ലോകകപ്പിൽ നിർണായക പോരാട്ടത്തിനൊരുങ്ങി സൗദി അറേബ്യ; കേപ്പ് വെർദെയ്‌ക്കെതിരെ ആദ്യ വിജയമാണ് ലക്ഷ്യം
text_fieldsസൗദി ദേശീയ ടീം ഓസ്റ്റിനിൽ പരിശീലനത്തിൽ
റിയാദ്/ഓസ്റ്റിൻ: 2026-ലെ ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ കേപ്പ് വെർദെയെ നേരിടാൻ ഒരുങ്ങുന്ന സൗദി അറേബ്യൻ ദേശീയ ഫുട്ബാൾ ടീം പരിശീലനം ഊർജിതമാക്കി. ടൂർണമെൻറിലെ തങ്ങളുടെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് സൗദി പട അണിനിരക്കുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം ടെക്സാസിലെ ഓസ്റ്റിൻ നഗരത്തിലുള്ള ക്യു2 സ്റ്റേഡിയത്തിലായിരുന്നു ടീമിന്‍റെ പ്രധാന പരിശീലന സെഷൻ അരങ്ങേറിയത്. മുഖ്യ പരിശീലകൻ ജോർഗോസ് ഡോണിസിെൻറ കീഴിൽ കളിക്കാരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പരിശീലനം നൽകിയത്. സ്പെയിനിനെതിരെയുള്ള തൊട്ടുമുമ്പത്തെ മത്സരത്തിൽ ആദ്യ ഇലവനിൽ കളിച്ച താരങ്ങളെ ഉൾപ്പെടുത്തിയതായിരുന്നു ഒന്നാം ഗ്രൂപ്പ്.
മത്സരക്ഷീണം മാറ്റുന്നതിനായി ഇവർ ജിമ്മിലും ഗ്രൗണ്ടിലുമായി ശരീരക്ഷമത വീണ്ടെടുക്കാനുള്ള റിക്കവറി വ്യായാമങ്ങളിൽ മാത്രമാണ് ഏർപ്പെട്ടത്. മറ്റു കളിക്കാരടങ്ങുന്ന രണ്ടാമത്തെ ഗ്രൂപ്പ് ബുധനാഴ്ച വൈകുന്നേരമാണ് കൂടുതൽ കഠിനമായ പരിശീലനത്തിന് ഇറങ്ങിയത്. പന്ത് കൂടുതൽ സമയം കൈവശം വെക്കുന്നതിലുള്ള പരിശീലനമാണ് കോച്ച് ഇവർക്ക് പ്രധാനമായും നൽകിയത്. തുടർന്ന് വിവിധ തന്ത്രപരമായ നീക്കങ്ങളും, അതിനുശേഷം പകുതി ഗ്രൗണ്ട് കേന്ദ്രീകരിച്ചുള്ള ഒരു മത്സരവും ഇവർക്കായി സംഘടിപ്പിച്ചു.
അതേസമയം, കഴിഞ്ഞ മത്സരത്തിന് ശേഷം കാലിന് അനുഭവപ്പെട്ട വേദനയെ തുടർന്ന് ടീമിെൻറ മുൻനിര പ്രതിരോധ താരം ഹസ്സൻ തംബക്തി ഈ പരിശീലന സെഷനുകളിൽ പങ്കെടുത്തില്ല. മെഡിക്കൽ സംഘത്തിെൻറ കർശന മേൽനോട്ടത്തിൽ അദ്ദേഹം നിലവിൽ ചികിത്സയിൽ തുടരുകയാണ്. കേപ്പ് വെർദെയ്‌ക്കെതിരെയുള്ള നിർണായക മത്സരത്തിന് മുൻപ് താരം ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെൻറ്.
ബുധനാഴ്ച വൈകുന്നേരവും ഓസ്റ്റിനിലെ ക്യു2 സ്റ്റേഡിയത്തിൽ സൗദി ടീമിെൻറ നാലാമത്തെ പരിശീലന സെഷൻ നടന്നു. തന്ത്രങ്ങൾ ചോരാതിരിക്കാൻ മാധ്യമങ്ങൾക്കും ആരാധകർക്കും പ്രവേശനമില്ലാത്ത അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു ഈ പരിശീലനം ക്രമീകരിച്ചിരുന്നത്. ലോകകപ്പിലെ തങ്ങളുടെ മൂന്നാമത്തെ ഗ്രൂപ്പ് മത്സരത്തിനായി സൗദി ടീം വ്യാഴാഴ്ച വൈകുന്നേരം ടെക്സാസിലെ ഹൂസ്റ്റൺ നഗരത്തിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

