കുളിരുപകരുന്ന ഹൈ ടെക് ഇഹ്റാം വസ്ത്ര; പദ്ധതിയുമായി സൗദി എയർലൈൻസ്
text_fields‘കൂളസ്റ്റ് ഇഹ്റാം’ വസ്ത്രം
റിയാദ്: ഹജ്ജ്, ഉംറ തീർഥാടകർക്ക് കനത്ത ചൂടിലും കുളിരു പകരുന്ന ഹൈ ടെക് ഇഹ്റാം വസ്ത്രം ഒരുക്കുന്ന പദ്ധതിയുമായി സൗദി എയർലൈൻസ് (സൗദിയ). ഇത്തരത്തിലുള്ള ആദ്യത്തെ ഹെടെക് ഇഹ്റാം വസ്ത്രം ‘കൂളസ്റ്റ് ഇഹ്റാം’ എന്ന പേരിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഹജ്ജ്, ഉംറ കർമങ്ങൾ നിർവഹിക്കുമ്പോൾ ശരീരം തണുപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത ലോകത്തെ ആദ്യത്തെ ഹൈടെക് വസ്ത്രമാണിത്. വേൾഡ് ക്രിയേറ്റിവ് ആൻഡ് ഇന്നവേഷൻ ദിനത്തോട് അനുബന്ധിച്ചാണ് ഇത് അവതരിപ്പിച്ചത്.
വസ്ത്ര സാങ്കേതിക വിദ്യയിലെ മുൻനിരയിലുള്ള ആഗോള കമ്പനിയായ ലാൻഡർ, യു.എസ് ആസ്ഥാനമായ കൂളിങ് ടെക്സ്റ്റൈൽ ലീഡർ കമ്പനിയായ ബി.ആർ.ആർ.ആർ എന്നിവയുമായി സഹകരിച്ചാണ് ഇത് വികസിപ്പിച്ചെടുത്തത്. ദുബൈയിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എ.ടി.എം) 2025ൽ ഇത് പ്രദർശിപ്പിക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കും ഇഹ്റാമിന്റെ ഇസ്ലാമിക തത്വങ്ങൾ പാലിച്ചാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്.
ചുറ്റുപാടുമുള്ള പരിസ്ഥിതിയെ ആശ്രയിച്ച് ചർമത്തിന്റെ താപനില 1-2 ഡിഗ്രി സെൽഷ്യസ് വരെ കുറക്കുന്നതിന് സഹായിക്കുന്ന കൂളിങ് ധാതുക്കൾ ഉപയോഗിച്ചാണ് ഈ വസ്ത്രത്തിന്റെ നിർമാണം. ഗവേഷണം നടത്തി കണ്ടെത്തി പേറ്റന്റ് നേടിയ ധാതു വസ്തുക്കളാണ് ഇവ. ചൂടിനെ ദ്രുതഗതിയിൽ ആഗിരണം ചെയ്യും. വേഗം ഉണക്കുന്ന സാങ്കേതിക സംവിധാനവും ഇതിൽ പ്രവർത്തിക്കുന്നു. ചൂടിൽനിന്നും സംരക്ഷിച്ച് തണുപ്പ് പ്രദാനം ചെയ്യുന്ന വസ്ത്രം തീർഥാടകർക്ക് സുഖകരമായ അവസ്ഥ സമ്മാനിക്കുന്നു.
ഈ ഹജ്ജ് സീസണിൽ ഈ വസ്ത്രം പുറത്തിറക്കും. 2030ഓടെ പ്രതിവർഷം 60 ലക്ഷം തീർഥാടകരെയും മൂന്ന് കോടി ഉംറ തീർഥാടകരെയും ഉൾക്കൊള്ളാൻ കഴിയുംവിധമുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള സൗദിയുടെ ശ്രമങ്ങൾക്ക് സൗദി എയർലൈൻസ് നൽകുന്ന പിന്തുണയുടെ ഭാഗമാണിത്. ഓരോ യാത്രക്കാരനും യാത്രാനുഭവം മെച്ചപ്പെടുത്തുക എന്നതാണ് ‘സൗദിയ’യുടെ തന്ത്രമെന്ന് സൗദി എയർലൈൻസ് മാർക്കറ്റിങ് വൈസ് പ്രസിഡന്റ് ഇസ്ലാം അഖുൻബായ് പറഞ്ഞു.
തീർഥാടകർക്ക് അവരുടെ യാത്രയിലുടനീളം ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സുഖസൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്ന ഏറ്റവും ഉയർന്ന നവീകരണ പ്രവർത്തനം നൽകുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ‘കൂളസ്റ്റ് ഇഹ്റാം’ പ്രതിഫലിപ്പിക്കുന്നതെന്നും അഖുൻബേ പറഞ്ഞു. ഈ ഉൽപ്പന്നം അന്താരാഷ്ട്രതലത്തിൽ സൗദി ബ്രാൻഡിന്റെ സ്ഥാനം വർധിപ്പിക്കാനും തീർഥാടകർക്ക് ജീവിതയാത്രയിൽ നല്ല മാറ്റമുണ്ടാക്കാനും അവസരമൊരുക്കുമെന്ന് ലാൻഡർ സ്ട്രാറ്റജി ആൻഡ് ക്രിയേറ്റിവിറ്റി ഗ്ലോബൽ ഡയറക്ടർ ലൂക്ക് സ്പൈസർ പറഞ്ഞു.
ലാൻഡറുമായും സൗദി അറേബ്യയുമായും സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ബി.ആർ.ആർ.ആർ സ്ഥാപകയും സി.ഇ.ഒയുമായ മേരി കാതറിൻ കോൾബ് പറഞ്ഞു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നിൽ തീർഥാടകരുടെ അനുഭവത്തിൽ ഈ ഉൽപന്നം ഉണ്ടാക്കുന്ന വ്യത്യാസത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഈ വർഷം ജൂണിൽ തീർഥാടകർക്ക് ‘കൂളസ്റ്റ് ഇഹ്റാം’ വസ്ത്രം ലഭ്യമാക്കും. കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും കോർബ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.