അൽഅഖ്സ പള്ളിക്കെതിരെ ഇസ്രായേലിെൻറ പ്രകോപന നടപടി; സൗദി അപലപിച്ചു
text_fieldsഅൽഅഖ്സ പള്ളി
യാംബു: അൽഅഖ്സ പള്ളിക്കെതിരെ ഇസ്രായേലിെൻറ പ്രകോപനപരമായ നടപടികളെ സൗദി അറേബ്യയും അറബ് ലീഗും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി)യും അപലപിച്ചു. ഇസ്രായേലി അധിനിവേശ ഉദ്യോഗസ്ഥരുടെ പ്രകോപനപരമായ നടപടികൾ മേഖലയിൽ സംഘർഷത്തിന് ഇന്ധനം പകരുന്നുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുകയും മേഖലയിലെ സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന ഇസ്രായേലി അധിനിവേശ ഉദ്യോഗസ്ഥരുടെ നടപടികൾ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് സൗദി നിരന്തരം ഊന്നിപ്പറയുന്നുവെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
അധിനിവേശ കിഴക്കൻ ജറൂസലമിലെ അൽഅഖ്സ പള്ളിയിലും വെസ്റ്റ് ബാങ്കിലുമാണ് കഴിഞ്ഞദിവസം ഇസ്രായേലികളുടെ അതിക്രമം നടന്നത്. ജൂതന്മാരുടെ വാർഷിക നോമ്പ് ദിനമായ ‘ടിഷാ ബിഅവി’െൻറ ഭാഗമായിട്ടാണ് ആയിരക്കണക്കിന് ആളുകൾ അൽഅഖ്സ പള്ളി മുറ്റത്തേക്ക് അതിക്രമിച്ചുകയറിയത്. തീവ്ര വലതുപക്ഷക്കാരനും ദേശീയ സുരക്ഷ മന്ത്രിയുമായ ഇറ്റാമർ ബെൻഗിവിറിെൻറ നേതൃത്വത്തിലാണ് പള്ളിയിലേക്ക് അതിക്രമിച്ചു കയറുകയും പ്രാർഥന നിർവഹിക്കുകയും ചെയ്തത്. ജൂതന്മാരുടെ മതപരമായ ആചാരങ്ങൾ ഇവിടെ നിരോധിച്ചിട്ടുണ്ടെങ്കിലും ഇസ്രായേലി പൊലീസ് അതിക്രമകാരികൾക്ക് എല്ലാവിധ സംരക്ഷണവും നൽകി.
ഇസ്ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലവും ഫലസ്തീൻ ദേശീയ സ്വത്വത്തിെൻറ പ്രതീകവുമാണ് അൽഅഖ്സ പള്ളി. ഇസ്രായേലിേൻറത് പ്രകോപനപരമായ പ്രവൃത്തിയാണെന്നും വിശുദ്ധ സ്ഥലത്തിെൻറ ചരിത്രപരവും നിയമപരവുമായ സ്ഥിതിയുടെ നഗ്നമായ ലംഘനമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. ഇസ്രായേൽ ഉദ്യോഗസ്ഥരുടെ ഇത്തരം ആവർത്തിച്ചുള്ള ലംഘനങ്ങൾ മേഖലയിൽ സംഘർഷങ്ങൾക്ക് കാരണമാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും അന്താരാഷ്ട്ര നിയമങ്ങളെയും മാനദണ്ഡങ്ങളെയും ലംഘിക്കുകയും ചെയ്യുന്ന പ്രവൃത്തികൾ നിർത്തലാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രാജ്യം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
അറബ് ലീഗും ഒ.ഐ.സിയും ആക്രമണത്തെ അപലപിച്ചുകൊണ്ട് പ്രത്യേക പ്രസ്താവനകൾ പുറപ്പെടുവിച്ചു. മുസ്ലിം വികാരങ്ങൾക്ക് നേരെയുള്ള ഗുരുതരമായ പ്രകോപനമാണെന്നും ജറുസലമിലെ ഇസ്ലാമിക പുണ്യസ്ഥലങ്ങളുടെ സംരക്ഷണത്തിെൻറ നഗ്നമായ ലംഘനമാണെന്നും പ്രസ്താവനയിൽ വിശേഷിപ്പിച്ചു. അത്തരം പ്രവർത്തനങ്ങൾ വ്യാപകമായ അസ്വസ്ഥതക്ക് കാരണമാകുമെന്നും സമാധാനത്തിനും സ്ഥിരതക്കും വേണ്ടിയുള്ള എല്ലാ ശ്രമങ്ങളെയും ദുർബലപ്പെടുത്തുമെന്നും ഇരു സംഘടനകളും മുന്നറിയിപ്പ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.