വിഡിയോ ഗെയിം വിപണിയിൽ ശക്തമായ വളർച്ച കൈവരിച്ച് സൗദി അറേബ്യ
text_fieldsവിഡിയോ ഗെയിമിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾ
അൽഖോബാർ: കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സൗദി അറേബ്യയിൽ വിഡിയോ ഗെയിം വിപണിയിൽ ശക്തമായ വളർച്ച. 2024, 2025 വർഷങ്ങളിൽ 24 ലക്ഷത്തിലധികം വിഡിയോ ഗെയിം കൺസോൾ യൂനിറ്റുകൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തു. 2024 ൽ 17 ലക്ഷം യൂനിറ്റുകൾക്ക് മേൽ ഇറക്കുമതി നടന്നപ്പോൾ 2025 ൽ ഇതുവരെ 6,84,489 യൂനിറ്റുകൾ ഇറക്കുമതി ചെയ്യപ്പെട്ടു.2024 ൽ ഇറക്കുമതി ഏറ്റവും കൂടുതൽ നടന്നത് ചൈന, ജപ്പാൻ, യു.എസ്.എ, ഹോങ്കോംഗ്, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നായിരുന്നു. 2025 ൽ ചൈന വീണ്ടും ഒന്നാം സ്ഥാനത്തെത്തി. തുടർന്നുള്ള സ്ഥാനങ്ങളിൽ യു.എസ്.എ, ജപ്പാൻ, വിയറ്റ്നാം, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ്.
സൗദി ഇന്റർനെറ്റ് റിപ്പോർട്ട് 2024 (കമ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമ്മിഷൻ) ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിൽ വലിയ പുരോഗതിയുണ്ടായതായി വ്യക്തമാക്കുന്നു. പ്രധാന വിഡിയോ ഗെയിമുകളിലെ പ്രതികരണ സമയം 88 ശതമാനം വർധിച്ചതായും റിപ്പോർട്ട് ചെയ്യുന്നു. ഉപയോഗ പ്രവണതകൾ സംബന്ധിച്ച ഡാറ്റയിൽ സ്മാർട്ട് ഡിവൈസുകൾ 24.2 ശതമാനവും പ്ലേസ്റ്റേഷൻ 23.8 ശതമാനവും ഉപയോഗം കണ്ടെത്തി.
സ്ത്രീകളിൽ സ്മാർട്ട് ഡിവൈസ് ഉപയോഗം 28.5 ശതമാനം എത്തിയപ്പോൾ പുരുഷന്മാരിൽ ഇത് 21 ശതമാനമായി. പ്ലേസ്റ്റേഷൻ ഉപകരണങ്ങളിൽ പുരുഷന്മാരിൽ 30.2 ശതമാനവും സ്ത്രീകളിൽ 15.1 ശതമാനവുമാണ്. 10 മുതൽ 19 വരെ വയസ്സുള്ളവരിൽ പ്ലേസ്റ്റേഷൻ ഉപയോഗം 54.8 ശതമാനമാണ്. ബാക്കിയുള്ളവരിൽ 20-29 വയസ്സിൽ 30.8 ശതമാനവും 30-39 വയസ്സിൽ 23.8 ശതമാനവും 40-49 വയസ്സിൽ 15.3 ശതമാനവും, 50-59 വയസ്സിൽ 8.7 ശതമാനവും, 60-74 വയസ്സിൽ അഞ്ചു ശതമാനവുമാണ്.
സ്മാർട്ട് ഡിവൈസുകളിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ഗെയിമുകളിൽ വൈറ്റൗട്ട് സർവൈവൽ (Whiteout Survival ) ഒന്നാം സ്ഥാനം നേടിയപ്പോൾ റോബ്ളോക്സ് (Roblox) രണ്ടാം സ്ഥാനവും സബ്വേ സർഫസ് (Subway Surfers) മൂന്നാം സ്ഥാനവും, പബ്ജി മൊബൈൽ (PUBG Mobile) നാലാം സ്ഥാനവും, ഗരീന ഫ്രീ ഫയർ (Garena Free Fire) അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. ഇത് രാജ്യത്തെ പ്രധാന ഇ-സ്പോർട്സ് ഇവന്റുകൾക്ക് മുൻനിര ഹോസ്റ്റിംഗായി മാറിയതിന്റെ സൂചനയാണ്.
സൗദി വിഷൻ 2030 ലക്ഷ്യങ്ങളുടെ ഭാഗമായി സമ്പദ്വ്യവസ്ഥ വൈവിധ്യമാക്കാനും ഡിജിറ്റൽ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനുമുള്ള നടപടികളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ജൂലൈ ഏഴിന് തുടങ്ങി ആഗസ്റ്റ് 24 വരെ റിയാദിൽ നടക്കുന്ന ഇ-സ്പോർട്സ് വേൾഡ് കപ്പ് സൗദി അറേബ്യയുടെ ഗ്ലോബൽ ഗെയിമിംഗ് ഹബ് എന്ന നിലയെ ഇത് ശക്തിപ്പെടുത്തുന്നു. 100-ത്തിലധികം രാജ്യങ്ങളിൽ നിന്നുള്ള 2,000-ലധികം കളിക്കാർ 70 ദശലക്ഷം ഡോളർ വിലമതിക്കുന്ന സമ്മാനങ്ങൾക്ക് വേണ്ടിയാണ് ഇ-സ്പോർട്സിൽ മത്സരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.