ഗസ്സയിൽ തുടരുന്ന ഇസ്രായേൽ ആക്രമണം; വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സൗദി ചർച്ച നടത്തി
text_fieldsസൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ
ജിദ്ദ: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യയും അക്രമണ പദ്ധതികളും അവസാനിപ്പിക്കാനുള്ള തിവ്രശ്രമത്തിന്റെ ഭാഗമായി സൗദി വിദേശ കാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും യൂറോപ്യൻ യൂനിയൻ വിദേശ നയ മേധാവിയുമായും ചർച്ച നടത്തി. ഗസ്സയിലെ സ്ഥിതിഗതികൾ അനുദിനം വഷളാകുന്ന സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യുന്നതിനാണ് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ, ജർമൻ വിദേശകാര്യ മന്ത്രി ജോൺ വഡെഫുൾ, ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബരോട്ട്, ഈജിപ്ത് വിദേശകാര്യ മന്ത്രി ബദ്ർ അബ്ദുൽ ആത്വി എന്നിവരുമായി സൗദി വിദേശകാര്യ മന്ത്രി ചർച്ച നടത്തിയത്.
ഗസ്സയിൽ സ്ഥിരമായ വെടി നിർത്തൽ ഉറപ്പാക്കുകയാണ് സൗദിയുടെ പ്രഥമ പരിഗണനയെന്നും അതിനായി വിവിധ മാർഗങ്ങളിലൂടെ ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. സുരക്ഷ, മാനുഷിക പ്രത്യാഘാതങ്ങൾ, യുദ്ധം അവസാനിപ്പിക്കാനും ഗസ്സ മുനമ്പിലെ മാനുഷിക ദുരിതങ്ങൾ അവസാനിപ്പിക്കാനുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങൾ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് സൗദി വിദേശകാര്യ മന്ത്രി ചർച്ച ചെയ്തു. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബരോട്ട്, യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി കാജ കല്ലാസ് എന്നിവരുമായി നടത്തിയ ചർച്ചയിൽ ഗസ്സയിലെ ജനങ്ങൾക്കെതിരായ ഇസ്രായേലിന്റെ അതിക്രമങ്ങളും പട്ടിണിയും അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത അമീർ ഫൈസൽ ഊന്നിപ്പറഞ്ഞു.
ഈജിപ്ത് വിദേശകാര്യ മന്ത്രി ബദ്ർ അബ്ദുൽ ആത്വിയുമായുള്ള സംഭാഷണത്തിനിടെ, തുടർച്ചയായ ഇസ്രായേലി ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതിന്റെയും പ്രദേശത്ത് വികസിച്ചു കൊണ്ടിരിക്കുന്ന മാനുഷിക ദുരന്തം അവസാനിപ്പിക്കേണ്ടതിന്റെയും അടിയന്തര ആവശ്യകത അമീർ ഫൈസൽ എടുത്തുകാണിച്ചു. ഗസ്സയിലെ വർധിച്ചുവരുന്ന പ്രതിസന്ധിയെക്കുറിച്ചുള്ള പ്രാദേശിക ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സൗദി വിദേശകാര്യ മന്ത്രിയുടെ ചർച്ച. ഗസ്സയിലെ സൈനിക അധിനിവേശം ഏകീകരിക്കാനുള്ള ഇസ്രായേലിന്റെ പ്രഖ്യാപിത ഉദ്ദേശ്യത്തെ സൗദി കഴിഞ്ഞ ദിവസം ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും ഫലസ്തീനികൾക്കെതിരായ ക്രൂരമായ നരഹത്യയുടേയും വംശീയ ഉന്മൂലനത്തിന്റെയും ഭാഗമായാണ് ഇസ്രായേൽ ആക്രമണത്തിന്റെ തുടർച്ചയെന്നും മന്ത്രി വിശേഷിപ്പിച്ചു.
ഇസ്രായേലിന്റെ വ്യവസ്ഥാപിതമായ കുടിയിറക്കൽ, മനുഷ്യത്വരഹിതമായ നയങ്ങൾ, യുദ്ധക്കുറ്റങ്ങൾ എന്നിവയെ സൗദി വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അപലപിച്ചു. ഇത്തരം നടപടികൾ മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തുകയും ശാശ്വത സമാധാനം കൈവരിക്കാനുള്ള ആഗോള ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് രാജ്യം മുന്നറിയിപ്പ് നൽകി. 2023 ഒക്ടോബർ ഏഴിന് ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തിന് ശേഷം 22-ാം മാസത്തിലേക്ക് കടക്കുമ്പോൾ ഗസ്സ നഗരത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രായേൽ അംഗീകാരം നൽകിയതിനെ തുടർന്ന് ആഗോളതലത്തിൽ തന്നെ ശക്തമായ പ്രതിഷേധം ഇതിനകം ഉയർന്നുവന്നിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.