വിമാനങ്ങളുടെ സമയം പാലിച്ചുള്ള സർവിസിൽ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് മികച്ച നേട്ടം
text_fieldsറിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം
റിയാദ്: വിമാനങ്ങളുടെ സമയബന്ധിതമായിട്ടുള്ള പ്രവർത്തനത്തിന്റെ കാര്യത്തിൽ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം മികച്ച നേട്ടം കൈവരിച്ചു. സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയുടെ (ഗാക്ക) 2025 സെപ്റ്റംബറിലെ പ്രതിമാസ റിപ്പോർട്ട് പ്രകാരം പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ റിയാദ് വിമാനത്താവളം 87 ശതമാനം പാലന നിരക്കോടെ ഒന്നാംസ്ഥാനം നേടി.
യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി നിശ്ചിത സമയത്തിൽ നിന്ന് 15 മിനിറ്റിനുള്ളിൽ വിമാനങ്ങൾ പുറപ്പെടുകയോ എത്തിച്ചേരുകയോ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് അതോറിറ്റി ഈ റിപ്പോർട്ട് പുറത്തിറക്കിയത്. വിമാനത്താവളങ്ങളെ അഞ്ച് വിഭാഗങ്ങളായി തിരിച്ചിരുന്നു. പ്രതിവർഷം 1.5 കോടിയിലധികം യാത്രക്കാരുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം 87 ശതമാനം നിരക്കോടെ ഒന്നാം സ്ഥാനം നേടിയപ്പോൾ പ്രതിവർഷം 50 ലക്ഷം മുതൽ 1.5 കോടി യാത്രക്കാരുള്ള വിഭാഗത്തിൽ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം 90 ശതമാനം നിരക്കോടെ ഒന്നാമതെത്തി.
പ്രതിവർഷം 20 ലക്ഷം മുതൽ 50 ലക്ഷം യാത്രക്കാരുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ തബൂക്കിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം 91ശതമാനം നിരക്ക് രേഖപ്പെടുത്തി. പ്രതിവർഷം 20 ലക്ഷത്തിൽ താഴെ യാത്രക്കാരുള്ള വിഭാഗത്തിൽ അൽഉല അന്താരാഷ്ട്ര വിമാനത്താവളം 97 ശതമാനം നിരക്കോടെയും, ആഭ്യന്തര വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ അൽബഹയിലെ കിങ് സഊദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളം 100 ശതമാനം കൃത്യതാ നിരക്കോടെയും ഒന്നാം സ്ഥാനങ്ങൾ നേടി.
ദേശീയ വിമാനക്കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസ് വിമാനങ്ങൾ എത്തിച്ചേരുന്നതിൽ 89 ശതമാനവും പുറപ്പെടുന്നതിൽ 86 ശതമാനവും കൃത്യതാ നിരക്ക് കൈവരിച്ചു. ഫ്ലൈനാസ് എത്തിച്ചേരൽ 84 ശതമാനവും പുറപ്പെടൽ 85 ശതമാനവും ഫ്ലൈഅദീൽ എത്തിച്ചേരൽ 91ശതമാനവും പുറപ്പെടൽ 93 ശതമാനവും കൃത്യതാ നിരക്ക് പാലിച്ചതായി രേഖപ്പെടുത്തി. ആഭ്യന്തര വിമാന സർവീസുകളിൽ തബൂക്ക്-റിയാദ് വിമാനത്തിന് 95 ശതമാനം കൃത്യതാ നിരക്ക് ലഭിച്ചു. അന്താരാഷ്ട്ര റൂട്ടുകളിൽ റിയാദ്-ദോഹ വിമാനം 94 ശതമാനം കൃത്യതാ നിരക്കോടെ ഒന്നാമതെത്തി. സൗദി അറേബ്യയുടെ വ്യോമയാന മേഖലയുടെ കാര്യക്ഷമതയും മികച്ച സേവന നിലവാരവും ഈ റിപ്പോർട്ട് അടിവരയിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

