പാസ്പോര്ട്ട് സേവനങ്ങൾക്ക് മുൻകൂർ ബുക്കിങ് ആവശ്യമില്ല
text_fieldsജിദ്ദ: ഇന്ത്യൻ കോണ്സുലേറ്റിന് കീഴിലുള്ള അബ്ഹ, യാംബു, തബുക്ക് എന്നിവിടങ്ങളിലെ വി.എഫ്.എസ് കേന്ദ്രങ്ങളിൽ പാസ്‌പോർട്ട് സേവനങ്ങൾ നൽകുന്നതിനുള്ള മുൻകൂർ അപ്പോയ്ന്റ്മെന്റ് സമ്പ്രദായം ഒഴിവാക്കിയതായി കോൺസുലേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു. ഇനി മുതൽ പാസ്‌പോർട്ട് സേവനങ്ങൾക്കായി അപേക്ഷകർക്ക് മേൽപ്പറഞ്ഞ വി.എഫ്.എസ് കേന്ദ്രങ്ങളെ നേരിട്ട് സമീപിക്കാവുന്നതാണ്. എന്നാൽ ജിദ്ദയിലെ ഹായിൽ സ്ട്രീറ്റിലുള്ള വി.എഫ്.എസ് കേന്ദ്രത്തിൽ നിലവിലുള്ള മുൻകൂർ അപ്പോയിന്റ്മെന്റ് അടിസ്ഥാനത്തിൽ തന്നെയായിരിക്കും സേവനങ്ങൾ. ഇവിടെ രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ സേവനങ്ങൾ നൽകുന്നത് തുടരും.
എന്നാൽ അടിയന്തരാവസ്ഥയുള്ള അവസരങ്ങളിൽ പാസ്‌പോർട്ട് അപേക്ഷകൾ മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുക്കാതെ തന്നെ ഞായർ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ വൈകീട്ട് മൂന്ന് മുതൽ അഞ്ച് വരെ ഈ കേന്ദ്രത്തിൽ സമർപ്പിക്കാവുന്നതാണ്. ജിദ്ദയിൽ മുഹമ്മദിയ ഡിസ്ട്രിക്ടിലെ വി.എഫ്.എസ് ബ്രാഞ്ച് ഒക്ടോബർ 15 വ്യാഴാഴ്ച മുതൽ പ്രവർത്തനം നിർത്തിവെക്കുന്നതായും കോൺസുലേറ്റ് അറിയിച്ചു.
സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കുന്നതിനുമുള്ള നടപടികൾ കോൺസുലേറ്റ് ഇനിയും തുടരുമെന്നും എന്നിരുന്നാലും, പുതിയ തീരുമാനത്തിന്റെ ഭാഗമായി വി.എഫ്.എസ് കേന്ദ്രങ്ങളിൽ പ്രതീക്ഷിക്കാത്ത തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ വീണ്ടും പഴയതു പോലെ മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുക്കുന്ന രീതിയിലേക്ക് മടങ്ങിയേക്കാമെന്നും കോൺസുലേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.