റിയാദ് എയർ അന്താരാഷ്ട്ര സർവീസിന് തുടക്കം; ആദ്യ വിമാനം ലണ്ടനിലെത്തി
text_fieldsറിയാദ് എയർ അന്താരാഷ്ട്ര സർവീസിന്റെ ആദ്യ വിമാനം ലണ്ടനിലെത്തിയപ്പോൾ
റിയാദ്: പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയറിന്റെ ആദ്യ അന്താരാഷ്ട്ര ഉദ്ഘാടന വിമാനം ലണ്ടനിലെത്തി.ആദ്യ വിമാനം ആർ.എക്സ് 401 റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 3:15 ന് പുറപ്പെട്ട് രാവിലെ 7:30 ന് ആണ് ലണ്ടൻ ഹീത്രോ വിമാനത്താവളത്തിൽ എത്തിയത്.
2030 ആകുമ്പോഴേക്കും 100ലധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് റിയാദിൽ നിന്ന് ആഗോള ശൃംഖല ആരംഭിക്കാനുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ദേശീയ വിമാനക്കമ്പനിക്ക് കീഴിലെ വിമാനത്തിന്റെ ആദ്യയാത്ര. സൗദി വ്യാമയാന യാത്രയിലെ ഒരു പുതിയ ചുവടുവെപ്പായാണ് ഇതിനെ വിലയിരുത്തുന്നത്. പൊതു നിക്ഷേപ ഫണ്ടിന് കീഴിലെ കമ്പനിയാണ് റിയാദ് എയർ. വ്യോമയാന, ലോജിസ്റ്റിക് സേവനങ്ങൾക്കുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഒക്ടോബർ 26 മുതൽ ലണ്ടൻ ഹീത്രോ വിമാനത്താവളത്തിലേക്ക് ദിവസേനയുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്നും അതിനുശേഷം താമസിയാതെ ദുബായിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്നും കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ബോയിംഗിൽ നിന്ന് ആദ്യത്തെ പുതിയ വിമാനം സ്വീകരിക്കുന്നതിന് മുമ്പ് പൂർണ്ണമായ പ്രവർത്തന സന്നദ്ധത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തന പരിപാടിയുടെ ഭാഗമായി ‘ജമീല’ എന്ന് പേരിട്ടിരിക്കുന്ന ഒരു സ്പെയർ ബോയിംഗ് 787-9 ഉപയോഗിച്ചാണ് വിമാനങ്ങൾ സർവീസ് നടത്തുന്നത്. ലോകോത്തര നിലവാരമുള്ള ഒരു വിമാനക്കമ്പനിയിലൂടെ സൗദിയെ ലോകവുമായി ബന്ധിപ്പിക്കുന്നതിലൂടെ വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള യാത്രയുടെ തുടക്കമാണ് റിയാദ് എയറിന്റെ ആദ്യയാത്രയെന്ന് റിയാദ് എയർ സി.ഇ.ഒ ടോണി ഡഗ്ലസ് പറഞ്ഞു. 2025 ലെ ശൈത്യകാല 2026 വേനൽക്കാല സീസണുകൾക്കുള്ള പുതിയ ലക്ഷ്യസ്ഥാനങ്ങൾ വരും ആഴ്ചകളിൽ കമ്പനി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദുബായ് പോലുള്ള പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള ഒരു മുന്നോടിയാണിതെന്നും സി.ഇ.ഒ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

