ഗസ്സയിലേക്കുള്ള സൗദിയുടെ 60ാമത് ദുരിതാശ്വാസ വിമാനം ഈജിപ്തിലെത്തി
text_fieldsഗസ്സയിലേക്കുള്ള സൗദിയുടെ 60 ാംമത് ദുരിതാശ്വാസ വിമാനം ഈജിപ്തിലെത്തിയപ്പോൾ
യാംബു: ഗസ്സയിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികളുമായി സൗദിയുടെ 60ാമത് സഹായ വിമാനം ഈജിപ്തിലെത്തി. ഈജിപ്തിലെ വടക്കൻ സിനായ് ഗവർണറേറ്റിലുള്ള അൽ അരിശ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ദുരിതാശ്വാസ വിമാനം കഴിഞ്ഞ ദിവസം ഇറങ്ങിയത്. സൗദി പ്രതിരോധ മന്ത്രാലയവുമായി ഏകോപിപ്പിച്ച് കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (കെ.എസ് റിലീഫ്) ആഭിമുഖ്യത്തിൽ അയച്ച വിമാനത്തിൽ ഗസ്സ മുനമ്പിലെ ദുരിതബാധിതരായ ഫലസ്തീൻ ജനതക്ക് എത്തിക്കുന്നതിനായി ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയടങ്ങുന്ന അടിയന്തിര ദുരിതാശ്വാസ വസ്തുക്കളാണ് ഉള്ളത്.
ഫലസ്തീനിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സൗദി തുടരുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് വിമാനം അയച്ചത്. റിയാദിൽ നിന്ന് പുറപ്പെട്ട വിമാനം അൽ അരിശ് വിമാനത്താവളത്തിലിറങ്ങി. ഇവിടെ നിന്ന് റഫ അതിർത്തി വഴി ഗസ്സയിലേക്ക് സഹായവസ്തുക്കൾ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.കടുത്ത ക്ഷാമം അനുഭവിക്കുന്ന ഗസ്സ മുനമ്പിലെ ഫലസ്തീൻ ജനതയുടെ ദുരിതവും പ്രയാസകരമായ ജീവിത സാഹചര്യങ്ങളും ലഘൂകരിക്കുന്നതിന് കെ.എസ്.റിലീഫ് വഴി സൗദി നൽകുന്ന തുടർച്ചയായ പിന്തുണയുടെ ഭാഗമാണ് കഴിഞ്ഞ ദിവസം അയച്ച ദുരിതാശ്വാസവിമാനമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
2023 ഒക്ടോബർ 7ന് ഗസ്സ മുനമ്പിന്റെ അതിർത്തിക്കടുത്തുള്ള ജനവാസ കേന്ദ്രങ്ങളിൽ ഹമാസ് നടത്തിയ പ്രതിരോധ ആക്രമണത്തിന് ഇസ്രായേലിന്റെ പ്രതികാര നടപടിയിൽ 62,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ അധികൃതർ പറഞ്ഞു.അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേലി ആക്രമണങ്ങളെ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ആവർത്തിച്ച് അപലപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.