സൗദിയിൽ ഒരാഴ്ചക്കിടെ 14,206 വിദേശികളെ നാടുകടത്തി
text_fieldsഅൽഖോബാർ: കഴിഞ്ഞയാഴ്ച സൗദി അറേബ്യയിൽ 14,206 വിദേശികളെ നാടുകടത്തി. തൊഴിൽ, വിസ, അതിർത്തി സുരഷാനിയമങ്ങളുടെ ലംഘനത്തിന് നേരത്തെ അറസ്റ്റിലായതാണ് ഇവരെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. നവംബർ 13 മുതൽ 19 വരെയുള്ള കാലയളവിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 22,094 നിയമലംഘകരെ പുതുതായി പിടികൂടുകയും ചെയ്തിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സുരക്ഷാസേനകൾ നടത്തിയ റെയ്ഡുകളിലാണ് അറസ്റ്റ്. ഇതിൽ 13,750 താമസ (വിസ) നിയമ ലംഘനം നടത്തിയവരാണ്. 4,781 പേർ അതിർത്തിസുരക്ഷാ നിയമലംഘകരും 3,624 പേർ തൊഴിൽനിയമ ലംഘംകരുമാണ്.
മുമ്പ് പിടിലായതിൽ നാടുകടത്താൻ ബാക്കിയുള്ളതിൽ 21,856 പേരുടെ യാത്രാരേഖകൾക്കായി അതത് എംബസികളെ സമീപിച്ചിട്ടുണ്ട്. 4,555 പേർ ടിക്കറ്റ് ബുക്കിങ് നടപടികൾ പൂർത്തിയാകുന്ന ഘട്ടത്തിലാണ്. അനധികൃതമായി രാജ്യാതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,867 പേർ അറസ്റ്റിലായി. ഇവരിൽ 34 ശതമാനം യമനി പൗരന്മാരും 65 ശതമാനം ഇത്യോപ്യൻ പൗരന്മാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്.
അനധികൃതമായി രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 29 പേരും അറസ്റ്റിലായിട്ടുണ്ട്. നിയമ ലംഘകർക്ക് ഗതാഗതം, താമസം, തൊഴിൽ സൗകര്യങ്ങൾ നൽകി സഹായിച്ച 32 പേരും ഒരാഴ്ചക്കിടെ പിടിയിലായി. നിലവിൽ 28,469 പുരുഷന്മാരും 1,586 സ്ത്രീകളും ഉൾപ്പെടെ 30,055 പ്രവാസികൾക്കെതിരെ നിയമനടപടിക്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
രാജ്യത്തേക്ക് അനധികൃതമായി ആളുകളെ പ്രവേശിപ്പിക്കുന്നവർ, രാജ്യത്തിനുള്ളിൽ ഗതാഗത, താമസസൗകര്യങ്ങളൊരുക്കുന്നവർ, മറ്റ് സഹായങ്ങൾ നൽകുന്നവർ തുടങ്ങിയവർക്കെതിരെ പരമാവധി 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയും ശിക്ഷിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഗതാഗതത്തിനായി ഉപയോഗിച്ച വാഹനങ്ങളും താമസത്തിനായി ഉപയോഗിച്ച വീടുകളും കണ്ടുകെട്ടും. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 നമ്പറിലും, രാജ്യത്തിെൻറ മറ്റ് പ്രദേശങ്ങളിൽ 999, 996 നമ്പറുകളിലും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

