വിവിധ രാജ്യങ്ങളിലേക്ക് മാനുഷിക സഹായം സജീവമാക്കി സൗദി
text_fieldsകെ.എസ് റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സിറിയയിലെ അഭയാർഥികൾക്ക് ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തപ്പോൾ
യാംബു: വിവിധ രാജ്യങ്ങളിലേക്കുള്ള മാനുഷിക സഹായ പദ്ധതികൾ കൂടുതൽ സജീവമാക്കി സൗദി അറേബ്യ. വിവിധ രീതിയിൽ പ്രതിസന്ധികളിൽ അകപ്പെട്ട ചില പ്രദേശങ്ങളിലെ ആളുകൾക്കാണ് ആശ്വാസ പദ്ധതികൾ വ്യാപകമാക്കുന്നത്. സിറിയ, യമൻ, സുഡാൻ, പാകിസ്താൻ എന്നിവിടങ്ങളിലേക്കാണ് കിങ് സൽമാൻ സെന്റർ ഫോർ ഹ്യൂമാനിറ്റേറിയൻ റിലീഫ് സെന്ററിന്റെ (കെ.എസ് റിലീഫ്) ആഭിമുഖ്യത്തിൽ വിവിധ സഹായ പദ്ധതികൾ ഇപ്പോൾ വീണ്ടും ഊർജിതമാക്കുന്നത്.
സിറിയയിലെ ദാര പ്രദേശത്തെ കുടിയിറക്കപ്പെട്ട അഭയാർഥികളായ ആളുകൾക്ക് കെ.എസ്. റിലീഫ് ഏജൻസി 349 ഭക്ഷണക്കൊട്ടകൾ വിതരണം ചെയ്തു. സുഡാനിലെ പ്രതിസന്ധിയിലാക്കപ്പെട്ട കരാരി പ്രദേശത്തെ നിവാസികൾക്ക് 830 ഭക്ഷണക്കൊട്ടകളാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്. പാകിസ്താനിലെ വെള്ളപ്പൊക്കം ബാധിച്ച് പ്രതിസന്ധിയിലായ ആളുകൾക്ക് 2,680 ഭക്ഷണക്കൊട്ടകളും വിതരണം ചെയ്തതായും ഇതിലൂടെ 16,000 ത്തിലധികം ആളുകൾക്ക് പ്രയോജനം കിട്ടിയതായും കെ.എസ് റിലീഫ് വക്താവ് വ്യക്തമാക്കി.
യമനിലെ ഹുദൈദ മേഖലയിൽ കെ.എസ് റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജലവിതരണ, ശുചിത്വ പദ്ധതികൾ തുടരുകയാണ്. 15 ലക്ഷം ലിറ്റർ വെള്ളം പ്രദേശത്തേക്ക് പമ്പ് ചെയ്യാൻ വേണ്ട നടപടികൾ ഇതിനകം പൂർത്തിയാക്കി. കുടിയിറക്കപ്പെട്ടവർക്കുള്ള ക്യാമ്പുകളിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള വിവിധ പദ്ധതികൾക്കും സെന്റർ തുടക്കം കുറിച്ചിട്ടുണ്ട്. പ്രദേശത്തെ 16,170 വ്യക്തികൾക്ക് സൗദിയുടെ വിവിധ പദ്ധതികൾ വഴി പ്രയോജനം ലഭിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.