പാരമ്പര്യത്തിന്റെ വേരുകളും ആധുനികതയുടെ കാണ്ഡവും
text_fieldsസൗദി അറേബ്യയുടെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും ഓർമപുതുക്കലായാണ് ഫെബ്രുവരി 22 ന് സ്ഥാപകദിനം ആചരിക്കപ്പെടുന്നത്. 1727 ൽ ദറഇയ എന്ന പ്രദേശത്ത് സൗദിയെന്ന ആദ്യ രാഷ്ട്രം ഇമാം മുഹമ്മദ് ബിൻ സഊദിന്റെ നേതൃത്വത്തിൽ സ്ഥാപിതമായതിനെ അടിസ്ഥാനമാക്കിയാണ് ഈ ദിനാചരണം. ഈദ്, സൗദി ദേശീയദിനം തുടങ്ങിയ ഉത്സവങ്ങളോടൊപ്പം ഇപ്പോൾ സ്ഥാപകദിനവും സൗദിയിലെ പുതിയ ഉത്സവമായി മാറിയിരിക്കുന്നു. ഇന്ന് കാണുന്ന ആധുനിക സൗദിയായി ഏകീകരിക്കപ്പെട്ടതിന്റെ അനുസ്മരണമായാണ് സൗദി ദേശീയദിനം സെപ്റ്റംബർ 23ന് ആഘോഷിക്കുന്നത്.
രാജ്യത്തിന്റെ ദൃഢമായ അടിസ്ഥാനങ്ങളെ ആദരിക്കുകയും പൗരന്മാരും നേതൃത്വവും തമ്മിലുള്ള അഖണ്ഡബന്ധം വിശേഷിപ്പിക്കുകയും ഐക്യവും സ്ഥിരതയും സുരക്ഷയും ഉൾക്കൊള്ളുന്ന രാജ്യത്തിന്റെ നേട്ടങ്ങളെ ബഹുമാനിക്കുകയും ആദ്യ സൗദി രാജ്യത്തിന്റെ പ്രതിരോധശേഷിയെയും ദൃഢതയെയും അംഗീകരിക്കുകയും ചെയ്യുകയെന്നതൊക്കെയാണ് സ്ഥാപകദിനാഘോഷത്തിലൂടെ രാജ്യം ലക്ഷ്യംവെക്കുന്നത്.
ആദ്യത്തെ സൗദി രാഷ്ട്രത്തിന്റെ സംഭവങ്ങൾ വിവരിക്കുന്ന പുരാതന കൈയെഴുത്തുപ്രതികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്ഥാപകദിന ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. പതാക, ഈന്തപ്പന, മജ്ലിസ്, അറേബ്യൻ കുതിര, സൂഖ് എന്നീ അഞ്ചു ചിഹ്നങ്ങളും പദചിഹ്നങ്ങളും അടങ്ങിയതാണ് ലോഗോ.
ആധുനിക വികസനത്തിന്റെ പുതിയ ഉന്നതിയിലേക്ക് പോകുമ്പോഴും അവരുടെ പാരമ്പര്യ മൂല്യങ്ങളും പ്രതീകങ്ങളും സംരക്ഷിക്കാൻ ശ്രമിക്കുന്നു. വിജ്ഞാനോദയത്തിന്റെയും സാങ്കേതിക പുരോഗതിയുടെയും യുഗത്തിൽ, രാജ്യം അതിന്റെ വേരുകളോട് ബദ്ധമായി നിൽക്കുന്നു. ഇത് രാജ്യത്തിന്റെ ഐക്യത്തിനും വ്യക്തിത്വത്തിനും ശക്തി നൽകുന്നു. സൗദി വസ്ത്രരീതികൾ ജോലിസ്ഥലങ്ങളിലും ഔദ്യോഗികചടങ്ങുകളിലും പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. സൗദിയുടെ ദേശീയ പരമ്പരാഗത നൃത്തവും ജനപ്രിയ നാടൻകലകളും ഔദ്യോഗിക ചടങ്ങുകളിൽ ഉൾപ്പെടുത്താനും സർക്കാർ പ്രത്യേകം ശ്രദ്ധവെക്കുന്നുണ്ട്.
ദറഇയ്യ ഗേറ്റ് പദ്ധതി
‘വിഷൻ 2030’ന്റെ ഭാഗമായുള്ള നിരവധി പദ്ധതികളിലൂടെ ചരിത്രപൈതൃകവും സാംസ്കാരിക പരമ്പര്യവും സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധചെലുത്തുന്നുണ്ട്. രാജ്യത്തിന്റെ സമ്പന്നമായ ചരിത്രവും ആധുനിക വികസനവുമായുള്ള സമന്വയമാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യം. പ്രഥമ സൗദി രാജ്യത്തിന്റെ ആദ്യ തലസ്ഥാനമായ ദറഇയ സംരക്ഷിക്കാനുള്ള പ്രധാന പദ്ധതിയാണ് ദറഇയ്യ ഗേറ്റ്. ഈ പദ്ധതിയുടെ ഭാഗമായ അൽ തുറൈഫ് ഡിസ്ട്രിക്ട്, യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെട്ട സ്ഥലമായതിനാൽ, അതിന്റെ പൗരാണികസൗന്ദര്യം നിലനിർത്തുകയാണ് ലക്ഷ്യം. നജ്ദി വാസ്തുശിൽപം, പരമ്പരാഗത മാർഗങ്ങൾ, തദ്ദേശീയ ശൈലികൾ എന്നിവയെ പുനരുദ്ധാരണം ചെയ്തു ദറഇയ്യയെ സാംസ്കാരിക ടൂറിസം കേന്ദ്രമാക്കുക എന്നതാണ് ലക്ഷ്യം.
പൈതൃക സംരക്ഷണം
ലോകത്തിലെ ഏറ്റവും വലിയ മരുപ്പച്ചയായ (ഒയാസീസ്) അൽ അഹ്സ യുനെസ്കോ പട്ടികയിൽ ഉൾപ്പെടുത്തിയത് സർക്കാറിന്റെ പ്രധാന സംരക്ഷണ നേട്ടങ്ങളിലൊന്നാണ്. സൗദി പ്രാചീന ഗ്രാമങ്ങളും പഴയ കോട്ടകളും പരമ്പരാഗത തോട്ടങ്ങളും ടൂറിസത്തിനായി തുറന്നുകൊടുക്കുന്നു. റിജാൽ അൽമ ഗ്രാമം, ഉഷൈഖിർ പൈതൃക ഗ്രാമം തുടങ്ങിയവ സംരക്ഷിക്കാൻ സർക്കാർ പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ജിദ്ദ ചരിത്ര നഗരസംരക്ഷണ പദ്ധതിയുടെ കീഴിൽ യുനെസ്കോ പട്ടികയിൽ ഉൾപ്പെട്ട ‘അൽ ബലദ്’ സംരക്ഷിക്കാനും പഴയ ഹിജാസി വാസ്തുശിൽപം, പരമ്പരാഗത കെട്ടിടങ്ങൾ, മാർക്കറ്റുകൾ എന്നിവ പുനരുദ്ധരിച്ചു സാംസ്കാരിക പാരമ്പര്യം നിലനിർത്തുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കാനുമുള്ള പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് സൗദി ഗവണ്മന്റെ്.

ദ്രുത പരിവർത്തനം
സൗദി അറേബ്യ ഇപ്പോൾ ചരിത്രത്തിലെ ഏറ്റവും വേഗത്തിലുള്ള പരിവർത്തനത്തിന്റെ കാലഘട്ടത്തിലാണ്. ദുബൈ നഗരത്തിന്റെ പരിവർത്തനം പോലെയുള്ള മാറ്റങ്ങൾ സൗദി അറേബ്യ രാജ്യാടിസ്ഥാനത്തിൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്തുകൊണ്ടിരിക്കുകയാണ്. ദുബൈ ഈ പരിവർത്തനം നേടാൻ പല ദശകങ്ങൾ എടുത്തെങ്കിലും സൗദി അതിനെക്കാൾ വേഗത്തിലും വലുപ്പത്തിലും ലക്ഷ്യങ്ങൾ നേടുന്ന കാഴ്ചയാണ് കാണുന്നത്. ‘വിഷൻ 2030’ പദ്ധതിയുടെ കീഴിൽ, സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങൾ വ്യാപകമായി നടക്കുന്നു.
രാഷ്ട്രീയ ശക്തി
അടുത്തകാലത്ത് സൗദി അറേബ്യ ലോക രാഷ്ട്രീയത്തിൽ ശക്തമായ ഒരു സ്ഥാനം നേടിയിട്ടുണ്ട്. യമൻ, സിറിയ, ലെബനൻ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര അസ്ഥിരതകളിൽ സൗദി നയിക്കുന്ന സമാധാന ശ്രമങ്ങൾ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ജി.സി.സി രാജ്യങ്ങൾക്കിടയിലെ ഐക്യം ഉറപ്പിക്കുന്നതിലും സൗദി നിർണായക പങ്കുവഹിക്കുന്നു. സൗദി അറേബ്യ യു.എസ്-റഷ്യ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുമായി ഗൗരവമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇസ്രായേൽ-ഫലസ്തീൻ സംഘർഷം ട്രംപിന്റെ വരവോടെ പുതിയൊരു വഴിത്തിരിവിലേക്കെത്തി നിൽക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യ മറ്റു ജി.സി.സി, അറബ് രാജ്യങ്ങളുമായി ചേർന്ന് ഫലസ്തീനികൾക്ക് സുരക്ഷിതമായ ജീവനം ഉറപ്പാക്കുന്ന ഒരു പരിഹാരത്തിന് വഴിതെളിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.
ആഘോഷം പ്രവാസികളുടേതും
പ്രവാസികൾക്കും സൗദി അറേബ്യയുടെ പരമ്പരാഗത മൂല്യങ്ങളും ചരിത്ര പൈതൃകവും മനസ്സിലാക്കാനുള്ള അവസരമാണ് സ്ഥാപക, ദേശീയ ദിനങ്ങളിലെ ആഘോഷങ്ങൾ. വിവിധ നഗരങ്ങളിലായി സംഘടിപ്പിക്കുന്ന പൈതൃക പ്രദർശനങ്ങൾ, സൗദി പരമ്പരാഗത നൃത്തങ്ങൾ, കലാപരിപാടികൾ, ദേശീയ വസ്ത്രധാരണം, അറേബ്യൻ ഭക്ഷ്യമേളകൾ എന്നിവ പ്രവാസികൾക്ക് സൗദി സംസ്കാരവുമായി അടുപ്പം പുലർത്താൻ സഹായിക്കുന്നു.
സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും ഈ ആഘോഷങ്ങൾക്ക് പ്രവാസികളെ ഉൾപ്പെടുത്തുന്നതിനാൽ, അവർക്ക് പ്രാദേശികജനതയുമായി ആശയവിനിമയം നടത്താനും സൗദി അറേബ്യയുടെ വികസനത്തിലും സാമൂഹിക പ്രവർത്തനങ്ങളിലും പങ്കാളികളാകാനും അവസരം ലഭിക്കുന്നു.
കൂടാതെ, സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസി വ്യവസായികളും പ്രഫഷനലുകളും അവരുടെ പ്രസ്ഥാനങ്ങൾ വിപുലീകരിക്കാനുള്ള ബിസിനസ് നേട്ടങ്ങളും ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള ഇടവുമാണ് കണ്ടെത്തുന്നത്. ഇതിലൂടെ സൗദി ജനതയും പ്രവാസികളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്രാപിക്കുകയും പ്രവാസികൾക്ക് സാമൂഹികമായും സാമ്പത്തികമായും ഏറെ ഗുണകരമാവുകയും ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.