എണ്ണ വിപണി വളരെ ശക്തമായ നിലയിൽ; അമേരിക്കൻ താരിഫ് വർധന കാര്യമായി ബാധിക്കില്ല –സൗദി അരാംകോ സി.ഇ.ഒ
text_fieldsസൗദി അരാംകോയുടെ സി.ഇ.ഒ അമീൻ നാസർ
റിയാദ്: എണ്ണ വിപണി നിലവിൽ വളരെ ശക്തമായ നിലയിലാണെന്ന് ദേശീയ പെട്രോളിയം കമ്പനിയായ സൗദി അരാംകോയുടെ സി.ഇ.ഒ അമീൻ നാസർ പറഞ്ഞു. വിപണിയുടെ അടിസ്ഥാന കാര്യങ്ങളും ശക്തമാണ്. ഈ വർഷം രണ്ടാം പകുതിയിൽ ആഗോളതലത്തിൽ എണ്ണയുടെ ആവശ്യം വർധിക്കുമെന്നും പ്രതിദിന ആവശ്യം 11 ലക്ഷം ബാരൽ മുതൽ 13 ലക്ഷം ബാരൽ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും അമീൻ നാസർ വ്യക്തമാക്കി.
ഇതോടെ ഈ വർഷത്തെ മൊത്തം എണ്ണ ആവശ്യകത പ്രതിദിനം 10.58 കോടി ബാരലായി ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള എണ്ണ ശേഖരണ നിലവാരം അഞ്ചു വർഷത്തെ ശരാശരിയേക്കാൾ താഴെയാണ്. എണ്ണ ആവശ്യകതയിൽ യു.എസ് നികുതികൾ പരിമിതമായ സ്വാധീനം മാത്രമേ ചെലുത്തുന്നുള്ളൂവെന്നും അമീൻ നാസർ അഭിപ്രായപ്പെട്ടു.
കൊറിയയിലും ജപ്പാനിലും നീല അമോണിയ സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. ചൈനയുൾപ്പെടെ നിരവധി ഇടപാടുകൾ അരാംകോയുടെ പരിഗണനയിലുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ പ്രതിവർഷം രണ്ട് കോടി ടൺ എൽ.എൻ.ജി ഉൽപാദന ശേഷി കൈവരിക്കാനാണ് അരാംകോ ലക്ഷ്യമിടുന്നതെന്നും അമീൻ നാസർ പറഞ്ഞു. കൃത്രിമബുദ്ധിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ ഊർജസ്രോതസ്സുകൾ, ഡിജിറ്റൽ നവീകരണം തുടങ്ങിയ വിവിധ സംരംഭങ്ങളിൽ ഞങ്ങൾ നിക്ഷേപം തുടരുന്നു. ദീർഘകാല വിജയത്തിനായി വൈവിധ്യമാർന്ന ബിസിനസ് സ്കോപ്, കുറഞ്ഞ ചെലവുകൾ, സാങ്കേതിക പുരോഗതി എന്നിവ പ്രയോജനപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അമീൻ നാസർ പറഞ്ഞു.
അതേസമയം, 2025ലെ രണ്ടാം പാദത്തിലെയും ആദ്യ പകുതിയിലെയും അരാംകോയുടെ ഫലങ്ങളെ സൗദി അരാംകോ പ്രസിഡൻറും സി.ഇ.ഒയും പ്രശംസിച്ചു. ശക്തമായ വരുമാനം, ഓഹരി ഉടമകൾക്ക് സ്ഥിരമായ ലാഭവിഹിതം, അച്ചടക്കമുള്ള മൂലധന വിഹിതം എന്നിവ നൽകിക്കൊണ്ട് സൗദി അരാംകോ വീണ്ടും അതിെൻറ പ്രതിരോധശേഷി പ്രകടമാക്കിയതായി അവർ പറഞ്ഞു. ചില ഭൗമരാഷ്ട്രീയ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും ആഭ്യന്തരമായും ആഗോളമായും ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അസാധാരണമാംവിധം വിശ്വസനീയമായ ഊർജം വിതരണം ചെയ്യുന്നത് ഞങ്ങൾ തുടരുന്നതായും അവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.