ഫലസ്തീൻ അഭയാർഥി ഏജൻസിക്ക് സൗദിയുടെ 20 ലക്ഷം ഡോളർ സഹായം
text_fieldsഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ അഭയാർഥി ദുരിതാശ്വാസ ഏജൻസി ആക്ടിങ് കമീഷണർ ജനറൽ ക്രിസ്റ്റ്യൻ സോണ്ടേഴ്സിന് ജോർഡനിലെ സൗദി അംബാസഡർ നായിഫ് ബിൻ ബന്ദർ അൽ സുദൈരി ചെക്ക് കൈമാറുന്നു
റിയാദ്: ഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ അഭയാർഥി ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനങ്ങൾക്കായി സൗദി അറേബ്യ 20 ലക്ഷം ഡോളർ ധനസഹായം നൽകി. ഏജൻസിയുടെ വാർഷിക ബജറ്റ് വിഹിതത്തിെൻറ ഭാഗമായാണ് ഈ തുക കൈമാറിയത്. ജോർഡനിലെ സൗദി അംബാസഡർ നായിഫ് ബിൻ ബന്ദർ അൽ സുദൈരി, യു.എൻ.ആർ.ഡബ്ല്യു.എ ആക്ടിങ് കമീഷണർ ജനറൽ ക്രിസ്റ്റ്യൻ സോണ്ടേഴ്സിന് ഇത് സംബന്ധിച്ച ചെക്ക് കൈമാറി.
മേഖലയിലെ ഫലസ്തീൻ അഭയാർഥികൾക്കായി യു.എൻ ഏജൻസി നടപ്പാക്കുന്ന മാനുഷിക സേവനങ്ങളെയും വിവിധ വികസന പദ്ധതികളെയും പിന്തുണക്കാൻ ഈ തുക വിനിയോഗിക്കും. ഫലസ്തീൻ ജനത നേരിടുന്ന കഠിനമായ സാഹചര്യങ്ങൾ കണക്കിലെടുത്ത്, അവർക്ക് ആവശ്യമായ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവനങ്ങൾ എന്നിവ തടസ്സമില്ലാതെ ലഭ്യമാക്കാൻ ഏജൻസിയെ പ്രാപ്തമാക്കുകയാണ് ഈ സഹായത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അംബാസഡർ വ്യക്തമാക്കി.
ഫലസ്തീൻ വിഷയത്തിൽ സൗദി അറേബ്യ പുലർത്തുന്ന പ്രതിബദ്ധതയുടെയും സാഹോദര്യത്തിെൻറയും അടയാളമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിൽ യു.എൻ.ആർ.ഡബ്ല്യു.എ നിർണായക പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലസ്തീൻ അഭയാർഥികളുടെ ക്ഷേമത്തിനായി സൗദി അറേബ്യ നൽകിവരുന്ന തുടർച്ചയായ പിന്തുണക്ക് ആക്ടിങ് കമീഷണർ ജനറൽ ക്രിസ്റ്റ്യൻ സോണ്ടേഴ്സ് നന്ദി അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഫലസ്തീൻ സഹായ രാഷ്ട്രങ്ങളിൽ ഒന്നായ സൗദിയുടെ ഈ നിലപാട് ഏജൻസിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ കരുത്താണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

