സൗദിയിൽ ഗ്രാമീണ ടൂറിസത്തിന് വൻ കുതിപ്പ്; അംഗീകാരമുള്ള ഫാമുകളുടെ എണ്ണം 450 ആയി ഉയർന്നു
text_fieldsസൗദിയിലെ വിവിധ ഭാഗങ്ങളിലെ ഗ്രാമീണ ടൂറിസം ഫാമുകളുടെ ദൃശ്യങ്ങൾ
യാംബു: സൗദി അറേബ്യയിൽ ആഭ്യന്തര വിനോദസഞ്ചാര മേഖലക്ക് പുതിയ ഉണർവേകി ഗ്രാമീണ വിനോദസഞ്ചാരം (റൂറൽ ടൂറിസം) അതിവേഗം കരുത്താർജിക്കുന്നു. നഗരജീവിതത്തിെൻറ തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയോടിണങ്ങി ജീവിക്കാനും, ഗ്രാമീണ സംസ്കാരവും തനത് ജീവിതരീതികളും നേരിട്ടറിയാനും സാധിക്കുന്ന തരത്തിലാണ് പദ്ധതികൾ വിഭാവനം ചെയ്യുന്നത്.
ഇതിെൻറ ഭാഗമായി രാജ്യത്ത് ഔദ്യോഗിക ലൈസൻസുള്ള ഗ്രാമീണ ടൂറിസം ഫാമുകളുടെ എണ്ണം 450 ആയി ഉയർന്നതായി കോപ്പറേറ്റീവ് അസോസിയേഷൻ ഫോർ അഗ്രികൾച്ചറൽ, റൂറൽ ആൻഡ് എൻവയോൺമെൻറൽ ടൂറിസം അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ മേഖലയിലേക്ക് വർദ്ധിച്ചുവരുന്ന നിക്ഷേപവും ദേശീയ ടൂറിസം ഭൂപടത്തിൽ ഗ്രാമീണ മേഖല കൈവരിക്കുന്ന മുന്നേറ്റവുമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
സമീപ വർഷങ്ങളിൽ രാജ്യത്തിെൻറ ആഭ്യന്തര ടൂറിസം രംഗത്ത് വലിയൊരു വിപ്ലവത്തിനാണ് ഗ്രാമീണ ടൂറിസം ഫാമുകൾ വഴിയൊരുക്കുന്നത്. പ്രകൃതിഭംഗി, പ്രാദേശിക ജനങ്ങളുടെ ജീവിതരീതികൾ, കാർഷിക നേട്ടങ്ങൾ, പ്രാദേശിക ഉത്സവങ്ങൾ എന്നിവ സഞ്ചാരികൾക്ക് നേരിട്ട് അനുഭവിച്ചറിയാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം.
ഇതിനായി രാജ്യത്തുടനീളമുള്ള കാർഷിക മേഖലകളുടെ സാധ്യതകളെക്കുറിച്ച് വിശദമായ പഠനങ്ങൾ നടന്നുവരികയാണ്. പ്രകൃതിയോട് ഇണങ്ങിനിന്നുള്ള ടൂറിസത്തിന് സഞ്ചാരികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ജനപ്രീതിയാണ് ഇത് അടിവരയിടുന്നത്. പ്രാദേശിക വിളകളും കാർഷിക ഉൽപ്പന്നങ്ങളുമായി ബന്ധപ്പെടുത്തിയുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ഗ്രാമീണ ടൂറിസത്തെ കൂടുതൽ സമ്പന്നമാക്കാൻ സാധിക്കുമെന്ന് അസോസിയേഷൻ ചെയർമാൻ റാഡി അൽ ഫാരിദി പ്രത്യാശ പ്രകടിപ്പിച്ചു. വിജയകരമായ ഗ്രാമീണ ടൂറിസം അനുഭവങ്ങൾ സന്ദർശകരെ കാർഷിക ജീവിതത്തിലേക്കും ഉൽപ്പാദന പ്രക്രിയകളിലേക്കും ആകർഷിക്കും. ഇത് പ്രാദേശിക ഉൽപ്പന്നങ്ങൾ ആസ്വദിക്കാനും അവ വാങ്ങാനുമുള്ള താൽപര്യം സഞ്ചാരികളിൽ വളർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യയുടെ പാരിസ്ഥിതികവും കാർഷികവുമായ വൈവിധ്യം വിളിച്ചോതുന്ന ഈന്തപ്പന തോട്ടങ്ങൾ, റോസ് ഫാമുകൾ, പ്രശസ്തമായ സൗദി കോഫി പ്ലാേൻറഷനുകൾ, വിവിധയിനം പഴത്തോട്ടങ്ങൾ, തേൻ ഫാമുകൾ എന്നിവയെല്ലാം സഞ്ചാരികൾക്ക് പുതുമയാർന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്.
ഈ മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ച സുസ്ഥിര ഗ്രാമവികസനത്തിന് കരുത്തുപകരുന്നതോടൊപ്പം, പ്രാദേശിക സംസ്കാരം, പരമ്പരാഗത കൃഷി, സമൂഹജീവിതം എന്നിവയെ അടുത്തറിയാനുള്ള മികച്ചൊരു കവാടമായി ഗ്രാമീണ ടൂറിസം ഫാമുകളെ മാറ്റുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

