് വിജയികളെ പ്രഖ്യാപിച്ചു. ലംഹാ നിഷാെൻറ പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ എൻ. അബ്ദുൽ ബഷീർ അനുസ്മരണ പ്രഭാഷണവും, സിസ് മീരാറഹ്മാൻ പ്രവർത്തന സംഗ്രഹവും നടത്തി. ടോമി ചെറിയൻ, പി. കെ. സലാം, അതുല്യ, ഡോ. എ.വി. ഭരതൻ, ജോർജ് കുട്ടി മക്കുളത്ത് എന്നിവർ ആശംസകൾ നേർന്നു. വിജയികളും ഗ്രീക്ക് പൗര ക്രിസ്റ്റ്യാനയും അനുഭവങ്ങൾ പങ്കുവെച്ചു. പത്മിനി യു. നായർ സ്വാഗതവും കരുണാകരൻ പിള്ള നന്ദിയും പറഞ്ഞു.
മത്സരത്തിൽ മലയാളം ഒന്നാം കാറ്റഗറിയിൽ ജ്ഞാനശ്രീ പ്രഭു (തുറവൂർ ടി.ഡി.എച്ച്.എസ്സ്) ഒന്നാം സ്ഥാനവും, അജ്മാൻ ഡി.പി.എസ്സിലെ ഐഷ ഇബ്രാഹിം, ഐമ അറഫാത്ത് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ഇംഗ്ലീഷ് രണ്ടാം കാറ്റഗറിയിലെ ഒന്നാം ക്ലസ്റ്ററിൽ റിദ അബ്ദുൽ റഹ്മാൻ (റിയാദ് യാര സ്കൂൾ), അസ ഷാജിദ് (മഞ്ചേരി ബെഞ്ച് മാർക്ക് സ്കൂൾ), റയാൻ ടോം ബോബി (കുവൈത്ത് യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ) എന്നിവരും, രണ്ടാം ക്ലസ്റ്ററിൽ ഗുണിക കൗൾ (ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ), റന ഐഷ (മഞ്ചേരി ബെഞ്ച് മാർക്ക് സ്കൂൾ), സോന ഹന്ന സഞ്ജു (റിയാദ് യാര സ്കൂൾ) എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.
വിജയികൾക്ക് സുബൈർകുഞ്ഞ് സ്മാരക ക്യാഷ് അവാർഡും അച്ചീവ്മെൻറ് സർട്ടിഫിക്കറ്റും ലഭിക്കും.
ഇംഗ്ലീഷ് വിഭാഗത്തിൽ ഡോ. രാജു വർഗീസ്, ആഷിക, ജോസ് തോമസ് എന്നിവരും, മലയാളത്തിൽ ഡോ. റോയി തോമസ്, ബിന്ദു, ഖമറുന്നിസ എന്നിവരും വിധികർത്താക്കളായിരുന്നു. ഡോ. തമ്പി വേലപ്പൻ, ഡോ. രാജു വർഗീസ്, സനൂപ് അഹമ്മദ്, ജഹീർ ബഷീർ, സെയിൻ അബ്ദുൽ അസീസ്, റയാൻ, ഷിഫ അബ്ദുൽ അസീസ് എന്നിവരും പ്രാദേശിക പ്രതിനിധികളും പരിപാടികൾക്ക് നേതൃത്വം നൽകി.
മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വെബ്സൈറ്റിൽ ലഭ്യമാണ്. പങ്കെടുത്ത കുട്ടികൾക്ക് ‘റിസാ-tot’ പരിശീലനം നൽകുമെന്നും, ഫൗണ്ടേഷെൻറ 11-ാമത് ലഹരിവിരുദ്ധ പ്രതിജ്ഞാ കാമ്പയിൻ ജൂൺ 25 മുതൽ 30 വരെ വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കുമെന്നും റിസ കൺവീനർ ഡോ. അബ്ദുൽ അസീസ്, പ്രോഗ്രാം കൺസൽട്ടൻറ് ഡോ. എ.വി. ഭരതൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

